കണ്ണു ചിമ്മി തുറക്കുന്ന വേഗത്തിൽ കൗണ്ടർ പായിക്കാന്‍ വിരുതനാണ് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിലേക്കെത്തുമ്പോഴും ആ കലാപരിപാടിക്ക് മാറ്റമൊന്നുമില്ല എന്നുള്ളതീണി സത്യം. കിടിലൻ തലവാചകങ്ങളും ഉഗ്രൻ കമന്റുകളും നൽകി പിഷു രംഗം കൈയ്യടക്കും. അത്തരമൊരു ചിത്രം സോഷ്യൽ മീഡിയയിൽ ചിരിവിതറിയ കഥയാണ് ഇനിപറയാൻ പോകുന്നത്.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തൊരു ചിത്രത്തിന് രമേശ് പിഷാരടി നൽകിയ അടിക്കുറിപ്പ് ഇങ്ങനെ– 'കൈയും കെട്ടി നോക്കി നിക്കാനേ എന്നെ കൊണ്ട് ആയുള്ളു'! കൂട്ടുകാർക്കൊപ്പം ഫോട്ടോ എടുത്തപ്പോൾ ചുമ്മാ കയ്യും കെട്ടി നിന്നു പോസ് ചെയ്തതിനെ ഇതിലും രസകരമായി എങ്ങനെ വിവരിക്കും എന്നാണ് ആരാധകരുടെ പ്രതികരണം. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന പഴയൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോൾ രമേശ് പിഷാരടി നൽകിയ ക്യാപ്ഷൻ കണ്ട് ആരാധകർ കുറിച്ചു, 'ക്യാപ്ഷൻ സിംഹമേ!'
അന്നു കയ്യും കെട്ടി നോക്കി നിന്നാലെന്താ ഇന്നു എല്ലാവരുടെയും കയ്യടി വാങ്ങുന്നില്ലേ' എന്ന് മറ്റൊരു ആരാധകന്‍. ഗംഭീരന്‍ ക്യാപ്ഷന്‍ ഇടാനുള്ള കോഴ്‌സ് വല്ലതും രമേശ് പിഷാരടി നടത്തുന്നുണ്ടോ എന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ഫോട്ടോയ്ക്ക് കിട്ടുന്നത്.
അതിനിടയിൽ, ജോജു അഭിനയിച്ച ജോസഫ് എന്ന ചിത്രത്തിലെ ഡയലോഗെടുത്തു പ്രയോഗിക്കാനും ചിലർ മറന്നില്ല. എന്തെങ്കിലും ഒളിക്കാനുള്ളവരാണ് കയ്യും കെട്ടി നിൽക്കുക എന്ന രസകരമായ നിരീക്ഷണമായിരുന്നു അത്. കയ്യും കെട്ടി നിൽക്കുന്നത് കള്ളലക്ഷണമാണെന്നും മറ്റു ചിലർ കുറിച്ചു. ജോസഫ് എന്ന ഹാഷ്ടാഗ് ഇട്ടുകൊണ്ടാണ് ആരാധകർ പിഷാരടിയെ ജോസഫ് എന്ന സിനിമയുമായി ബന്ധിപ്പിച്ചത്. എന്തായാലും പിഷാരടി എപ്പോഴും 'നിഷ്കു പിഷു' തന്നെയെന്നാണ് ആരാധകരുടെ പക്ഷം.