തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറും ഭാര്യയും നടിയുമായ ശാലിനിയും. ഇപ്പോഴിതാ, സിനിമാ മേഖലയിൽ 33 വർഷം പൂർത്തിയാക്കുന്ന അജിത്തിന് സ്നേഹാശംസകള്‍ അറിയിച്ച് കുറിപ്പും ചിത്രവും പങ്കിട്ടിരിക്കുകയാണ് ശാലിനി.
‘നിങ്ങള്‍ വെറുതെ ഒരു കരിയർ കെട്ടിപ്പടുത്തതല്ല...ആളുകളെ ചേര്‍ത്തു പിടിച്ച്, ജീവിതങ്ങൾ മാറ്റിമറിച്ച്, എല്ലാം ഭംഗിയായി ചെയ്തു. എനിക്ക് നിന്നെക്കുറിച്ച് വളരെ അഭിമാനമുണ്ട്... 33 വർഷത്തിന് ആശംസകള്‍...’ എന്നാണ് അജിത്തിനൊപ്പമുള്ള സെല്‍ഫി പങ്കിട്ട് ശാലിനി കുറിച്ചത്.
അജിത്തിന്റെ ആരാധകർ ശാലിനിയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നുണ്ട്.
1993-ൽ പുറത്തിറങ്ങിയ ‘അമരാവതി’ എന്ന ചിത്രത്തിലൂടെയാണ് അജിത് നായക നിരയിൽ സജീവമായത്. അജിത് കുമാറിന്റേതായി അടുത്തിടെ തിയറ്ററുകളിലെത്തിയത് ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രമാണ്.