ADVERTISEMENT

‘ലത ഭഗവാൻ കരെ’ ഒരു മറാത്തി സിനിമയാണ്. നവീന്‍ ദേശ്ബൈന സംവിധാനം ചെയ്ത ബയോപിക്. 67–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഈ ‘കുഞ്ഞു വലിയ’ ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു.

ഒരു സാധാരണ വീട്ടമ്മയുടെ അസാധാരണ പോരാട്ടത്തിന്റെ ദൃശ്യകാവ്യമാണ് ‘ലത ഭഗവാൻ കരെ’. ഭര്‍ത്താവിന്റെ ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍, അറുപതാം വയസ്സിൽ മാരത്തണ്‍ ഒാടി ജയിച്ച ലത ഭഗവാന്‍ കരെയുടെ ജീവിതം പകർത്തിയ സിനിമ. സ്വന്തം ജീവിതം ബിഗ് സ്ക്രീനിലേക്കെത്തിയപ്പോൾ, ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയതും ലതയാണ്. ഡൽഹിയിൽ നടന്ന ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണച്ചടങ്ങില്‍ ചിത്രത്തിനു വേണ്ടി അവാർഡ് വാങ്ങാനെത്തിയ ലതൈ നിറഞ്ഞ കയ്യടികോളെയാണ് സദസ്സ് വരവേറ്റത്. ആ കരഘോഷം പൊരുതുന്ന ഓരോ മനുഷ്യർക്കുമായി ലത സ്വന്തമാക്കിയതാണ്.

ഭര്‍ത്താവിന്റെ ഹൃദയത്തിന് തകരാർ. മകന് സ്ഥിരവരുമാനമില്ല. പണമില്ലാത്തതുകൊണ്ട് ഭര്‍ത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട സ്കാനിങ് പല തവണ മാറ്റിവച്ചു. ദാരിദ്ര്യത്താൽ വലയുകയാണ്. മാരത്തണില്‍ ജയിച്ചാല്‍ 5000 രൂപ കിട്ടുമെന്ന് കൂട്ടുകാരി പറഞ്ഞതറിഞ്ഞാണ്സ, 2014ല്‍, ലത തന്റെ ആദ്യ മത്സരത്തിനെത്തിയത്. സംഘാടകർ അവരെ മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. മല്‍സരത്തില്‍ മൂന്നു കിലോ മീറ്റര്‍ ഒാടി ലത ഒന്നാമതെത്തി. ഒാട്ടത്തിനിടയില്‍ തന്റെ പഴകിയ ചെരുപ്പ് പൊട്ടിയത് വലിച്ചെറിഞ്ഞ് നഗ്നപാദയായാണ് അവർ ഫിനിഷിങ് പോയിന്റിലെത്തിയത്. തുടർന്നും പല മാരത്തണുകളിലും പങ്കെടുത്ത് ലത ഭർത്താവിന്റെ ചികില്‍സയ്ക്ക് പണം കണ്ടെത്തിക്കൊണ്ടിരുന്നു. സ്പോര്‍ട്സ് വുമണ്‍ ഒാഫ് ദി ഇയര്‍ അവാര്‍ഡിന്റെ ഭാഗമായ ‌ലതയെക്കുറിച്ചുള്ള ഒരു വാർത്ത കണ്ടാണ് നവീന്‍ ദേശ്ബൈന അവരുടെ ജീവിതം സിനിമയാക്കാനുള്ള തീരുമാനത്തിലെത്തിയത്. ആദ്യം ഡോക്യുമെന്‍ററി ചെയ്യാനായിരുന്നു പരിപാടിയെങ്കിലും പിന്നീടത് ബിഗ് സ്ക്രീനിലേക്ക് മാറി.

‌ലതയും ഭര്‍ത്താവും അടക്കം യഥാർഥ ജീവിതത്തിലെ മനുഷ്യരാണ് ചിത്രത്തിലെ അഭിനേതാക്കൾ. തെലുഗുവിലും ഹിന്ദിയിലും ഉടന്‍ ചിത്രമെത്തും.

ലത ഒരു പ്രതീകമാണ്. പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ പ്രതീകം...ഇനിയുമിനിയും ആ ജീവിതം ഓരോ മനുഷ്യരെയും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും.

ADVERTISEMENT
ADVERTISEMENT