മിമിക്രി കലാകാരനും നടനുമായ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്ത സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ്സ് കുറഞ്ഞതിനെ തുടർന്ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മകൻ ഷേൻ നിഗം മലയാളത്തിൽ അറിയപ്പെടുന്ന യുവനടനാണ്.

ഹബീബ് മുഹമ്മദ് എന്നാണു അബിയുടെ യാഥാർഥ പേര്. കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും മിമിക്രി ആർട്ടിസ്റ്റായി പ്രവർത്തിച്ച അബി പിന്നീട് സിനിമയിലെത്തി. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ’തൃശ്ശിവപേരൂർ ക്ലിപ്ത’മാണ് അബി അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രം. ഭാര്യ സുനില. ഷേനിനെ കൂടാതെ അഹാന, അലീന എന്നിവർ മക്കളാണ്.