Thursday 09 May 2024 02:19 PM IST : By സ്വന്തം ലേഖകൻ

സിമ്പു പറഞ്ഞു, നായികയെ മാറ്റണം...പറ്റില്ലെന്ന് സംവിധായകനും: വാശിയിൽ കൈവിട്ട സുവർണാവസരം

ko

എക്കാലവും വിവാദ നായകനാണ് സിലമ്പരസൻ ടി. രാജേന്ദ്രൻ എന്ന സിമ്പു. ആരാധക പിന്തുണയിൽ തമിഴിലെ മറ്റേതൊരു യുവനായകനോളവും കരുത്തുണ്ടായിട്ടും 2011 മുതൽ 2021 വരെ ഒരു വലിയ സോളോ ഹിറ്റ് സൃഷ്ടിക്കാനോ തന്റെ ബോക്സ് ഓഫീസ് പവർ തെളിയിക്കാനോ താരത്തിനായില്ല. ആ കഷ്ടകാലം അവസാനിച്ചത് ‘മാനാട്’ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെയാണ്.

പ്രണയപരാജയങ്ങളും, കരിയറിൽ സംഭവിച്ച തുടർ പ്രതിസന്ധികളും സിമ്പുവിനെ മാനസികമായി ബാധിച്ചിരുന്നു എന്നാണ് അടുത്ത സുഹൃത്തുക്കൾ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. അതോടെ, ഒരു കാലത്ത് തമിഴ് സിനിമ വളരെയേറെ പ്രതീക്ഷയോടെ വീക്ഷിച്ചിരുന്ന ലിറ്റിൽ സൂപ്പർസ്റ്റാറിന്റെ കരിയർ ഗ്രാഫ് കുത്തനേ താഴേക്കു പോയി. കഥ, തിരക്കഥ, സംവിധാനം, ഗാനരചന, ആലാപനം, സംഗീത സംവിധാനം എന്നു വേണ്ട അഭിനയത്തിനു പുറമേ സിമ്പു പ്രതിഭ തെളിയിക്കാത്ത മേഖലകൾ കുറവാണ്. എന്നാൽ അതൊക്കെ ഒറ്റയടിക്ക് നിലം പൊത്തി. സിനിമാ സെറ്റിൽ മോശമായി പെരുമാറി, അലസത കാട്ടി തുടങ്ങി പല വിമർശനങ്ങളും ഒന്നിനു പിറകെ ഒന്നായി സിമ്പുവിനെ തേടിയെത്തി. സിനിമകൾ പലതും മുടങ്ങുകയും റിലീസ് വൈകുകയും ചെയ്തതോടെ കാര്യങ്ങൾ അവതാളത്തിലായി. ആ നഷ്ടകാലത്തിന്റെ തുടക്കം സിമ്പു കരിയറിൽ കാട്ടിയ ഒരു വലിയ അബദ്ധത്തിലൂടെയാണെന്ന് പറയാം.

സൂര്യ നായകനായ ‘അയൻ’ എന്ന ബ്ലോക് ബസ്റ്ററിലൂടെ തെന്നിന്ത്യയിൽ വൻ ജനപ്രീതി നേടിയ സംവിധായകൻ കെ.വി ആനന്ദിന്റെ അടുത്ത സിനിമയിൽ നിന്നു ചില നിസ്സാരവാശികളെത്തുടർന്നു പിൻമാറി. ആ ചിത്രമാണ് ‘കോ’. ‘അയൻ’ നൽകിയ വലിയ വിജയത്തെത്തുടർന്ന് അടുത്ത സിനിമയുടെ കഥ ആലോചിച്ചപ്പോൾ ആനന്ദിന്റെ മനസ്സിൽ തെളിഞ്ഞ മുഖം സിമ്പുവിന്റേതാണ്.

അക്കാലത്ത് വിണ്ണൈ താണ്ടി വരുവായ എന്ന ക്ലാസിക് ഫീൽഗുഡ് മൂവിയിലൂടെ സിമ്പുവിന്റെ കരിയറിൽ ഒരു ഷിഫ്റ്റ് സംഭവിച്ചു. തുടർന്നു വന്ന വാനം, ഓസ്തേ എന്നീ ചിത്രങ്ങളും സാമ്പത്തിക നേട്ടമുണ്ടാക്കിയതോടെ സിമ്പുവിന്റെ മാർക്കറ്റ് കുതിച്ചുയർന്നിരുന്നു.

തന്റെ കഥയിലെ അശ്വിൻ കുമാർ എന്ന ഫോട്ടോ ജേണലിസ്റ്റാകാൻ സിമ്പുവിനെക്കാൾ നല്ല ഒരു ചോയ്സ് ആനന്ദിനില്ലായിരുന്നു. കഥ കേട്ടപ്പോൾ സിമ്പുവിനും ഏറെ ഇഷ്ടമായി. എന്നാൽ ചർച്ചകൾ പുരോഗമിക്കവേ സിമ്പു ഒരു ആവശ്യം ഉന്നയിച്ചുവത്രേ, നായികയെ മാറ്റണം. എന്നാൽ കാർത്തികയോട് വാക്ക് പറഞ്ഞ കെ.വി ആനന്ദ് തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അതോടെ സിമ്പു പിണങ്ങി. ആനന്ദ് വഴങ്ങിയതുമില്ല. തുടർന്ന് ചിത്രം ഉപേക്ഷിക്കാൻ സിമ്പു തീരുമാനിക്കുകയായിരുന്നുവത്രേ.

എന്തായാലും തന്റെ തിരക്കഥയിൽ പൂർണ വിശ്വാസമുണ്ടായിരുന്ന ആനന്ദ് ആ കഥ ജീവയോട് പറഞ്ഞു. വലിയ വിജയങ്ങളൊന്നുമില്ലാതെ, നായകനിരയിൽ പരുങ്ങലോടെ നിന്ന ജീവ ആനന്ദിന്റെ ഓഫർ മറ്റൊന്നും ചിന്തിക്കാതെ സ്വീകരിച്ചു. അങ്ങനെ ജീവ, കാർത്തിക നായർ, അജ്മൽ അമീര്‍, പിയ വാജ്പേയ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ കോ 2011 ഏപ്രിലിൽ തിയറ്ററുകളിലെത്തി. ചിത്രം സൂപ്പർ ഡ്യൂപ്പർഹിറ്റ്. ജീവ‌യുടെ കരിയറിലെ രണ്ടാം ജൻമമായിരുന്നു ഇതെന്നു പറയാം. തുടർന്ന് ഷങ്കർ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, ബിജോയ് നമ്പ്യാർ തുടങ്ങി പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് ജീവയെ തേടിയെത്തിയത്. സിമ്പുവാകട്ടേ തുടർ പരാജയങ്ങളിലേക്കും കൂപ്പു കുത്തി. പിന്നീട് ഒരു വലിയ ഹിറ്റിനായി, ‘മാനാട്’ വരെ, 10 വർഷം സിമ്പുവിന് കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ ജീവയും കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മറക്കുന്നില്ല. അപ്പോഴും ‘കോ’ ജീവയുടെ സിനിമ കരിയറിലെ ഒരു നല്ല അധ്യായമായി അവശേഷിക്കും.