വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും ഒരുമിച്ച ചിത്രമാണ് ‘ലൈഗര്‍’. വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലൈഗർ ബോക്സ്ഓഫിസിൽ വൻ പരാജയമായിരുന്നു. ‘ലൈഗറി’ല്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് നായിക അനന്യ പാണ്ഡെ. അച്ഛൻ ചങ്കി പാണ്ഡെയാണ് ലൈഗറിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്നും ഇനി ഒരിക്കലും കരിയറിൽ അച്ഛന്റെ ഉപദേശം സ്വീകരിക്കില്ലെന്നും അനന്യ പാണ്ഡേ പറയുന്നു.
‘‘എന്റെ ജോലിയിലാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. ഒരു സിനിമ നന്നായി വന്നില്ലെങ്കിൽ നീ അടുത്ത് എന്തുചെയ്യുമെന്ന് അച്ഛൻ എപ്പോഴും ചോദിക്കാറുണ്ട്. ലൈഗർ ചെയ്തതിൽ എനിക്ക് ദുഃഖമുണ്ട്. ലൈഗർ ചെയ്തതിൽ യഥാര്‍ഥ തെറ്റുകാരൻ എന്റെ അച്ഛനാണ്. ഇനി സിനിമകൾ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛന്റെ ഉപദേശം കേള്‍ക്കില്ല. ലൈഗറിന് ശേഷം മനസ്സ് വളരെ അസ്വസ്ഥയായിരുന്നു, ഇപ്പോള്‍ ഞാൻ വീണ്ടും സ്വപ്നം കാണാൻ തുടങ്ങി.’’- അനന്യ പാണ്ഡെ പറയുന്നു.
പൂരി ജഗന്നാഥ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ലൈഗർ. ഇതിഹാസ താരമായ മൈക്ക് ടൈസണെ ആദ്യമായി ഇന്ത്യൻ സിനിമയിൽ അവതരിപ്പിച്ച ലൈഗർ ബോക്‌സ് ഓഫിസിൽ കനത്ത തിരിച്ചടിയാണ് നിർമാതാക്കൾക്കു നൽകിയത്. ലൈഗറിന്റെ പരാജയത്തെ തുടർന്ന് വിജയ് പ്രതിഫല തുകയിൽ നിന്ന് ആറു കോടി രൂപ നിർമാതാക്കൾക്കു തിരികെ കൊടുത്തിരുന്നു.