96, മെയ്യഴകന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ പ്രേംകുമാറിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ഇര്‍ഷാദ് അലി.
‘ശൈലനാണ് പറഞ്ഞത്, ‘ആ സിനിമ നിർബന്ധമായും കാണണേ, നിങ്ങൾക്ക് ഇഷ്ടപ്പെടും’.
അന്നത് പറയുമ്പോൾ ശൈലൻ പോലും കരുതിക്കാണില്ല, അതിത്രത്തോളമെന്റെ ഹൃദയം തൊടുമെന്ന്!
സ്നേഹം ഉടൽരൂപം പ്രാപിച്ചതുപോലൊരു മനുഷ്യൻ,
അയാളുടെ സ്നേഹത്താൽ ജ്ഞാനസ്നാനപ്പെട്ട അരുൾമൊഴി!
ഒരാൾ ഉപേക്ഷിച്ചു കളഞ്ഞതിനെ മറ്റൊരാൾ എത്ര ഭംഗിയായാണ് ചേർത്തുപിടിച്ചത്, ഓർമകൾ ആണെങ്കിലും ആ പഴഞ്ചൻ സൈക്കിൾ ആണെങ്കിലും!
എന്തൊരു കാഴ്ചയായിരുന്നു അത്!
സിനിമ തീർന്നിട്ടും തിയേറ്ററിൽ നിന്ന് എഴുന്നേൽക്കാതിരുന്നപ്പോൾ കൂട്ടുകാർ ചോദിച്ചു?
‘അല്ല, പോകണ്ടേ? ഏതു ലോകത്താണ്?’
‘സിനിമ ഒന്നുകൂടി ഇടാൻ പറയാമോ? എനിക്കൊരിക്കൽ കൂടി കാണണം.’
വേറെ ഏത് സിനിമയാണ് എന്നെകൊണ്ട് മുൻപിങ്ങനെ തോന്നിപ്പിച്ചത്?
ഓർമയില്ല...
ആ നിമിഷം മനസ്സിലോർത്തതാണ് എന്നെങ്കിലും ഈ മനുഷ്യനെ കാണുമ്പോൾ ഒന്ന് കെട്ടിപിടിക്കണമെന്ന്......
ഹൃദയം തൊട്ടതിന്, മനസ്സു നിറച്ചതിന്, നന്ദി പറയണമെന്ന്....
അങ്ങനെയൊന്നു സാധ്യമാവുമെന്ന് വിദൂരസ്വപ്നങ്ങളിൽ പോലും കരുതിയതല്ല.
ഒടുവിൽ, ഇന്നലെ ഞാനെന്റെ ‘മെയ്യഴകനെ’ നേരിൽ കണ്ടു...
മിണ്ടി... സ്നേഹം അറിയിച്ചു...
കാത്തുവച്ച ആലിംഗനം കൈമാറി....
മണിക്കൂറുകളോളം മിണ്ടിയും പറഞ്ഞുമിരുന്നു....
കഥയിലേക്ക് വന്ന വഴികൾ...
കുടിയിറക്കപ്പെട്ട തന്റെ ബാല്യത്തിന്റെ ഓർമകളിൽ നിന്നും മെയ്യഴകന്റെ കഥാതന്തു കണ്ടെത്തിയത്....
സിനിമയാക്കാനായി ഒരിക്കൽ ആ കഥയുമായി ചെന്നപ്പോൾ നിരസിക്കപ്പെട്ടത്...
‘ഈ കഥയിൽ ഒരു ഗംഭീര സിനിമയുണ്ടെന്നും അതാ പ്രൊഡ്യൂസർമാർക്ക് മനസ്സിലാകാത്തതാണെന്നും ഇത് നിങ്ങൾ തീർച്ചയായും സിനിമയാക്കണമെന്നും’ പറഞ്ഞു പ്രോത്സാഹിപ്പിച്ച ‘നമ്മുടെ മഹേഷ് നാരായണനെ’ കുറിച്ച്....
96ന്റെ രണ്ടാം ഭാഗമടക്കം വരാനിരിക്കുന്ന പുതിയ സിനിമകളെ കുറിച്ച്...
അങ്ങനെയങ്ങനെ.....
സമയം കടന്നു പോവുന്നതിനെ കുറിച്ച് ആശങ്കകളില്ലാതെ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു....
സിനിമയിൽ 'മെയ്യഴകൻ' സംസാരിക്കുന്നതു പോലെ,
ഓർമകളെ ഒരു പൊട്ടും പൊടിയും വിട്ടുപോവാതെ ഹൃദയത്തോട് ചേർത്തുപിടിച്ച്....
'അത്താ' എന്നു വിളിച്ച് അരുൾമൊഴിയ്ക്ക് മുന്നിൽ വാതിൽ തുറക്കുന്ന മെയ്യഴകൻ- ആ ക്ലൈമാക്സിന്റെ അത്ര തന്നെ മനോഹാരിതയുണ്ടായിരുന്നു എന്റെ ഈ കൂടിക്കാഴ്ചയ്ക്കും.
പ്രേം കുമാറിനെ തന്നെ കേട്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ ഓർത്തത്
തിരക്കഥയ്ക്ക് അപ്പുറത്തേക്കുള്ള ജീവിതത്തിന്റെ ട്വിസ്റ്റുകളെ കുറിച്ചാണ്.
ഈ കൂടിക്കാഴ്ച ഒരുക്കി തന്ന സുജിത് ഉണ്ണിയെ ഒന്നു ചേർത്തു പിടിക്കാതെ എങ്ങനെയാണ് ഈ കുറിപ്പ് അവസാനിപ്പിക്കുക!’.– പ്രേംകുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇർഷാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.