Monday 11 February 2019 04:05 PM IST : By സ്വന്തം ലേഖകൻ

ധ്രുവിന്റെ ഭാവിയെ കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുന്നു! ‘വർമ’യിൽ നിന്നു പിൻമാറിയത് സ്വന്തം തീരുമാനമെന്ന് ബാല

varma-new

വൻ പ്രതീക്ഷയോടെയാണ് തെലുങ്ക് ചിത്രം ‘അർജുൻ റെഡ്ഡി’ വിക്രമിന്റെ മകൻ ധ്രുവിനെ നായകനാക്കി ‘വര്‍മ’ എന്ന പേരിൽ തമിഴിൽ ചിത്രീകരിച്ചത്. ധ്രുവിന്റെ ആദ്യ ചിത്രം എന്നതിനൊപ്പം സംവിധായകനായി ബാല എത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. എന്നാൽ ചിത്രീകരണം കഴിഞ്ഞ്, ട്രെയിലറും റിലീസ് ചെയ്ത‘വർമ’ പുനർനിർമിക്കാനും സംവിധായകനായ ബാലയെ മാറ്റാനുമുള്ള നിർമ്മാതാക്കളുടെ തീരുമാനം പ്രേക്ഷകരിൽ ഞെട്ടൽ സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോൾ, വിഷയത്തിൽ പ്രതികരണവുമായി ബാല തന്നെ നേരിട്ടു രംഗത്തെത്തിയത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു.

ചിത്രത്തില്‍ നിന്നു പിന്മാറുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും ഇപ്പോള്‍ ഇത്തരമൊരു വിശദീകരണം നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും ബാല പറയുന്നു. ധ്രുവിന്റെ ഭാവിയെ കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണെന്നും ബാല ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് നിർമാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെന്റ ് ‘വർമ’യില്‍ നിന്നു ബാലയെ പുറത്താക്കിയതായി പത്രക്കുറിപ്പ് ഇറക്കിയത്. ചിത്രത്തിൽ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവിനെ വച്ചുതന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടി ചിത്രീകരിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

ജനുവരി 22ന് ഇ ഫോര്‍ എന്റര്‍ടെയ്ൻമെന്റും ബാലയുടെ ബി സ്റ്റുഡിയോയും ചേര്‍ന്ന് നടന്‍ വിക്രമിന്റെ സാന്നിധ്യത്തില്‍ തയാറാക്കിയ കരാറിന്റെ പകര്‍പ്പും ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയില്‍ എന്തുതരം മാറ്റം വരുത്താനുമുള്ള അവകാശം കരാര്‍ പ്രകാരം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയിട്ടുണ്ട്.

ചിത്രത്തിന്റെ ഫൂട്ടേജ്, ഫിലിം സ്റ്റില്‍, സൗണ്ട് ട്രാക്ക്, ഐടി ട്രാക്ക്, മിക്സഡ് ആന്‍ഡ് അണ്‍മിക്സഡ് സോങ്സ് ട്രാക്ക് എന്നിവ ബാലയുടെ ബി.സ്റ്റുഡിയോസ് കൈമാറിയിട്ടുണ്ട്. പ്രോജക്ടില്‍ നിന്നു തന്റെ പേര് പൂര്‍ണമായി ഒഴിവാക്കിയാല്‍ മാത്രമേ കരാറില്‍ പറഞ്ഞ വ്യവസ്ഥകള്‍ നിലനില്‍ക്കൂവെന്ന് ബാല കരാറില്‍ വ്യക്തമാക്കിയിരുന്നു.

വലിയ ധനനഷ്ടമുണ്ടായെങ്കിലും അര്‍ജുന്‍ റെഡ്ഡി തമിഴില്‍ കാണണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ടെന്നും ധ്രുവിനെത്തന്നെ നായകനാക്കി പുതിയ തമിഴ് പതിപ്പ് ജൂണില്‍ തിയേറ്ററിലെത്തുമെന്നും നിർമാതാക്കൾ പറഞ്ഞു. സംവിധായകനെ കൂടാതെ താരനിരയും പുതിയതായിരിക്കും.