മലയാളത്തിൽ നായികയായും അവതാരകയായുമെല്ലാം തിളങ്ങിയ നടിയാണ് നൈല ഉഷ. ദുബായിൽ സ്ഥിരതാമസമാക്കിയ താരം ഫെയ്‌സ്ബുക്കിൽ പങ്കുവച്ച സന്തോഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 15 വർഷം കാത്തിരുന്നു കിട്ടിയ ഭാഗ്യത്തെ കുറിച്ചാണ് നൈല ഉഷയുടെ കുറിപ്പ്.
"യുഎഇയില്‍ താമസിച്ചിട്ടുള്ള ഏതൊരാളോടും ചോദിച്ചു നോക്കൂ, ശൈഖ് മുഹമ്മദിനെ ഒരു തവണയെങ്കിലും സന്ദര്‍ശിക്കണമെന്നത് അവരുടെ സ്വപ്നമായിരിക്കും. എനിക്ക് 15 വര്‍ഷം കാത്തിരുന്നതിനു ശേഷമാണ് ആ സുവർണ്ണാവസരം ലഭിച്ചത്. അദ്ദേഹത്തെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്. ഈ രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കും ശൈഖ് മുഹമ്മദിന് നന്ദി അറിയിക്കുന്നു." – നൈല ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഇഫ്താർ സൽക്കാരത്തിനിടെയാണ് ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാനും സംസാരിക്കാനും നൈല ഉഷയ്ക്ക് അവസരം ലഭിച്ചത്. ശൈഖ് മുഹമ്മദിനൊപ്പമുള്ള ഇഫ്താറില്‍ പങ്കെടുക്കാന്‍ സഹായിച്ചതിന് ദുബായ് മീഡിയ ഓഫിസിനും നൈല കുറിപ്പിലൂടെ നന്ദി അറിയിച്ചു. ദുബായില്‍ റേഡിയോ ജോക്കിയായിരുന്നു നൈല ഉഷ.