പ്രതിശ്രുതവരനെതിരെ കൂടുതൽ ആരോപണവുമായി ഗായിക സുചിത്ര. തന്റെ മാനസിക നില തകരാറിലാണെന്നും മദ്യപാനശീലം ഉണ്ടെന്നും പറഞ്ഞുപരത്തിയതായി സുചിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘എന്റെ മാനസിക നില തകരാറിലായതു കൊണ്ടാണ് എന്നെ ഇങ്ങനെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരിക്കലും മദ്യപിക്കാത്ത എന്റെ മദ്യപാനശീലം കാരണമാണ് അദ്ദേഹത്തിന് എന്നെ അടിക്കേണ്ടിവരുന്നതെന്ന് അയൽവാസികളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. എന്റെ ശരീരം വിൽക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആത്യന്തിക ലക്ഷ്യം. അവസാന കാലത്ത് വൈകല്യങ്ങൾ വരുത്തി ഒരു ആത്മീയ ഗുരുവായി മാറ്റാനും അവർ തീരുമാനിച്ചിരുന്നു’.– സുചിത്ര കുറിച്ചു.
ഇന്നലെയാണ് ആദ്യമായി പ്രതിശ്രുതവരനെതിരെ സുചിത്ര ആദ്യം രംഗത്തുവന്നത്.
‘സുചി ലീക്ക്സ് സംഭവത്തിനു ശേഷം, ഇതിലും മോശമായി ഒന്നും സംഭവിക്കാനില്ലെന്ന് ഞാൻ കരുതി. പക്ഷേ അതും സംഭവിച്ചു. ഞാൻ പ്രണയത്തിലായി. ഒരു രക്ഷകനെപ്പോലെയാണ് അയാൾ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. അയാളെ വർഷങ്ങളായി എനിക്ക് അറിയാം. ഞങ്ങളുടെ ബന്ധം വിവാഹനിശ്ചയം വരെ എത്തി. എന്നാൽ എനിക്ക് അയാളിൽ നിന്ന് പലതവണ മർദനമേറ്റു. ബൂട്ട് ഇട്ട് അയാൾ എന്നെ ചവിട്ടി. ഞാൻ ഒരു മൂലയിലിരുന്ന് വാവിട്ട് കരയുകയും മർദിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ആദ്യ ഭാര്യ കാരണം അയാൾ തകർന്നുപോയെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അയാൾ വിവാഹമോചനം നേടിയിട്ടില്ലെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. അയാളുടെ ആദ്യ ഭാര്യ എന്റെയടുത്ത് വന്ന്, ഞാനയാളെ തിരിച്ചെടുക്കണമെന്ന് യാചിക്കുകപോലും ചെയ്തു’.– സുചിത്ര പറഞ്ഞു.
തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തതിനാൽ യുവാവിനെതിരെ കോടതിയെ സമീപിക്കുമെന്നും തന്റെ പണം തിരികെ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സുചിത്ര പറഞ്ഞു.
നിരവധി ഗാനങ്ങളിലൂടെയും സിനിമാരംഗത്തെ പിടിച്ചുലച്ച ‘സുചി ലീക്ക്സ്’ വിവാദത്തിലൂടെയും ഏറെ ചർച്ച ചെയ്യപ്പെട്ട ഗായികയാണ് സുചിത്ര.