ബോളിവുഡ് നടി താപ്‌സി പന്നു വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബാഡ്മിന്റൺ താരം മാതിയസ് ബോയാണ് വരൻ. ദീര്‍ഘനാളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യൻ ആചാരപ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ച് മാര്‍ച്ച് അവസാനമാകും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുകയെന്നും ചടങ്ങ് താരസമ്പന്നമാകില്ലെന്നുമാണ് വിവരം.
ഡാനിഷ് ബാഡ്മിന്റൺ കോച്ച് മാതിയസ് ബോയുമായി 10 വർഷത്തോളമായി പ്രണയത്തിലാണ് തപ്സി. മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ താരം തന്‍റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ദീര്‍ഘകാലമായി ബോയുമായി പ്രണയത്തിലാണെന്നും, പ്രണയത്തിൽ സന്തോഷവതിയാണെന്നും, മറ്റൊരാള്‍ക്കു വേണ്ടിയും ബോയെ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നും അത്തരമൊരു ചിന്തയേ തോന്നിയിട്ടില്ലെന്നും താപ്സി പറഞ്ഞിരുന്നു.
രാജ്‌കുമാർ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം ബോക്സോഫിസിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.