‘‘ഉറങ്ങുമ്പോൾ പുലർച്ചെ രണ്ടു മണിയൊക്കെയാവും. ചിലപ്പോൾ അതിലും വൈകും. ഈ പാതി രാത്രി എന്താ ചെയ്യുന്നതെന്നു ചോദിച്ചാൽ, സിനിമകാണൽ തന്നയാ പ്രധാന പണി.. രാത്രിയുടെ നിശബ്ദതയിൽ ഏകാന്തതിയിൽ സിനിമകണ്ടിരിക്കും. എന്റെ സിനിമകളിൽ 70 ശതമാനവും ഞാൻ തിയറ്ററിൽ കണ്ടിട്ടില്ല. കാണാൻ പറ്റിയിട്ടില്ല എന്നതാണു ശരി. സെറ്റുകളിൽ നിന്നു സെറ്റുകളിലേക്കുള്ള യാത്രകളായിരുന്നു. അന്നു കാണാതെ പോയതൊക്കെ കണ്ടു തീർക്കലാണ് ഇപ്പോഴത്തെ പ്രധാന ജോലി. കാരണം ഒാരോ സിനിമയും ഒരായിരം ഓർമകളാണ്.’’– നവതി പിന്നിട്ട, മലയാളത്തിന്റെ മഹാനടൻ മധു, തന്റെ ആരോഗ്യം, ജീവിതം, അനുഭവം –മനോരമ ആരോഗ്യത്തോടു പങ്കുവയ്ക്കുന്നു.
ഇഷ്ടങ്ങളാണു ശീലങ്ങൾ
വിദഗ്ധർ നിർദേശിക്കുന്ന സാധാരണ ആരോഗ്യശീലങ്ങളാണു നേരത്തേ ഉറങ്ങണം, രാവിലെ തന്നെ ഉണർന്നെണീക്കണം, വ്യായാമം ചെയ്യണം, ഭക്ഷണത്തിലെ ചിട്ടകൾ.. എന്നിവയൊക്കെ. എന്നാൽ ഇത്തരം ആരോഗ്യശീലങ്ങളോടു യോജിച്ചു പോകുന്നതല്ല മധുവിന്റെ ജീവിതശൈലി. എന്നിട്ടും ഇന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ ജീവിക്കുന്നതിന്റെ രഹസ്യമെന്താണെന്നു ചോദിച്ചാൽ, ‘‘അതിൽ രഹസ്യമായൊന്നുമില്ല, ഞാനതൊന്നും ശ്രദ്ധിക്കാറില്ല. ആവശ്യമില്ലാത്ത ടെൻഷനൊന്നുമില്ലാതെ മനസ്സുഖ
ത്തോടെ
ജീവിക്കുന്നു.. ഇഷ്ടമുള്ള ശീലങ്ങൾ മാത്രം തുടരുന്നു’’ – എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം.
എന്നാൽ ഒറ്റനോട്ടത്തിൽ ആരോഗ്യകരമല്ല എന്നു തോന്നിക്കുന്ന പല കാര്യങ്ങളിലും ചില ആരോഗ്യ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. വളരെ വൈകി ഉറങ്ങുമെങ്കിലും എട്ടുമണിക്കൂർ ഉറക്കം ഇപ്പോഴും തനിക്കു നിർബന്ധമാണെന്നു മധു പറയുന്നു. പലപ്പോഴും ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ഏറെ വൈകും. ഉച്ചയാകുന്ന ദിവസങ്ങളും കുറവല്ല. പ്രാതലിനു പകരം ബ്രഞ്ചാണ് കഴിക്കുക. ഈ ശീലം പുതിയതൊന്നുമല്ലെന്നു പറയുന്ന മധു, ഉറക്കശീലം രൂപപ്പെട്ട പിന്നാമ്പുറത്തേയ്ക്കു പോയി..
രാത്രിയുറക്കം, പോയ വഴികൾ
പഠിക്കുന്ന കാലം. നാടക പ്രവർത്തനങ്ങളിലൊക്കെ അന്നു സജീവമായിരുന്നു. റിഹേഴ്സലും നാടകാഭിനയവുമൊക്കെ പാതിരാത്രിയിലാണ്. വീടെത്തി ഉറങ്ങുമ്പോൾ പുലർച്ചയാവും. അതുകൊണ്ടുതന്നെ, ക്ലാസിലെത്താൻ വൈകും. വൈകിച്ചെല്ലുന്നതുകൊണ്ടുതന്നെ ആദ്യ പിരീഡുകൾ, മിക്കപ്പോഴും പുറത്തു നിൽക്കേണ്ടിവരും.
പിന്നീട് ഹിന്ദിയിൽ ബിരുദാനന്തരബിരുദം കഴിഞ്ഞു ഡൽഹിയിൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലെ അംഗമായി എത്തിയപ്പോഴും അവസ്ഥ മാറിയില്ല. അതുകഴിഞ്ഞ് നേരെ സിനിമയിലേക്കാണ്. സിനിമയിലേക്കെത്തിയപ്പോൾ അവസ്ഥ കൂടുതൽ രൂക്ഷമായെന്നു വേണം പറയാൻ. അഭിനയം മുഴുവൻ രാത്രിയാണ്. കാരണം സ്റ്റുഡിയോകളിൽ പകൽ സമയത്തെ ചിത്രീകരണത്തിനു നിരക്കു കൂടുതലാണ്. അതുകൊണ്ടുതന്നെ തമിഴ്,തെലുങ്ക് സിനിമകളാണ് പകൽ ഷൂട്ട് ചെയ്യുന്നത്. രാത്രി സമയത്തെ സ്റ്റുഡിയോറേറ്റ് കുറവായതുകൊണ്ട്, ഒട്ടുമിക്ക മലയാള സിനിമകളും രാത്രിഷൂട്ടു ചെയ്യും. അപ്പോൾ രാത്രി ഒട്ടും ഉറങ്ങാൻ പറ്റില്ല, മാത്രമല്ല പകൽ നന്നായി ഉറങ്ങിത്തീർത്തേ പറ്റൂ.. അതു കഴിഞ്ഞു സ്വന്തമായി സിനിമ ചെയ്യാൻ വേണ്ടിയാണു തിരുവനന്തപുരത്ത് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. അപ്പോൾ പകൽ ഷൂട്ടിങ്ങായി. പക്ഷേ നിർമാണവും സംവിധാനവുമൊക്കെ ഏറ്റെടുത്തതുകൊണ്ടു രാത്രിയിലാണ് സ്ക്രിപ്റ്റു വായനയും തിരുത്തും അടുത്ത ദിവസത്തെ ഷൂട്ടിനുള്ള തയാറെടുപ്പുമൊക്കെ..
ഇങ്ങനെയൊക്കെ ദീർഘകാലം ജീവിച്ചതുകൊണ്ടുതന്നെ, ഉറക്കത്തിന്റെ പാറ്റേൺ മാറിപ്പോയെന്നു പറയാം. പ ക്ഷേ ദിവസവും നന്നായിത്തന്നെ വേണ്ടത്ര സമയം ഉറങ്ങുന്നുണ്ട് എന്നു ഞാൻ ഉറപ്പു വരുത്തും.
വീഴാതിരിക്കലാണ് ആരോഗ്യം
നേരിയ തോതിൽ പ്രമേഹമുണ്ട്. ഒരൽപം ബിപിയും . ഈ പ്രായത്തിൽ അതൊക്കെ ഉണ്ടാവുക നോർമലാണല്ലോ... ആഹാരകാര്യത്തിലും ഇപ്പോഴും വലിയ ചിട്ടകളൊന്നുമില്ല. ഓട്സു മുതൽ നോൺവെജ് ഭക്ഷണങ്ങൾ വരെ കഴിക്കും. രാത്രിയിൽ ചോറ് കഴിക്കില്ല. അത്രയൊക്കെയേ ഉള്ളൂ..
കാൽ മുട്ടുകൾക്ക് അൽപം ബലക്കുറവുണ്ട്. അതു നിസാരമായി കാണാനാവില്ല. അതുകൊണ്ട് ഇപ്പോൾ വീടിനു പുറത്തു പോകാറില്ല. കാരണം വീണു പോകുമോ എന്ന പേടി തന്നെയാണ്. ഇനി, ഈ പ്രായത്തിൽ വീണാൽ, അതു ഗുരുതരാവസ്ഥ ഉണ്ടാക്കാം.. ചിലപ്പോൾ പിന്നീട് എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിലോ... എന്റെ കാര്യത്തിൽ മാത്രമല്ല, വാർധക്യത്തിൽ വീഴാതിരിക്കലാണു പൊതുവേ പ്രധാനം. അതുകൊണ്ടു അത്ര കരുതലോടെയാണ് ഓരോ ചുവടും വയ്ക്കുന്നത്. അങ്ങനെ യാത്രകൾ ഒഴിവാക്കേണ്ടിവന്നതിനാലാണ്, സനിമയിൽനിന്നു വിട്ടു നിൽക്കുന്നത്...
ഇപ്പോഴും പലരും അഭിനയിക്കാൻ വിളിക്കും. വായിക്കാൻ സ്ക്രിപ്റ്റും തരും. ഈ ആരോഗ്യാവസ്ഥയെ മറികടന്നു ഒരു സിനിമ ചെയ്യാനുള്ള ആവേശം തരുന്ന കഥാപാത്രങ്ങളൊന്നും കാണുന്നില്ല. അങ്ങനെയുള്ളതൊന്നു ഒത്തു വന്നാൽ, ചിലപ്പോൾ അഭിനയിച്ചെന്നും വരാം.
ടെൻഷനുകൾ കൊണ്ടു നടക്കില്ല
പിരിമുറുക്കമുണ്ടാക്കുന്ന സംഭവങ്ങൾ കാര്യമായെന്നും ഓർമ തന്നെയില്ല. എന്തു കാര്യവും, പരിഹരമുള്ളതാണെങ്കിൽ അപ്പപ്പോൾ തന്നെ പരിഹരിച്ചു പോവുകയാണു രീതി. പരിഹാരമില്ലാത്താണെങ്കിൽ വിട്ടുകളയും. എന്നാൽ മനസ്സിനെ കുറച്ചുകാലത്തേയ്ക്കെങ്കിലും അസ്വസ്ഥമാക്കിയ കാര്യമാണ് ഉമാ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട രാഷ്ട്രീ–തൊഴിലാളി പ്രശ്നങ്ങൾ. വീട്ടിൽ സഹായിയായി നിന്ന യുവാവിന്റെ തിരോധാനത്തെത്തുടർന്നു കള്ളക്കേസുണ്ടാക്കാനും അവർ ശ്രമിച്ചു. കുഗ്രാമമായിരുന്ന പുളിയറക്കോണത്ത് ആരംഭിച്ച ഉമാ സ്റ്റുഡിയോ പരിസരത്തേയ്ക്കു പിഡബ്ളിയുഡി റോഡു കൊണ്ടുവരാനും ബസ് സർവീസ് ആരംഭിക്കാനും കുറച്ചേറെ ഞാൻ കഷ്ടപ്പെട്ടു. ആ ബസിന്റെ പുറകിൽ തന്നെ അവർ എഴുതി വച്ചു–‘ഘാതകൻ മധുവിനെ അറസ്റ്റുചെയ്യുക’ എന്ന്.
കാണാതായ യുവാവ് കോഴിക്കോട് ഹോട്ടലിൽ ജോലിചെയ്യുന്നതായി വിവരം കിട്ടിയതിനെ തുടർന്നു പി.വി. ഗംഗാധരന്റെ സഹായത്തോടെ കണ്ടെത്തി പൊലീസിനെ ഏൽപ്പിച്ചതോടെയാണ് കള്ളക്കേസിൽ പെടുത്താനുള്ള ശ്രമം അവസാനിപ്പിച്ചത്. അന്നു പലരോടും ദേഷ്യം തോന്നിയിരുന്നുവെങ്കിലും ജോലിയോ മറ്റു പ്രവർത്തനങ്ങളേയോ ഒട്ടും ബാധിച്ചില്ല. പിന്നീടു സ്റ്റുഡിയോ സ്ഥലം ഒരു കമ്പനിക്കും ചാനൽ സ്റ്റുഡിയോയ്ക്കുമായി കൈമാറി–മധു പറഞ്ഞു.
മലയാളസിനിമയുടെ ഒരു മേൽവിലാസമായി മാറുമായിരുന്ന ഉമാ സ്റ്റുഡിയോ അങ്ങനെ ഇല്ലാതായി
ഏകാന്തതയുെട അപാര തീരം?
ഭാര്യ ജയലക്ഷ്മി മരിച്ചിട്ടു 10 വർഷം കഴിഞ്ഞിരിക്കുന്നു. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടു തോന്നിയിരുന്നു. വിവാഹശേഷം ഒരു കാലത്തും 24 മണിക്കൂറും ഒരുമിച്ചു തന്നെ ഉണ്ടായിരുന്ന സാഹചര്യങ്ങൾ ഇല്ലെന്നു വേണം പറയാൻ. സിനിമയുമായി ബന്ധപ്പെട്ടു കൂടുതലും അകന്നു ജീവിക്കുന്ന സാഹചര്യമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ അടുത്തില്ലല്ലോ എന്നൊരു തോന്നലില്ല.. ഉണ്ടെന്നും തോന്നുന്നില്ല. കിടന്നു പോയപ്പോൾ കുറച്ചേറെ വിഷമിച്ചിരുന്നു. അതുകൊണ്ടു തന്നെ മരണം അവൾക്കൊരു ആശ്വാസം തന്നെയായിരുന്നു എന്നാണു തോന്നിയത്.
മകൾ ഉമ വീടിനോടു ചേർന്നു തന്നെയാണു താമസം. ഏകാന്തത, അങ്ങനൊന്നു അനുഭവപ്പെടുന്നില്ല..കാണാനുള്ള സിനിമകൾ തന്നെ ഏറെയുണ്ട്, മൂന്നു പത്രം വരുന്നുണ്ട്. ഇന്നു ഇത്ര വൈകിയിട്ടും അതു വായിച്ചിട്ടില്ല. ഓരോ കോളുകൾ, ഗസ്റ്റുകൾ... തനിച്ചല്ല, തനിച്ചാണെന്ന തോന്നലുമില്ല.
സ്വപ്നം കണ്ട ജീവിതം
ഒരു ആഗ്രഹവും അവശേഷിക്കുന്നില്ല എന്നതു മനസ്സിനുണ്ടാക്കുന്ന ശാന്തിയും സമാധാനവും വലുതാണ്. വളരെ ചെറുപ്പത്തിലും പിന്നീടും സ്വപ്നം കണ്ട ജീവിതം, ആഗ്രഹങ്ങൾ.. എല്ലാം നേരത്തേ സഫലമായിപ്പോയി എന്നതുകൊണ്ടാവാം ഇപ്പോൾ ഒരാഗ്രഹവും ഇല്ലാത്തത്. ആഗ്രഹിച്ചു കിട്ടാതെ പോയത്, ചെയ്യാനാകാതെ പോയതു ഒന്നുമില്ലെന്നു തോന്നിയിട്ടുണ്ട്. പലതും ആഗ്രഹിക്കും മുൻപു തന്നെ എന്നെ തേടിയെത്തുമായിരുന്നു. ഇന്നും സമാധാനമായി നന്നായി ഉറങ്ങാൻ പറ്റുന്നു. ഉറക്കത്തിൽ നിറയെ നിറമുള്ള, സന്തോഷമുള്ള സ്വപ്നങ്ങളാണ്. ഉണരുമ്പോൾ അവ മറന്നു പോകും. അതുകൊണ്ടു മറ്റൊരാളോടു പറയാൻ പറ്റുന്നില്ല എന്നു മാത്രം.
ഞാനടക്കം എല്ലാ മനുഷ്യരും അവരവരുടെ ജീവിതസാഹചര്യങ്ങളുെട കൂടി ഉൽപന്നമാണ്. അതുകൊണ്ടുതന്നെ ഒരാളെയും ഇതാണു ജീവിതം സന്തോഷകരമാക്കാനുള്ള വഴിയെന്നു, ഉപദേശിക്കാൻ ഞാൻ ആളല്ല. അതു ശരിയുമല്ല.
ഇഷ്ടമുള്ള ജോലികൾ നിറഞ്ഞ മനസ്സോടെ ചെയ്യുന്നതാണ് എക്കാലവും എന്റെ സന്തോഷം. ആ സിനിമാജീവിതം തന്നെയാണ് എന്റെ സന്തോഷ ജീവിതം.. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ആ ജീവിതം ഞാൻ തുടരുകതന്നെയാണ് – അഭ്രപാളികളിലെ വെള്ളിനക്ഷത്രം– മധു, ലളിതമനോഹരമായ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
മധു ജീവിതരേഖ
തിരുവനന്തപുരം മേയറായിരുന്ന ആർ. പരമേശ്വരപിള്ളയുടെയും കമലമ്മയുടെയും മൂത്തമകനായി 1933 സെപ്‌റ്റംബർ 23നു കണ്ണമ്മൂലയിലാണ് പി. മാധവൻ നായർ എന്ന മധുവിന്റെ ജനനം. ഹിന്ദിയിൽ എംഎ നേടിയ ശേഷം
ഡൽഹിയിൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിൽ പഠിക്കവേയാണ് സിനിമയിലേക്കു വഴി തുറന്നത്. 1963 ൽ പുറത്തിറങ്ങിയ ‘നിണമണിഞ്ഞ കാൽപാടുകൾ’ ആണ് ആദ്യചിത്രം.
നാനൂറോളം സിനിമകളിൽ അഭിനയിച്ചു. 12 സിനിമകൾ സംവിധാനം ചെയ്യുകയും 14 സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനായി തലസ്ഥാനത്ത് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചു. 2004ൽ സംസ്‌ഥാന സർക്കാരിന്റെ പരമോന്നത സിനിമാ പുരസ്കാരമായ ജെ.സി.ദാനിയേൽ പുരസ്കാരം നേടിയ അദ്ദേഹത്തെ 2013 ൽ രാജ്യം ‘പത്മശ്രീ’ നൽകിയും ആദരിച്ചു. ഭാര്യ ജയലക്ഷ്മി, 2014 ൽ അന്തരിച്ചു. ‘കേരളത്തിലെ സിനിമയുെട സാമ്പത്തിക വശങ്ങൾ’ എന്ന വിഷയത്തിൽ പിഎച്ച്ഡി നേടിയ ഡോ.ഉമ ഏക മകളാണ്.