തൊണ്ണൂറുകളുടെ അവസാന വർഷങ്ങളിൽ തമിഴ് സിനിമയിൽ തിളങ്ങി നിന്ന താരമാണ് അബ്ബാസ്. വൻ വിജയമായ ‘കാതൽ ദേശം’ യുവാക്കൾക്കിടയിൽ അബ്ബാസിനെ ജനപ്രിയനാക്കി. തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ. പക്ഷേ, പോകെപ്പോകെ അദ്ദേഹത്തിന്റെ താരമൂല്യം ഇടിഞ്ഞു. ഹിന്ദി സിനിമയിലേക്കുള്ള എൻട്രിയും നേട്ടമായില്ല. ഒരു ഘട്ടത്തിൽ സിനിമ വിട്ട അബ്ബാസ് വർഷങ്ങളായി വിദേശത്തായിരുന്നു താമസം.
2015 - ലാണ് അബ്ബാസ് ന്യൂസിലന്‍ഡിലെത്തുന്നത്. കൈയിലുള്ള പണം മുഴുവന്‍ നഷ്ടപ്പെട്ടതോടെ ചെറിയ ജോലികള്‍ ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടി വന്നു. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലിയെടുത്തു. കുറച്ചുകാലം മെക്കാനിക്കായി. വര്‍ഷങ്ങളോളം പെട്രോള്‍ പമ്പില്‍ ക്യാഷറായി. പിന്നീട് മോട്ടിവേഷണല്‍ സ്പീക്കറായി. 2023-ല്‍ അബ്ബാസ് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. വീണ്ടും സിനിമയിൽ സജീവമാകാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ അദ്ദേഹമത്രേ. അബ്ബാസിന്റെ പുത്തൻ ലുക്കിലുള്ള ചില ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.
ക്ലീൻ ഷേവ് ലുക്കിൽ സിനിമയിൽ നിറഞ്ഞു നിന്ന അബ്ബാസ് ഇപ്പോൾ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താടിയൊക്കെ വച്ചുള്ള പുത്തൻ ഗെറ്റപ്പിലാണ്.