Saturday 02 April 2022 02:28 PM IST

‘വെട്ടിയാല്‍ മഴു മുറിയുന്ന വെണ്‍മരുതും സുഗന്ധം പരത്തുന്ന ദേവദാരുവും ആളെ മയക്കുന്ന യക്ഷിപ്പാലയും’; കഥകളുടെ കൈപിടിച്ച് ഭൂതത്താന്റെ കെട്ടില്‍

Baiju Govind

Sub Editor Manorama Traveller

TONS1831 ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

പെരിയാറിനു കുറുകെ കരിങ്കല്‍ കെട്ടിനു മുകളില്‍ പൊരിവെയില്‍ ഉരുകിയിറങ്ങി. പുഴയുടെ അടിത്തട്ടില്‍ വെളുത്ത പായ പോലെ മണല്‍പ്പരപ്പു തെളിഞ്ഞു. ഇരുകര തൊട്ടൊഴുകിയ കഥകളുമായി റോയി പുഴയരികിലൂടെ നടന്നു. ‘പണ്ട് ഇവിടെ പോക്കുവരവുണ്ടായിരുന്നു’  ഇതു പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു പാറയുടെ മുകളിലേക്ക് പാഞ്ഞു കയറി. അവിടെയിരുന്ന‌് റോയി മലയടിവാരത്തേക്കു വിരൽചൂണ്ടി. കോതമംഗലത്തിനു സമീപത്തുള്ള ഭൂതത്താൻ കെട്ടിനു മുകളിൽ ഐതിഹ്യത്തിന്റെ കെട്ടഴിഞ്ഞു.

‘‘ഭാര്യയെ സ്വന്തം ശരീരത്തിന്റെ പകുതിയായി സ്‌നേഹിച്ച പരമശിവന്‍ ഒരിക്കല്‍ യാത്ര പുറപ്പെട്ടു. കൈലാസത്തില്‍ നിന്നിറങ്ങിയ ശിവന്‍ പെരിയാറിന്റെ തീരത്ത് തൃക്കരിയൂരില്‍ ധ്യാനമിരുന്നു. ഭര്‍ത്താവിനെ കാണാതെ മനമുരുകിയ പാര്‍വതി വിവരമന്വേഷിക്കാന്‍ ഭൂതങ്ങളെ അയച്ചു. ശിവനെ കണ്ടെത്തിയ ഭൂതങ്ങള്‍ പാർവതിയേയും കൂട്ടി പെരിയാറിന്റെ തീരത്തെത്തി. പാർവതിക്കു പുഴ കടക്കാന്‍ അവര്‍ പാറകള്‍ നിരത്തി അണകെട്ടി. ഇക്കാര്യം തിരിച്ചറിഞ്ഞ ശിവന്‍ ഭാര്യയെ പരീക്ഷിക്കാനായി അതിലൊരു പാറ ഇളക്കി മാറ്റി. കുത്തൊഴുക്കു തടയാനാകാതെ ഭൂതത്താന്മാര്‍ തോറ്റു പിന്മാറി.’’

മലയുടെ മകളായ പാര്‍വതിയുടെ ആജ്ഞയില്‍ ഭൂതങ്ങള്‍ പണ്ടു കെട്ടിയ അണക്കെട്ടാണത്രേ പില്‍ക്കാലത്തു ‘ഭൂതത്താന്‍കെട്ടായി’ മാറിയത്. താളുംകണ്ടത്തിലെ ഊരു മൂപ്പനാണ് ഈ ഐതിഹ്യം ഗൈഡായ റോയിക്കു പറഞ്ഞു കൊടുത്തത്. പക്ഷേ, അണക്കെട്ടു സന്ദര്‍ശിച്ച പുരാവസ്തു ഗവേഷകര്‍ കഥയുടെ ആധികാരികത ചോദ്യം ചെയ്തു. ആനയോളം വലുപ്പമുള്ള കരിങ്കല്ലുകള്‍ പുഴയ്ക്കു കുറുകെയിട്ടത് തിരുവിതാംകൂര്‍ രാജാവാണെന്ന് അവര്‍ വാദിച്ചു. ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂറിനെ ആക്രമിക്കാന്‍ എത്തിയ സമയത്ത് പെരിയാറില്‍ ‘ഓട്ടമാറ്റിക്’ ആയി വെള്ളപ്പൊക്കമുണ്ടായതല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പെരിയാറും ഇടമലയാറും ചേരുന്നിടത്ത് പാറകൊണ്ടു ചിറ കെട്ടി നിര്‍ത്തിയതു രാജതന്ത്രമായിരുന്നു. ശത്രുക്കള്‍ പെരിയാറിന്റെ തീരത്ത് എത്തിയെന്ന് രഹസ്യവിവരം കിട്ടിയപ്പോള്‍ അണക്കെട്ടിലെ ഒരു കല്ല് ഇളക്കി മാറ്റാന്‍ രാജാവ് ഉത്തരവിട്ടു. പെരിയാര്‍ കരകവിഞ്ഞു. പുഴകടക്കാനാകാതെ ടിപ്പുവിന്റെ സൈന്യം മൈസൂരിലേക്കു മടങ്ങി. - ചരിത്ര ഗവേഷകർ ഈ കഥയ്ക്കു സാധുത പ്രഖ്യാപിച്ചു.

TONS1574

ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്നു തിരുവിതാംകൂറിനെ രക്ഷിക്കാനായി നീക്കിയ കല്ലിന്റെ വിടവ് ‘പഴയ’ ഭൂതത്താന്‍കെട്ടില്‍ ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുണ്ട്. വീതിയുള്ള പുഴ ഇപ്പോഴും ഈ വിടവു താണ്ടിയാണ് ആലുവ ഭാഗത്തേക്കു പ്രവഹിക്കുന്നത്. ‘‘പാറക്കെട്ടിലെ വിടവില്‍ ആഴം എത്രയെന്ന് അളക്കാനായിട്ടില്ല. ഈ ഭാഗത്ത് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹം മൂന്നു ദിവസം കഴിഞ്ഞാണ് പൊങ്ങാറുള്ളത്.’’ ഭൂതത്താന്‍കെട്ടിന്റെ സമ്പൂര്‍ണ ചരിതം തിരക്കഥ പോലെ റോയി വിവരിച്ചു.

കഥ കേട്ടതിനു ശേഷം റോയിയോടൊപ്പം പുതിയ അ ണക്കെട്ടിലേക്കു നടന്നു. ആദ്യം പെരിയാറിന്റെ തീരത്തുള്ള പ്ലാഞ്ചോട്ടിലേക്കാണു പോയത്. അരച്ചു തേച്ചാല്‍ മുറിവുണങ്ങുന്നതും തൊലിയോടെ കഴിച്ചാല്‍ വയറുവേദന മാറുന്നതുമായ കാട്ടുമരങ്ങളുടെ ചുവട്ടിലൂടെയാണ് നടത്തം. വെട്ടിയാല്‍ മഴു മുറിയുന്ന വെണ്‍മരുതും സുഗന്ധം പരത്തുന്ന ദേവദാരുവും ആളെ മയക്കുന്ന യക്ഷിപ്പാലയും ഇവിടെയുണ്ട്. ചങ്ങലത്തോട് കടന്നാല്‍ പലതരം അദ്ഭുത വൃക്ഷങ്ങള്‍ കാണാം. ഈ കാട്ടിലെ മരങ്ങളുടെയും പക്ഷികളുടെയും പേരു ചൊല്ലി കഥ പറയാന്‍ റോയി അറിവു നേടിയിട്ടുണ്ട്. ഊരുമൂപ്പന്മാരുടെ വായ്മൊഴിയിൽ നിന്നു പക ർന്നു കിട്ടിയ വിവരങ്ങളിൽ വിഷചികിത്സ മുതല്‍ പക്ഷി  ശാസ്ത്രം വരെ ഉൾപ്പെടുന്നു.

TONS1579

ചീനിമരത്തിന്റെ കടയ്ക്കല്‍ പത്തു പേര്‍ക്കു സുഖമായി വിശ്രമിക്കാം. വള്ളം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തടിയാണു ചീനിമരം. ശുദ്ധജലം സംഭരിച്ചു വയ്ക്കുന്ന പുല്ലാന്തിയാണ് മറ്റൊരു കൗതുകം. പുല്ലാന്തിയുടെ ചെറുകഷണം മുറിച്ചു പിഴിഞ്ഞാല്‍ രണ്ടു ഗ്ലാസ് വെള്ളം കിട്ടും. പണ്ടു കാട്ടില്‍ ജീവിച്ചിരുന്നവര്‍ ഈ മരത്തിന്റെ വള്ളി പിഴിഞ്ഞു ദാഹം മാറ്റിയിരുന്നു.  

റെയിൽവേ ട്രാക്കിനു കുറുകെ വയ്ക്കാനുള്ള തടിയുണ്ടാക്കുന്ന തമ്പകമാണ് ഇവിടെയുള്ളതില്‍ ബലമുള്ള മരം. പുരാണങ്ങളിലെ ഋഷിമാര്‍ മരവുരിയുണ്ടാക്കാന്‍ തോലെടുത്തിരുന്ന അറാഞ്ഞിലിയും ‘ഒറിജിനല്‍’ ഇഞ്ചയെന്ന് ആയുര്‍വേദത്തിൽ പറയുന്ന പേരിഞ്ചയും റോയി തൊട്ടു കാണിച്ചു. അതിനുശേഷം അല്‍പം മാറി നിന്ന് വലിയ മരം ചൂണ്ടിക്കാട്ടി. ഇതാണു ചേര്. ദേഹത്തു മുട്ടിയാല്‍ ചൊറിഞ്ഞു നീരുവയ്ക്കും. ജീവഹാനി വരെ സംഭവിക്കാം. ചേരിന്റെയടുത്തു താന്നി മരമുണ്ട്. ‘ചേരും മക്കളും ചെയ്ത പിഴ താന്നിയും മക്കളും പൊറുക്കണ’മെന്നു ചൊല്ലി താന്നിക്കു ചുറ്റും നടന്നാല്‍ ചേരു തീണ്ടിയവരുടെ വിഷമിറങ്ങുമെന്നാണ് ആദിവാസികളുടെ അനുഭവം.

ഈ കാട്ടില്‍ മരങ്ങളെ കെട്ടിവരിഞ്ഞ് ഇല്ലാതാക്കുന്ന വള്ളിയുണ്ട്. മരത്തിനെ ചുറ്റിവരിഞ്ഞ് അതിന്റെ സത്ത് വള്ളിച്ചെടി ഊറ്റിയെടുക്കും. ഉള്‍ഭാഗം മുഴുവനും നഷ്ടപ്പെട്ട മരം നിലം പൊത്താറാകുമ്പോഴേക്കും വള്ളി വേറേതെങ്കിലും മരത്തിലേക്കു നീളും. 'അയാളൊരു വള്ളിയാണ്' എന്നു നാട്ടിന്‍ പുറങ്ങളില്‍ ചിലര്‍ ഉപമിക്കുന്നത് ഈ വള്ളിയെ ഉദ്ദേശിച്ചാണ് - റോയി പറഞ്ഞു.

TONS1621

കാട്ടുമുള ചാഞ്ഞു നില്‍ക്കുന്ന സ്ഥലത്തിനു നടുവില്‍ കുന്നിന്‍പുറത്ത് ഒരു ചെരിഞ്ഞ പാറ. അതിന്റെ നടുഭാഗത്തുള്ള വിടവ് ഗുഹാ കവാടമാണ്. ചേരരാജാക്കന്മാര്‍ പാറ തുരന്നുണ്ടാക്കിയതാണത്രേ ഗുഹ. ആയിരം വര്‍ഷം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ഗുഹാമുഖത്തു നിന്നു താഴേക്കു കെട്ടിവച്ചിട്ടുള്ള മുളങ്കമ്പില്‍ തൂങ്ങി ഉള്ളില്‍ കയറി. ആയുധം ഉപയോഗിച്ച് മിനുക്കിയ പോലെ മിനുസമുള്ളതാണ്  ഗുഹാ ഭിത്തി. രാജാക്കന്മാര്‍ നിര്‍മിച്ചതെന്നു പറയപ്പെടുന്ന ഗുഹയുടെ ഇപ്പോഴത്തെ അവകാശി മുള്ളന്‍പന്നിയാണ്. ഫ്‌ളാഷ് ലൈറ്റ് തെളിച്ചപ്പോള്‍ അതു പാറയിടുക്കിലേക്കു നീങ്ങി. ടോര്‍ച്ചിന്റെ പ്രകാശത്തില്‍ മുള്ളന്‍പന്നിയുടെ ചുവന്ന കണ്ണുകള്‍ തിളങ്ങി.

വട്ടത്തിലുള്ള പാറക്കഷണം ഗുഹയുടെ വാതിലാണെന്നും അതിനുള്ളില്‍ ‘എന്താക്കെയോ’ സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടം സന്ദർശിച്ചെങ്കിലും ഗവേഷണമുണ്ടായില്ല.

TONS1687

രാവിലെ എട്ടരയ്ക്കാണു കാട്ടില്‍ കയറിയത്. പതിനൊന്നായപ്പോഴേക്കും ഭൂതങ്ങള്‍ നിര്‍മിച്ച കല്‍ക്കെട്ട് കണ്ടു തിരിച്ചെത്തി. പിന്നീട് അണക്കെട്ടിനു മുകളിലേക്കു നീങ്ങി. അവിടെ നിന്നു ഇടത്തോട്ടുള്ള വഴി വാച്ച് ടവറിലേക്കാണ്. ജലാശയവും വനവും ഏരിയല്‍ ആംഗിളില്‍ ആസ്വദിക്കാനുള്ള വ്യൂ പോയിന്റാണ് വാച്ച് ടവര്‍.

ടവറിനു താഴെ നിന്നു ബോട്ട് ജെട്ടിയിലേക്കുള്ള പാത ടൈല്‍ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. നാല് അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കും 50 പേരുടെ സംഘത്തിനും സവാരി നടത്താവുന്ന ബോട്ടുകള്‍ കടവില്‍ കാത്തു കിടക്കുന്നു. ഒരു മണിക്കൂറാണ് ജലസവാരി. ജലാശയത്തിന്റെ നടുവിലൂടെ നീങ്ങി വനത്തിന്റെ അരികിലേക്കു കടന്നാല്‍ മാനുകളെയും മ്ലാവിനെയും കാണാം. അണക്കെട്ടിന്റെ കിഴക്കേ അതിരില്‍ തട്ടേക്കാട് പക്ഷി സങ്കേതം ഉള്‍പ്പെടുന്ന വനമേഖലയാണ്.

TONS1585

കടലാസു പൂക്കള്‍ വിടര്‍ന്ന കടവില്‍ മടങ്ങിയെത്തിയപ്പോള്‍ സമയം അഞ്ചര. സായാഹ്ന സൂര്യന്‍ ചുണ്ടു ചുവപ്പിച്ചു ഭൂമിയെ ചുംബിച്ചു. ഭൂതഗണങ്ങളുടെ രൂപം പോലെ പുഴയുടെ തീരത്തു പാറയുടെ നിഴല്‍ തെളിഞ്ഞു...

സമീപക്കാഴ്ചകള്‍

ഭൂതത്താൻകെട്ടിൽ നിന്നു പതിനാറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തട്ടേക്കാട് വഴി നേര്യമംഗലം പാലത്തിനു താഴെയെത്താം. ബോട്ട് യാത്രയില്‍ അത്രയേറെ താത്പര്യമുള്ളവര്‍ മാത്രമേ അങ്ങോട്ടു പോകാറുള്ളൂ.

ഒരു ദിവസത്തെ ട്രിപ്പിന് അനുയോജ്യമായ ടൂറിസം ഡെസ്റ്റിനേഷനാണ് ഭൂതത്താന്‍കെട്ട്. ട്രെക്കിങ്ങിനും ബോട്ട് സവാരിക്കും പുറമെ ഷട്ടറുകള്‍ തുറക്കുന്ന സമയത്ത് വെള്ളച്ചാട്ടവും ആസ്വദിക്കാം.

TONS1808

പുതിയ അണക്കെട്ട്

ഇടമലയാറിന്റെ തെക്കു ഭാഗത്താണ് പുതിയ അണക്കെട്ട്. ഇടമലയാര്‍, പൂയംകുട്ടി, കുട്ടമ്പുഴ എന്നിവിടങ്ങളിലൂടെ ഒഴുകി വരുന്ന പുഴയും ആനയിറങ്കല്‍, തൂക്കുപാലം താണ്ടി വരുന്ന പുഴയും ചേര്‍ന്നാണ് വെള്ളം നിറയുന്നത്.

മേടച്ചൂട് കൊടുമ്പിരി കൊള്ളുമ്പോഴും ഭൂതത്താന്‍കെട്ടിലെ ജലാശയം ബോട്ട് സവാരിക്കു പാകത്തില്‍ സമൃദ്ധമായി നില്‍ക്കുന്നു.

അണക്കെട്ടിന്റെ വടക്കു ഭാഗത്ത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിനു മുന്നിലൂടെയാണ് ഇടമലയാറിലേക്കുള്ള റോഡ് കടന്നു പോകുന്നത്. വടാട്ടുപാറവരെ ബസ് സര്‍വീസുണ്ട്. അതിനപ്പുറം കാടാണ്. ഇ ടമലയാര്‍ പവര്‍ഹൗസ് പരിധിയില്‍ വരുന്ന സ്ഥലത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. കാടിനുള്ളിലൂടെ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് കാനനപാതയുണ്ട്. തീര്‍ഥാടന കാലത്ത് മൂന്നു ദിവസം മാത്രമാണ് ഈ പാതയിലൂടെ യാത്രാനുമതി.

ഫോറസ്റ്റ് ക്യാംപ്

ഞായപ്പിള്ളി, ആനക്കയം, മൂഞ്ഞ, വിലങ്ങുപാറ എന്നിവിടങ്ങളില്‍ ഫോറസ്റ്റ് ക്യാംപ് ഷെഡുണ്ട്. ക്യാംപുകളിലേക്ക് ട്രക്കിങ് ആവിഷ്‌കരിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. പത്തു പേര്‍ ഉള്‍പ്പെടുന്ന സംഘങ്ങളെയാണ് ട്രക്കിങ്ങില്‍ പങ്കെടുപ്പിക്കുക. ഫോറസ്റ്റ് ക്യാംപുകളില്‍ താമസം, ഭക്ഷണം എന്നിവ ഒരുക്കും. കാടിനുള്ളിലേക്ക് 30 കിലോമീറ്റര്‍ നടക്കാന്‍ പറ്റും വിധമാണ് ട്രക്കിങ് നടത്തുക. വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലായിരിക്കും ട്രക്കിങ്.

How to reach

എറണാകുളം ജില്ലയില്‍ കോതമംഗലത്തിനടുത്താണ് ഭൂതത്താന്‍കെട്ട്. കോതമംഗലം, ഇടമലയാര്‍ റൂട്ടില്‍ ബസ് സര്‍വീസുണ്ട്. കോതമംഗലത്തു നിന്ന് പതിനാറു കിലോമീറ്റര്‍. ഭൂതത്താന്‍കെട്ടിനു സമീപത്ത് റിസോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946641324.

പിണ്ടിമന - കുട്ടമ്പുഴ പഞ്ചായത്തുകളുടെ അതിരിലാണ് ഭൂതത്താന്‍കെട്ട്. കാട്ടുമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ സന്ദര്‍ശകര്‍ ജാഗ്രത. കാടിനുള്ളില്‍ സന്ദര്‍ശകര്‍ക്കു സഹായത്തിന് വനം വികസന സമിതിയുടെ ടൂര്‍ ഗൈഡുകളുണ്ട്. സന്ദര്‍ശകര്‍ പ്രവേശന ടിക്കറ്റെടുക്കണം. കാടിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയരുത്, പുകവലിക്കരുത്, പുഴയിലിറങ്ങി നീന്തരുത്, നടപ്പാതയില്‍ നിന്നു മാറി ഉള്‍ക്കാടുകളിലേക്കു പോകരുത്.