Wednesday 19 June 2024 02:36 PM IST

‘അമ്മയ്ക്കു മാനസിക പ്രശ്നമുണ്ടല്ലേ എന്നൊക്കെ പറഞ്ഞു പലരും കളിയാക്കി, അതു ട്രോമയായിരുന്നു’: വിജയ കൃഷ്ണന്റെ ജീവിതം, സ്വപ്നം

Delna Sathyaretna

Sub Editor

vijaya-krishnan ചിത്രം: റോബർട്ട് വിനോദ്

‘‘സിനിമയോടുള്ള ഇഷ്ടം കൊണ്ടു സിനിമയിലേക്ക് എത്തിയ ആളാണു ഞാൻ. ചെറുപ്പം തൊട്ടേ കലാരംഗത്തു സജീവമായിരുന്നു. എട്ടാം ക്ലാസ്സിൽ മലപ്പുറം ജില്ലാ കലോത്സവത്തി ൽ മിമിക്രിക്കു രണ്ടാം സ്ഥാനം കിട്ടി. അന്നതു വാർത്തയായിരുന്നു. പത്തിൽ പഠിക്കുമ്പോഴാണു സിനിമയിലേക്കുള്ള അവസരം വരുന്നത്. അത്ഭുതദ്വീപ് എന്ന സിനിമ വഴി.’’ ഹൃദയം, മാളികപ്പുറം, വേദ തുടങ്ങിയ സിനിമകളിലൂടെ ഇന്നു മലയാളിക്കു പരിചിതമായ മുഖമാണു വിജയകൃഷ്ണന്റേത്. വിജയകൃഷ്ണൻ വന്ന വഴിയെ കുറിച്ചും അഭിനയത്തോടുള്ള അടങ്ങാത്ത താ ൽപര്യത്തെ കുറിച്ചും സംസാരിക്കുന്നു.  

സിനിമ സന്തോഷം തരുന്ന ഇടമാണോ?

തീർച്ചയായും. തരുന്ന റോളുകളൊക്കെ പ റ്റാവുന്നത്ര നന്നായി ചെയ്യാൻ കഴിയുന്നതാണു സന്തോഷം. സിനിമയിൽ നിൽക്കുക എന്നതു തന്നെ വലിയൊരു കാര്യമായാണു  തോന്നുന്നത്. അവസരങ്ങൾ ദൈവാനുഗ്രഹത്താൽ വരുന്നു എങ്കിലും പ്രധാനപ്പെട്ട കഥാപാത്രമോ നമ്മൾ ആഗ്രഹിക്കുന്ന പോലൊരു റോളോ ഒന്നും വന്നിട്ടില്ല, അ തിലേക്ക് എത്തുന്നതേയുള്ളൂ.

എന്തൊക്കെ മാറ്റങ്ങളാണു സിനിമയിൽ ഉ ണ്ടായി കാണാൻ ആഗ്രഹിക്കുന്നത്?

ഞങ്ങളെ പോലുള്ളവരുടെ ശരീരത്തിനനുസരിച്ചു കിട്ടുന്ന കഥാപാത്രങ്ങളിൽ നിന്നു മാറി നായകനോ, വില്ലനോ ആയി ചിത്രീകരിക്കപ്പെടണമെന്ന് അത്യധികം ആഗ്രഹിക്കുന്നു. സോ കോൾഡ് നായികാ – നായ കൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന പ ല മാറ്റങ്ങൾ സിനിമയിൽ പ്രത്യേകിച്ചു തമിഴ് സിനിമയിൽ ധാരാളമുണ്ട്. ഒരാളുടെ ശരീരഘടനയ്ക്ക് അപ്പുറം അഭിനേതാവെന്ന നിലയിൽ കഴിവു തെളിയിക്കാനുള്ള അവസരങ്ങൾ ഉണ്ട്.

മലയാള സിനിമയിലും  സമൂഹത്തിലും അത്ത രം മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ?

സമൂഹത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. വ്യത്യാസങ്ങളെ ഉൾക്കൊള്ളുന്ന മാറ്റങ്ങൾ വരുന്നതു ശരിക്കു വലിയൊരു കാര്യമാണ്. ഇപ്പോഴും ശാരീരിക പരിമിതികൾ കാരണം വലയുന്ന ഒരുപാടു പേരെ എനിക്കറിയാം. മനസ്സിലെ പലതരം കോംപ്ലെക്സുകൾ അതിജീവിക്കാൻ പാടുപെടുന്നവർ.

പുറത്തിറങ്ങി ആളുകളോട് എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം എന്നൊക്കെയോർത്തു സ്വയം ചുരുങ്ങുന്നവരുണ്ട്. എന്നാൽ ഇന്നത്തെ സമൂഹം പല കൂട്ടായ്മകളിലൂടെയും വേദികളിലൂടെയും എല്ലാവരെയും ഉൾക്കൊള്ളാനും മുൻനിരയിലേക്കു എത്തിക്കാനും ശ്രമിക്കുന്നതു കാ ണാം. ചെറുതായിട്ടെങ്കിലും അത്തരം മാറ്റങ്ങൾ മലയാളസിനിമയിലും വരുന്നു. ഞാനടക്കമുള്ള ആളുകൾ ഇവിടെ പല പരിമിതികളും മറികടന്നു നിലനിൽക്കുന്നുണ്ട്.

പരിമിതികളെ സമൂഹം വേണ്ടവിധം പരിഗണിക്കുന്നില്ല എന്ന തോന്നലുണ്ടോ?

ഒരുപാട‌ു പൊരുതിയിട്ടാണു സിനിമയിലേക്ക് എത്തിപ്പെട്ടത്. എന്നാൽ ആ പൊരുതലുകൾ പോസിറ്റീവായി കാണാൻ ആഗ്ര  ഹിക്കുന്ന ആളാണു ഞാൻ. പിന്നെ, കിട്ടുന്ന നേട്ടങ്ങൾക്ക് ഇരട്ടി മധുരമാണ്. പൊരുതൽ എന്നു പറയുമ്പോൾ ഒരു സാധാരണ വ്യക്തി മൂന്നടി വയ്ക്കുന്നിടത്ത് എനിക്ക് ഒൻപതടി വയ്ക്കേണ്ടി വരുന്നു എന്നതു മുതൽ തുടങ്ങുന്നു കാര്യങ്ങൾ. ഇതൊക്കെ മറ്റുള്ളവർ എത്രകണ്ടു മനസ്സിലാക്കുന്നു എന്നറിയില്ല. ഒരാളെ പെട്ടെന്നു പോയി കാണൂ എന്നു പറഞ്ഞാൽ പോലും മനസ്സില്‍ ആധിയുണ്ട്. അത്രയും പടികൾ കയറി നടന്നെത്തണം, ഒറ്റയ്ക്ക് എല്ലായിടത്തും പോകാൻ സാമ്പത്തികമടക്കമുള്ള പരിമിതികളുണ്ട്.

vijaya-krishnan-4

സ്കൂളിലൊക്കെ നല്ല സപ്പോർട്ടായിരുന്നു. അതിപ്പോ അധ്യാപകരായാലും സീനിയേഴ്സാണെങ്കിലും ഒക്കെ. ക ലാകാരൻ എന്ന പരിഗണനയും സ്നേഹവും എപ്പോഴും കാണിച്ചിട്ടുണ്ട്. ശരീരത്തെപ്പറ്റിയുള്ള കളിയാക്കലുകൾ എനിക്കും ഉണ്ടായിട്ടുണ്ട്. അതൊന്നും എടുത്തു പറയാൻ ആഗ്രഹിക്കുന്നില്ല. ഞാനതൊന്നും പരാതിയായിട്ട് എടുത്തിട്ടില്ല. മുന്നോട്ടു പോകാനുള്ള ഊർജമായിരുന്നു അവ. എന്തൊക്കെ കുറവുകളുണ്ട്, എന്തൊക്കെ മറികടന്നു മുന്നോട്ട് പോയാലാണു വിജയത്തിലേക്കെത്തുക എന്നൊക്കെയാണു ഞാനതിൽ നിന്നു പഠിച്ചത്.

സ്വപ്നകഥാപാത്രങ്ങൾ ആയി കരുതുന്നവ?

സിനിമയിൽ മർമപ്രധാനമായ കഥാപാത്രങ്ങൾ ചെയ്യണമെന്നാണു മോഹം. ഇന്ന റോൾ എന്നു പറയാനാകില്ല. കഥയെ ആശ്രയിച്ചിരിക്കും അത്. ആക്‌ഷൻ ഹീറോ ബിജുവിൽ സുരാജ് ഏട്ടൻ ചെയ്ത കഥാപാത്രം ഒരുദാഹരണം. സിനിമ കണ്ടിറങ്ങിയാലും ദീർഘകാലം കാണികളുടെ മനസ്സിൽ അത്തരം അഭിനയ നിമിഷങ്ങൾ നിലനിൽക്കും.

മുഷ്ടിചുരുട്ടലിനപ്പുറം ആറ്റിറ്റ്യൂഡ് കൊണ്ട് വില്ലത്തരം കാണിക്കുന്ന വില്ലനാകണം എന്നാഗ്രഹമുണ്ട്. ‘പത്ര’ത്തി ൽ എൻ.എഫ്. വർഗീസ് ചേട്ടൻ ചെയ്തപോലെ, മാനറിസം കൊണ്ടു വില്ലത്തരം കാണിക്കുന്ന കഥാപാത്രം, അല്ലാതെ അടി ഇടിയൊന്നുമല്ല. ഹോളിവുഡിലെ പീറ്റർ ഡിൻക്‌ലേജ് വളരെയധികം സ്വാധീനിച്ച നടനാണ്.

വീട്ടിൽ നിന്നു നല്ല സപ്പോർട്ടായിരുന്നോ?

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ ബാലകൃഷ്ണ ൻ മരിച്ചു. 2019ല്‍ അമ്മ വിജയലക്ഷ്മിയും. അമ്മയായിരുന്നു ഏറ്റവും വലിയ പിന്തുണ. ഒരു പാവം വീട്ടമ്മയായിരുന്നു. പക്ഷേ, മരിക്കുന്നതിന് മുൻപ് ചില മാനസിക ബുദ്ധിമുട്ടുകൾ വന്നു. പെട്ടെന്ന് ദേഷ്യപ്പെടുക, ആളുകളുമായി വഴക്കുണ്ടാക്കുക അങ്ങനെ. ആ സമയത്തു പലരും അമ്മയ്ക്കു മാനസികപ്രശ്നമുണ്ടല്ലേ എന്നൊക്കെ പറഞ്ഞു ക ളിയാക്കിയിരുന്നു. അന്നതു വലിയൊരു ട്രോമയായിരുന്നു. ഇന്നാണെങ്കിൽ ഞാൻ അത്തരക്കാരെ നേരിടുക കുറച്ചൂ കൂടി പക്വമായിട്ടാകും.  

സുഖമില്ലാതായപ്പോൾ രണ്ടു വർഷം സിനിമ ചെയ്യാതെ അമ്മയ്ക്കൊപ്പം നിന്നു. അന്ന് അമ്മയോടു ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്. അസുഖം വന്നതോടെ മുൻപു കിട്ടാത്ത പരിഗണന വരെ പറഞ്ഞു കരയും. കുഞ്ഞാവ എന്നാണ് അന്ന് അമ്മയെ വിളിച്ചിരുന്നത്. ഞാൻ അച്ഛനായും അമ്മ മകളായും മാറിയൊരു കാലം. അമ്മയെ കുളിപ്പിക്കുക, ഉടുപ്പിടീപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി പലതും ചെയ്തു. പക്ഷേ, ദേഷ്യപ്പെട്ടതോർക്കുമ്പോൾ ഇന്നും  കരച്ചിൽ വരും.

അമ്മയുടെ മരണശേഷമാണു ഹൃദയം എന്ന സിനിമ വരുന്നത്. അച്ഛനും അമ്മയും അദൃശ്യശക്തികളായി ഒപ്പം നടക്കുന്നു എന്ന വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു. മലപ്പുറം പൂക്കോട്ടുംപാറയാണു സ്വദേശം. ചുറ്റും ബന്ധു ക്കളും സുഹൃത്തുക്കളുമുണ്ട്. നാട്ടുകാരും സിനിമാ സുഹൃത്തുക്കളുമൊക്കെയാണ് എന്റെ കരുത്ത്.

ഇതുവരെ ചെയ്തതിൽ പ്രിയപ്പെട്ടത്?

ഓരോ കഥാപാത്രവും വരുന്നതു സന്തോഷമാണ്. എന്നിരുന്നാലും ഹൃദയം സിനിമയിലെ കഥാപാത്രം മനസ്സിനോടടുത്തു നിൽക്കുന്നു. ആളുകൾ കൂടുതൽ തിരിച്ചറിഞ്ഞതും കൂടുതൽ കഥാപാത്രങ്ങള്‍ വന്നതും അതുവഴിയാണ്. നമുക്കു കോടതിയിൽ കാണാം, പ്രതിഭാ ട്യൂട്ടോറിയൽ, തേർഡ് മർഡർ, ഹാപ്പി ന്യൂ ഇയർ. ജോയി ഫുൾ എൻജോയി തുടങ്ങിയ സിനിമകളാണു വരാനിരിക്കുന്നത്.

അഭിനയമല്ലാത്ത മറ്റിഷ്ടങ്ങൾ എന്തൊക്കെയാണ് ?

അഭിനയം തന്നെയാണ് ആദ്യ ഇഷ്ടം. ചെറിയ രീതിയില്‍ എഴുത്തുണ്ട്. തിരക്കഥ എഴുതിക്കൂടേ എന്നു സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. അതും സംവിധാനവും ഏതെങ്കിലും ഒരു കാലത്തു ചെയ്യണം. പുസ്തകം എഴുതണം എന്നൊരാഗ്രഹവും മനസ്സിലുണ്ട്.  

മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ ചെയ്തിട്ട് എട്ടു വർഷത്തോളമായി. പരിമിതികൾക്കപ്പുറത്തേക്കു നിന്നു പല കഥാപാത്രങ്ങളും ചെയ്യാൻ സാധിച്ചു. പൊളിറ്റിക്കൽ കറക്ട്നസ് ഒക്കെ വരും മുൻപേ പലതരം റോളുകൾ വേദിയിൽ ചെയ്യാൻ സാധിച്ചു. വലിയ രീതിയിലുള്ള സിനിമാ ബന്ധങ്ങൾ ഉടലെടുക്കാനും ആർട്ടിസ്റ്റ് എന്ന മേൽവിലാസം ഉണ്ടാക്കി തന്നതും ആ പരിപാടിയാണ്.

സിദ്ധിഖ്, ലാൽ സാറിനെ പോലുള്ളവരിൽ നിന്നു വിലയേറിയ നിർദേശങ്ങൾ സ്വീകരിക്കാനും സാധിച്ചു. എന്നാലും തൽക്കാലം മിമിക്രിക്ക‌് അവധി കൊടുത്തിരിക്കുകയാണ്. മുഴുവൻ ശ്രദ്ധയും സിനിമയിൽ തന്നെ.