വലംകാൽ വച്ച് കോട്ടയത്തിന്റെ മരുമകളായി സീമ വിനീത് എത്തി. വിവാഹത്തിനു ശേഷം ഭർത്താവ് നിശാന്തിന്റെ വീട്ടിലേക്ക് ആദ്യമായി എത്തുന്ന ഹൃദയഹാരിയായ നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സീമ വിനീത്.
‘കണ്ണന്റെ വീട്ടിലേക്ക് കോട്ടയത്തിന്റെ മരുമകളായി വലതുകാൽ വച്ചു. ഭർതൃഗൃഹത്തിലേക്ക്.’– എന്ന കുറിപ്പോടെയാണ് നിശാന്തിന്റെ കൈപിടിച്ച് വീട്ടിലേക്കു കയറുന്ന വിഡിയോ സീമ പങ്കുവച്ചത്. മുന്തിരിനിറത്തിലുള്ള പട്ടുസാരിയായിരുന്നു സീമ അണിഞ്ഞത്. സാരിക്കിണങ്ങുന്ന രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു.
കസവുമുണ്ടും ഷർട്ടുമായിരുന്നു നിശാന്തിന്റെ ഒട്ട്ഫിറ്റ്. സീമ പങ്കുവച്ച വിഡിയോയ്ക്ക് താഴെ നിരവധി പേർ ആശംസകളുമായി എത്തി.
വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പ്രിയപ്പെട്ടവരോട് സീമ വിനീത് പങ്കുവച്ചിരുന്നു. ഇതിനിടെ ഒരിക്കൽ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന രീതിയില്‍ സമൂഹമാധ്യമത്തിൽ കുറിപ്പു പങ്കുവയ്ക്കുകയും പിന്നീട് അത് പിൻവലിക്കുകയും വിവാഹവുമായി മുന്നോട്ടു പോവുകയും ചെയ്തു.
കോട്ടയം സ്വദേശി നിശാന്താണ് സീമയുടെ കഴുത്തിൽ താലിചാർത്തിയത്.
‘ഒരുമിച്ചുള്ള ജീവിതം വളരെ സന്തോഷം നിറഞ്ഞതാകട്ടെ.’– എന്നാണ് വിഡിയോയ്ക്കു താഴെ ചിലർ കമന്റ് ചെയ്തത്. ‘സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും അംഗീകരിക്കപ്പെടുന്നത് ഭാഗ്യമാണ്. ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. ദീർഘനാൾ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ. – എന്നിങ്ങനെയുള്ള കമന്റുകളും എത്തി.