സേഹരി എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചടങ്ങില്‍ തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ ‘കലിപ്പ് മൂഡിൽ’ പെരുമാറുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
നായകനടന്റെ കൈ പോസ്റ്ററിൽ നിന്നു തട്ടിമാറ്റിയും സ്വന്തം മൊബൈൽ ഫോൺ വലിച്ചെറിഞ്ഞുമൊക്കെ താരം അസ്വസ്ഥത പരത്തിയത് ചടങ്ങിൽ സേഹരി ടീമിൽ ഒരാൾ അദ്ദേഹത്തെ അങ്കിൾ എന്നു വിളിച്ച് അഭിസംബോധന ചെയ്തതിനാലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ, ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സേഹരി ടീം. ബാലകൃഷ്ണ ദേഷ്യപ്പെട്ടിട്ടില്ലെന്നും നല്ല മനുഷ്യനാണെന്നും സേഹരിയിെല നായകനായ ഹർഷ് മാധ്യമങ്ങളോടു പറഞ്ഞു.
തെറ്റായ ഉദ്ദേശത്തോടെയല്ല അദ്ദേഹം തന്റെ കൈ തട്ടിമാറ്റിയത്. ഇടതുകൈ കൊണ്ട് പോസ്റ്ററിൽ പിടിക്കാനാണ് ആദ്യം താൻ ശ്രമിച്ചത്. എന്നാൽ, അതു ശുഭകരമല്ല എന്നുകരുതിയാണ് ബാലകൃഷ്ണ ഗാരു കൈ തട്ടിമാറ്റിയത്. എന്നാൽ, പ്രചരിച്ച വാർത്തകൾ തെറ്റാണ്. അദ്ദേഹം നല്ല മനുഷ്യനാണ്. ചടങ്ങിന് ക്ഷണിച്ചപ്പോൾ തന്നെ അദ്ദേഹം വരാമെന്ന് ഏറ്റു, അതിൽ നന്ദിയുണ്ടെന്നും ഹർഷ് കനുമിള്ളി പറഞ്ഞു.