എന്റെ പ്രിയ സിനിമ–ബെന്നി പി. നായരമ്പലം (തിരക്കഥാകൃത്ത്)
ടേസ്റ്റ് ഓഫ് ചെറി (1997)
ഏറ്റവും പ്രിയപ്പെട്ട സിനിമയായി എന്റെ മനസ്സിലേക്കു വരുന്നത് അബ്ബാസ് കിയരോസ്റ്റമി സംവിധാനം ചെയ്ത ഇറാനിയൻ സിനിമ ‘ടേസ്റ്റ് ഒാഫ് ചെറി’ ആണ്. കാൻ ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം കിട്ടിയ ചലച്ചിത്രമാണിത്.
‘ടേസ്റ്റ് ഒാഫ് ചെറി’ ഒരു റിയലിസ്റ്റിക് മെസേജ് സിനിമയാണെന്നു പറയാം. ജീവിതം, മരണം, ആത്മഹത്യ തുടങ്ങിയവയെക്കുറിച്ചുള്ള ദാർശനിക ചിന്ത ഈ സിനിമ മുന്നോട്ടു വയ്ക്കുന്നു. അതിന്റെ ദാർശനികവും ആശയപരവുമായ തലമാണെന്നെ ആകർഷിച്ചത്. സിനിമയെ എന്റർടെയ്ൻമെന്റ് ആയി കാണുന്നവർക്ക് ഒരുപക്ഷേ, മന്ദഗതിയിൽ പോകുന്ന ഈ ചിത്രം വളരെ ഇഴഞ്ഞു നീങ്ങുന്നതായും ബോറടിപ്പിക്കുന്നതായും തോന്നിച്ചേക്കാം. പക്ഷേ, മറ്റൊരു തരത്തിൽ അതു മുന്നോട്ടു വയ്ക്കുന്ന ഫിലോസഫി നമ്മളെ ചിന്തയിലാഴ്ത്തുന്നതാണ്. ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
പൊടി പുരണ്ട തെരുവിലൂടെ കാറിൽ പോകുന്ന നായകൻ ബാദിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. മധ്യവയസ്സുള്ള, ശൂന്യവും അസ്വസ്ഥവുമായ മുഖവും ആരെയോ തിരയുന്ന കണ്ണുകളും ഉള്ള ബാദി (ഹൊമയൂണ്‍ ഇർഷാദി) ടെഹറാനിലെ പട്ടണ പരിസരത്തുകൂടി ഏകനായി തന്റെ റേഞ്ച് ഒാവർ കാറോടിച്ചു പോകുന്നു. തൊഴിലാളികൾ തിങ്ങി നിറഞ്ഞ വഴിയോരത്തെ ആളുകൾക്കിടയിൽ അയാൾ എന്തോ തിരയും പോലെ. എന്താണ് ബാദി തിരയുന്നതെന്ന് സിനിമ തുടങ്ങി അൽപം കഴിഞ്ഞേ മനസ്സിലാകൂ.
മരണം മോഹിക്കുന്ന നായകൻ
കൺസ്ട്രക്‌ഷൻ ജോലികളും മറ്റും നടക്കുന്ന വരണ്ട തരിശു ഭൂമിയിലൂടെയാണ് പിന്നീട് അയാളുെട സഞ്ചാരം. വഴിയിൽ താൻ കണ്ടു മുട്ടുന്നവരോട് സംസാരിക്കാൻ ബാദി ശ്രമിക്കുന്നുണ്ട്. ഒരു പൊലീസുകാരനെ പോലെ അവരോട് സ്വകാര്യ വിവരങ്ങൾ തിരക്കുന്നുണ്ട്. പലരും അയാളുെട ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞു മാറുന്നു. ആത്മഹത്യ ചെയ്യാൻ ഒരു സഹായിയെ തേടിയാണ് ബാദിയുടെ ഈ യാത്രയെന്നത് കുറച്ചു കഴിഞ്ഞാണ് നമുക്ക് മനസ്സിലാകുന്നത്.
ഒരു കുർദിഷ് പട്ടാളക്കാരനായ യുവാവ് കുറച്ച് നേരം അയാളുടെ കൂടെ കാറിൽ സഞ്ചരിക്കുന്നു. ‘നിങ്ങൾക്കു പണത്തിനു ബുദ്ധിമുട്ടുണ്ടോ? വലിയൊരു തുക ഞാൻ പ്രതിഫലമായി തരാം. ഞാൻ പറയുന്ന ജോലി നിർവഹിച്ചാൽ...’ ബാദി അയാളോടു പറയുന്നു. പൊടിയും മണ്ണും പാറുന്ന താഴ്‌വരകളിലൂടെയും മലമടക്കുകളിലൂടെയുമുള്ള യാത്രയിൽ മരുഭൂമി പോലെ വരണ്ട ദൃശ്യങ്ങളാണ് ചുറ്റും. ബാദിയുടെ മനസ്സിനെ സൂചിപ്പിക്കും പോലെ. മലയുടെ താഴ്‌വരയിൽ ബാദി തനിക്കായി ഒരു കുഴി ഒരുക്കിയിട്ടുണ്ട്. ഉറക്കഗുളികകൾ കഴിച്ചിട്ട് അവിടെ രാത്രി താൻ കിടക്കുമെന്നും പുലർകാലത്ത് അവിടെ വന്ന് തന്റെ േപര് രണ്ടു വട്ടം വിളിച്ചിട്ടും അനക്കമില്ലെങ്കിൽ മൺവെട്ടി കൊണ്ട് ഇരുപതു വട്ടം മണ്ണ് കോരിയിടണം എന്നും ഇതാണ് താൻ പറഞ്ഞ ‘ജോലി’ എന്നും യുവാവിനോട് ബാദി പറയുന്നു. കാരണം, ജീവിതം തുടരാൻ പറ്റാത്ത വിധം തനിക്കു മടുത്തിരിക്കുന്നു.
ബാദിയുടെ വിചിത്രമായ ഈ ആവശ്യം കേൾക്കുന്നതോടെ ആ യുവാവ് കാറിൽ നിന്നിറങ്ങി താഴ്‌വരയിലൂടെ ഒാടി രക്ഷപ്പെടുന്നു. ബാദി ആത്മഹത്യ ചെയ്യാൻ തീവ്രമായി ആഗ്രഹിക്കുന്നതായി കാണിക്കുന്നതല്ലാതെ എന്താണ് അയാളെ അതിലേക്കു തള്ളിയിടുന്ന കാരണം എന്ന് സിനിമയിൽ പരാമർശിക്കുന്നേയില്ല.
നിരാശനായി മലമടക്കിലൂടെ വാഹനമോടിക്കുന്ന അയാൾ ഒരു സിമന്റ് ഫാക്ടറിക്കു സമീപത്തെത്തുകയും അവിടുത്തെ ഏകാകിയായ കാവൽക്കാരനോട് സൗഹൃദമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ, തനിക്കൊപ്പം യാത്ര വരാനുള്ള ക്ഷണം കാവൽക്കാരൻ നിരസിക്കുന്നു.
കുറച്ച് മണ്ണ് താൻ അവസാനമായി ഉറങ്ങാൻ കിടക്കുന്ന കുഴിയിൽ തനിക്കു മേലെ കോരിയിടാൻ മാത്രമാണ് അയാളാവശ്യപ്പെടുന്നത്. പക്ഷേ, അങ്ങനെയൊരു സഹായം ചെയ്യാനാണ് ആരും തയ്യാറാവാത്തതും. നിരാശയോടെ പൊടി പാറുന്ന ആ വിജനമായ മലമടക്കിൽ തളർന്നിരിക്കെ ബാദി കാണുന്നുണ്ട്, കൂറ്റൻ യന്ത്രങ്ങൾ വന്ന് മലയടിവാരത്തിലേക്ക് മണ്ണിന്റെ കൂമ്പാരം കോരിയിടുന്നത്. സിമന്റ് ഫാക്ടറിയിൽ മണ്ണും കല്ലും വൻ കൂമ്പാരങ്ങളായി അമരുന്നത്. അയാളാ കാഴ്ചയിലേക്കു നോക്കി നിസ്സഹായനായി നിൽക്കുന്നുണ്ട്.
പിന്നെ തനിക്കൊപ്പം കാറിൽ കയറിയ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സെമിനാരി വിദ്യാർഥിയായ യുവാവിനോടും ബാദി തന്റെ അവസാനത്തെ ആവശ്യം പറയുന്നു. അയാൾ ഖുറാനിലെ വചനങ്ങൾ നിരത്തി ബാദിയെ പിൻതിരിപ്പിക്കാൻ ശ്രമിക്കുകയാണ്. പിന്നീട്, തന്റെ സഹയാത്രികനായെത്തുന്ന തുർക്കിക്കാരനായ വൃദ്ധനായ മ്യൂസിയം ജോലിക്കാരനോടും ബാദി തന്റെ വിചിത്രമായ ആവശ്യം പറയുന്നു. മകന്റെ ചികിൽസയ്ക്ക് പണമില്ലാതെ വിഷമിച്ചിരിക്കുന്ന വൃദ്ധൻ, പ്രതിഫലത്തിനായും ബാദിയുടെ നിസ്സഹായാവസ്ഥ കണ്ടും സഹായിക്കാമെന്നേൽക്കുകയാണ്. പക്ഷേ, ആ യാത്രയിൽ അയാൾ എല്ലാ തരത്തിലും ബാദിയെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നു. അയാൾ തന്റെ അനുഭവം പറയുന്നു. ‘‘ഒരിക്കൽ ഞാനും മരിക്കാനാശിച്ചിരുന്നതാണ്.’’ വൃദ്ധൻ പറയുന്നു.
ജീവിതം തിരികെ തന്ന മൾബെറി പഴങ്ങൾ
സിനിമയിെല ഏറ്റവും മനസ്സിൽ തൊടുന്ന രംഗം മ്യൂസിയം ജോലിക്കാരനായ വൃദ്ധൻ ബാദിയോട് സംസാരിക്കുന്ന ഈ സീനാണ്. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ കാരണം താൻ ആത്മഹത്യയ്ക്കു തുനിഞ്ഞ സംഭവം വൃദ്ധൻ വിവരിക്കുകയാണ്. അന്ന് അയാൾ രാത്രി ആത്മഹത്യ ചെയ്യാനായി മൾബെറി തോട്ടത്തിൽ പോയി. മൾബെറി മരത്തിൽ തൂങ്ങിമരിക്കാനായിരുന്നു. പക്ഷേ, അവിടെ ചെന്നപ്പോൾ തുടുത്തു പഴുത്ത മൾബെറിക്കായ കണ്ട് വല്ലാത്ത മോഹം തോന്നി ഒരെണ്ണമെടുത്തു ഭക്ഷിച്ചു. അതിന്റെ രുചി അങ്ങേയറ്റം ഹൃദ്യമായി തോന്നി. അയാൾ പിന്നെ കൊതിയോടെ അറിയാതെ കുറേയേറെ മൾബറി പഴം തിന്നു. അപ്പോഴേക്കും പുലരിയുടെ വെട്ടം ആകാശത്ത് വീണിരുന്നു. ദൂരെ വഴിയിലൂടെ സ്കൂളിലേക്കു പോകുന്ന കുട്ടികൾ അയാളെ കണ്ട് ഒാടി അടുത്തെത്തുകയും മരം കുലുക്കി പഴങ്ങൾ വീഴ്ത്തി തരാമോയെന്നു ചോദിക്കുകയും ചെയ്തു. അയാൾ മരം പിടിച്ചു കുലുക്കി. തുടുത്തു ചുവന്നു പാകമായ സുഗന്ധം തുളുമ്പുന്ന മൾബെറിക്കായകൾ അയാളുെട കാൽച്ചോട്ടിൽ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. കുറേ അയാൾ വീട്ടിലേക്കും െകാണ്ടുപോകാനായി എടുത്തു.
വീട്ടിൽ കൊണ്ടു പോയി കൊടുക്കവെ, ഭാര്യ അവ അതീവ രുചിയോടെ കഴിച്ചു. അങ്ങനെ വെറുമൊരു സാധാരണ മൾബെറി മരം, അതിന്റെ പഴങ്ങളുടെ മാധുര്യം അയാളുെട ജീവിതം തിരികെ തന്നു.
വൃദ്ധൻ പിന്നെയും ബാദിയോട് ചോദിക്കുന്നു.
‘‘നിങ്ങൾ രാവിലെ ഉണരുമ്പോൾ ആകാശത്തേക്കു നോക്കി നിൽക്കാറുണ്ടോ? പുലരിയിലെ സൂര്യനെ കാണാറുണ്ടോ?
മഞ്ഞയും ചുവപ്പും രാശിയുള്ള അസ്തമയ സൂര്യനെ? അതൊക്കെ ഇനിയും കാണണമെന്ന് മോഹമില്ലേ? ആകാശത്തെ ചന്ദ്രനെയും നക്ഷത്രക്കൂട്ടങ്ങളെയും അെതാക്കെ...? പൂർണ ചന്ദ്രൻ വിടർന്ന രാത്രിയെ?
വെള്ളച്ചാട്ടത്തിൽ നിന്ന് വെള്ളം കുടിക്കാനും അതിൽ മുഖം കഴുകാനും ഇനിയും ആശിക്കുന്നില്ലേ?’’
ഇങ്ങനെ പ്രകൃതിയിെല സുന്ദരമായ കാര്യങ്ങളെ കുറിച്ചെല്ലാം വൃദ്ധൻ ഒാർമിപ്പിക്കുന്നുണ്ട്. ‘‘എല്ലാ ഋതുക്കളിലും മരങ്ങളിൽ ഫലങ്ങളുണ്ടാകുന്നു. പ്രകൃതിയാണ് ഏറ്റവും നല്ല അമ്മ...’’ അയാൾ പറയുന്നു.
അയാളുടെ ആ വിവരണം ബാദിയെ ചിന്തിപ്പിക്കുന്നുണ്ടെങ്കിലും അയാളുെട കണ്ണുകളിലെ ശൂന്യത മാഞ്ഞു പോകുന്നില്ല. ജീവിതം ഒടുക്കാനുള്ള അയാളുടെ തീരുമാനത്തിനും മാറ്റമില്ല.
നാളെ രാവിലെ താൻ ഉണർന്നിട്ടില്ലെങ്കിൽ രണ്ടു വട്ടം വിളിക്കണം, എന്നിട്ടും മറുപടിയില്ലെങ്കിൽ തന്റെ കുഴിക്കു മേലേ മൺവെട്ടി കൊണ്ട് മണ്ണിട്ടു മൂടണം എന്ന് ഒരുവട്ടം കൂടി ബാദി വൃദ്ധനെ പറഞ്ഞേല്പ്പിക്കുന്നു. പക്ഷേ, വൃദ്ധൻ അപ്പോഴും പറയുന്നത് ‘ഞാൻ നാളെ രാവിലെ വിളിക്കുമ്പോൾ നിങ്ങൾ വിളി കേൾക്കും.. ഞാൻ നിങ്ങളെ കൈപിടിച്ചണീപ്പിക്കും’ എന്നാണ്.
‘‘ഇല്ലെങ്കിൽ?’’ ബാദി ചോദിക്കുന്നു.
‘‘ഇല്ലെങ്കിൽ ഞാൻ നിങ്ങളേൽപിച്ച ജോലി ചെയ്യും.. ’’ എന്ന് വൃദ്ധൻ ഉറപ്പു പറയുന്നു. എന്നാൽ വൃദ്ധൻ പണം വാങ്ങുന്നില്ല. ‘‘ജോലി ചെയ്തിട്ടേ ഞാൻ പ്രതിഫലം വാങ്ങൂ ’’ എന്നു പറഞ്ഞ് അയാൾ പിരിയുന്നു.
പിന്നീട് കുറച്ചു സഞ്ചരിച്ച ശേഷം ഒരു വീണ്ടു വിചാരം വന്ന പോലെ ബാദി ഭ്രാന്തമായി ആ വൃദ്ധനെ അന്വേഷിച്ചലയുന്നു. മ്യൂസിയം ഒാഫീസിൽ ചെന്ന് അയാളെ വീണ്ടും കാണുന്നു. ‘നാളെ രാവിെല വൃദ്ധൻ വിളിച്ചിട്ട് താൻ ഉണർന്നില്ലെങ്കിൽ രണ്ടു കല്ലുകൾ കൊണ്ട് തന്നെ എറിയണം, തന്റെ ചുമലിൽ പിടിച്ച് കുലുക്കണം.. ചിലപ്പോൾ താൻ വെറും ഉറക്കമായിരിക്കും... ജീവനോടെയാണെങ്കിലോ? അങ്ങനെ ഉറപ്പായും ചെയ്യണ’’ മെന്ന് കൂടി ഒടുവിൽ ബാദി വൃദ്ധനെ പറഞ്ഞേൽപ്പിക്കുന്നു.
ജീവിക്കാനുള്ള മോഹം ബാദിയിൽ വീണ്ടും തിരികെ വന്നെന്നാവാം ഇതു സൂചിപ്പിക്കുന്നത്. ബാദി മരണം തിരഞ്ഞെടുക്കുമോ എന്ന ആകാംക്ഷ പ്രേക്ഷകരെ പിന്തുടരുന്നു. ആ രാത്രിയുടെ അവസാനം രാത്രിയിൽ ബാദി കുഴിയിൽ വ്യാകുലമായ മുഖത്തോടെ കിടക്കുന്നതും ആകാശത്തെ കറുത്ത മേഘ ങ്ങൾക്കിടയിൽ മറയുന്ന പൂർണചന്ദ്രനെയും ആണ് നമ്മൾ കാണുന്നത്.
പിന്നീട് കട്ട് ചെയ്യുന്നത് സിനിമാ ഷൂട്ടിങ്ങിന്റെ യഥാർഥ ദൃശ്യങ്ങളിലേക്കാണ്. ക്യാമറാ ക്രൂവും ബാദിയായി അഭിനയിച്ച നടനും മറ്റ് അംഗങ്ങളുമൊക്കെ താഴ്‌വരയിലൂടെ നടക്കുന്ന ഷൂട്ടിങ് ദൃശ്യങ്ങളിലേക്ക്. ബാദി മരണം കാത്തു കിടക്കുന്നതു വരെ എത്തിച്ചിട്ട് പിന്നെ അതു പ്രേക്ഷകനു വിടുകയാണ് സംവിധായകൻ. അയാൾ മരിക്കുന്നിെല്ലന്ന് തന്നെയാണ് എനിക്കു തോന്നിയത്.
ചില ചോദ്യങ്ങൾ പ്രേക്ഷക മനസിൽ ബാക്കിയാവും. അയാൾ മരിച്ചോ? എന്തിനാണ് അയാൾ മരിക്കാൻ തീരുമാനിച്ചത്? ആത്മഹത്യ ചെയ്യാൻ അയാളെന്തിനാണ് ഈ വഴി മാത്രം തിരഞ്ഞെടുത്തത്? ഈ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരമില്ല സിനിമയിൽ. സാധാരണ ആത്മഹത്യയ്ക്കു തീരുമാനിച്ചവരെ പോലെ അയാൾ തകർന്ന നിലയിലോ കരഞ്ഞ മുഖത്തോടെയോ അല്ല കാണപ്പെടുന്നതും. സാധാരണ ഗതിയിലുള്ള സിംപതി ഈ നായകൻ നമ്മിൽ ഉണർത്തുന്നുമില്ല. തന്റെട പ്രശ്നങ്ങളെന്തെന്ന് വെളിപ്പെടുത്താത്ത ബാദിയെന്ന നായകനോട് നമുക്ക് അറ്റാച്ച്മെന്റ് തോന്നണമെന്നും ഇല്ല. ആത്മഹത്യയ്ക്ക് ധൈര്യം എത്രമാത്രം ആവശ്യമാണെന്ന തിരിച്ചറിവും ഉണരാം. പക്ഷേ, ഈ സിനിമ നമ്മെ ചിന്തിപ്പിക്കും. അസ്വസ്ഥമാക്കും. ‘ഏതു കഠിനമായ നിരാശയിലും ജീവിതം അവസാനിപ്പിച്ചു കളയരുതെന്നും ചെറിപ്പഴം പോലെ അതു നമുക്കായി മധുരം കാത്തു വച്ചിട്ടുണ്ടെന്നും’ പറയുന്ന വൃദ്ധകഥാപാത്രത്തിന്റെ വാക്കുകൾ നമ്മെ പിന്തുടരും. ∙