അച്ഛനെപ്പോലെ ഫാഷനിലും അൽപ സ്വൽപം കമ്പമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീശാന്തിന്റെ പ്രിയമകൾ സാൻവിക. റാമ്പിൽ സുന്ദരി മാലാഖയായെത്തിയ സാൻവികയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ മനം നിറയ്ക്കുന്നത്. ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ ശ്രീശാന്തിനെപ്പോലെ തന്നെ ആരാധകരോട് പങ്കുവയ്ക്കുന്ന ഭാര്യ ഭുവനേശ്വരിയാണ് ഈ ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
സ്കൂളിലെ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേയ്ക്ക് നടത്തിയ ഫാഷൻ ഷോയിൽ സാൻവിക സുന്ദരിക്കുട്ടിയായാണ് എത്തിയത്. നല്ല കലക്കൻ റെഡ് ഫ്രോക്കിൽ സുന്ദരിക്കുട്ടിയായെത്തി റാമ്പിൽ തകര്‍പ്പൻ പെർഫോമൻസാണ് സാൻവിക നടത്തിയത്. യാതൊരു സഭാക്കമ്പവുമില്ലാതെ നല്ല കൂൾ കൂളായാണ് കക്ഷി സ്റ്റേജിലെത്തിയത്. ഈ ഒരൊറ്റ വിഡിയോയിലൂടെ സാൻവികയ്ക്ക് ധാരാളം ആരാധകരേയും കിട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സാൻവികയുടെ അച്ഛനോടുള്ള സ്നേഹം തെളിയിക്കുന്ന ഒരു ചിത്രം ഭുവനേശ്വരി പോസ്റ്റ് ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയ മകൾക്ക് ശ്രീശാന്ത് തനിക്ക് ലഭിച്ച മെഡലുകൾ കൊടുത്തിരുന്നു. തിരികെ വീട്ടിലെത്തിയ മകൾ അച്ഛൻ കൊടുത്ത മെഡലും കഴുത്തിലണിഞ്ഞ് കിടന്നുറങ്ങുന്നതായിരുന്നു ചിത്രം. ശ്രീശാന്ത് നൽകിയ മെഡൽ ഊരിവെക്കാൻ സാൻവിക തയാറായില്ലെന്ന് ഭുവനേശ്വരി കുറിച്ചിരുന്നു.