കശ്മീര സമ്പ്രദായത്തിലുള്ള പൂജാവിധികൾ പിന്തുടരുന്ന കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ...
ഹൃദയമുലയുമ്പോൾ ആരും തൊഴുതു വിളിക്കുന്നത് അമ്മേയെന്നല്ലേ? അ പ്പോൾ കാര്യവും കാരണവും തിരക്കാതെ അമ്മ ചേർത്തുപിടിക്കും. ഏതു തീക്കടലും തിരതല്ലി വരട്ടെ. ആ വാത്സല്യത്തിന്റെ അമൃതസ്പർശത്തിൽ അതെല്ലാം അലിഞ്ഞു തീരും. ആരെതിർത്തു വന്നാലും മക്കൾക്കു വേണ്ടി വടവൃക്ഷത്തണലായി തുണയേകി നിൽക്കും, അമ്മ.
കൺമുന്നിൽ ഇതാ ഒരു കുന്നിൻപ്രദേശം. കണ്ണൂർ ഇരിക്കൂറിലെ മാമാനിക്കുന്ന് ശ്രീമഹാദേവി ക്ഷേത്രത്തിന്റെ പടവുകൾ കയറുമ്പോൾ നാമം ചൊല്ലാൻ പഠിപ്പിച്ച വലിയമ്മയുടെ ഗന്ധം, ഓർമയുടെ വാസനയായി. ഭസ്മക്കുറി തൊട്ട് തുളസിക്കതിർ ചൂടി അക്ഷരസ്ഫുടതയോടെ ചൊല്ലുന്ന ലളിതാസഹസ്രനാമ ത്തിന്റെ സ്വരദീപങ്ങൾ.
‘സുമേരു മധ്യശൃംഗസ്ഥാ
ശ്രീമൽ നഗര നായികാ
ചിന്താമണി ഗൃഹാന്തസ്ഥാ
പഞ്ചബ്രഹ്മാസന സ്ഥിതാ’
സുമേരു പർവതത്തിന്റെ നടുവിലെ കൊടുമുടിയി ൽ ഇരിക്കുന്നവൾ. മഹാലക്ഷ്മി എല്ലായ്പ്പോഴും ലസിക്കുന്ന നഗരത്തിന്റെ അധിപതി. ചിന്താമണി കൊണ്ട് നിർമിച്ച് ഗൃഹത്തിൽ താമസിക്കുന്നവൾ. അഞ്ചു ബ്രഹ്മങ്ങളാൽ രൂപീകരിക്കപ്പെട്ട ആസനത്തിൽ ഇരിക്കുന്നവൾ. എല്ലാത്തിലും നിറഞ്ഞു നിൽക്കുന്നവളും സർവത്തിനും അധിപയും ആയ ആദിപരാശക്തിയാണ് മാമാനിക്കുന്നിലമ്മ. മാമാനത്തമ്മ എന്നു ചുരുക്കിപറയും. കശ്മീരശൈവസമ്പ്രദായത്തിലാണു ക്ഷേത്രത്തിന്റെ ഘടന.
അഭയമേകുന്ന ആദിപരാശക്തി
ശ്രീപരമേശ്വരന്റെ മടിത്തട്ടിൽ വിരാജിക്കുന്ന പരാശക്തിയാണു മാമാനിക്കുന്ന് മഹാദേവി. ശ്രീചക്രത്തിലെ ബിന്ദുവായ മേരു മാമാനിക്കുന്നാണെന്നു വിശ്വാസം. അതുകൊണ്ടു തന്നെ കുന്നു മുഴുവൻ ക്ഷേത്രമായി പരിഗണിക്കപ്പെടുന്നു. അതിനു തൊട്ടുതാഴെ കൊട്ടിയൂരിൽ നിന്ന് ഒഴുകിയെത്തുന്ന ബാവലിപ്പുഴ ഇവിടെ എത്തുമ്പോൾ കുന്നിൻ ചുവട്ടിൽ നിന്നു വടക്കോട്ടൊഴുകുന്നു. മഴക്കാലത്ത് ഒഴികെയുള്ള സമയങ്ങളി ൽ ഇവിടെ മീനൂട്ട് പതിവുണ്ട്.
മഹാമുനിമാർ തപസ്സ് ചെയ്ത സ്ഥലം എന്നതിനാൽ മാമുനിക്കുന്ന് എന്നു പറഞ്ഞിരുന്നു. അതാണത്രേ മാമാനിക്കുന്ന് എന്ന പേരായി മാറിയത്.
ആദിപരാശക്തിയെ ആരാധിക്കുന്ന ശാക്തേയ പാരമ്പര്യത്തിലുള്ള പൂജാവിധികളാണ് ഇവിടുത്തേത്. കശ്മീര സമ്പ്രദായം എന്നും പറയും. പിടാരന്മാരാണ് (മൂസതുമാർ) ഇവിടെ പൂജാകർമങ്ങൾ നടത്തുന്നത്. അതിപുരാതന കാലം മുതലേ ശാക്തേയ ആരാധനയ്ക്കു പ്രാധാന്യമുള്ള സ്ഥലമായിരുന്നു മാമാനിക്കുന്ന്.

മഹാദേവനെ തൊഴുത്
അഷ്ടമാതാക്കളോടൊപ്പം ആദിപരാശക്തിയായി ദേവി വാണരുളുന്ന ക്ഷേത്രമാണു മാമാനിക്കുന്ന്. ദേവിക്കു വിശേഷ പ്രാധാന്യമുണ്ടെങ്കിലും ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാദേവനാണ്. ദേവിക്കു വടക്കോട്ടും മഹാദേവനു കിഴക്കോട്ടും ആണു ദർശനം. ഉഗ്രരൂപിണിയായ ദേവിയുടെ കോപാഗ്നി മഹാദേവ ദർശനത്തിൽ അൽപം ശാന്തമാകുമെന്നു വിശ്വാസം.
ശ്രീമഹാദേവനെ തൊഴുതു പ്രാർഥിക്കാം. പിന്നെ, മനസ്സാൽ ക്ഷേത്രദർശനത്തിനുള്ള അനുജ്ഞ വാങ്ങാം. അതിനു ശേഷം വലിയ പ്രദക്ഷിണമായി മുന്നോട്ടു നീങ്ങാം. പ്രകൃതിയോട് ഇണങ്ങി നിൽക്കും വിധമാണ് ഇവിടുത്തെ ശാസ്താ പ്രതിഷ്ഠ. തുളസിമാലകളാൽ അലംകൃതനായി പ്രസന്ന ഭാവത്തിലാണു വനശാസ്താവായ സ്വാമി. വലതുകാൽ താഴേക്ക് ഊന്നിയിട്ടുണ്ട്. ഇടതുകാൽ മടക്കിയിരിക്കുന്ന നിലയിലാണു പ്രതിഷ്ഠ.
ഭക്തരുടെ തിരക്കിനിടയിലൂടെ മുന്നോട്ടുനീങ്ങി. ശനിദോഷ ശാന്തിക്കും ഇഷ്ടകാര്യപ്രാപ്തിക്കുമായി നാമജപത്തോടെ മുന്നോട്ടു നീങ്ങുന്ന ഭക്തർ. നെയ്‌വിളക്ക് തെളിയിക്കാനുള്ള തിരക്കുണ്ടവിടെ. മാമാനത്തമ്മയുടെ ശ്രീകോവിലിൽ നിന്നു പകർന്ന ദീപത്തിൽ നിന്നാണു നെയ്‌വിളക്കു കൊളുത്തുന്നത്. അവിടെ നിന്നു മുന്നോട്ട് അൽപം നീങ്ങുമ്പോൾ തന്നെ മാമാനിക്കുന്നിലമ്മയുടെ ശ്രീകോവിൽ കാണാം. മൂന്നു വാതിലുകളാണു ശ്രീകോവിലിനുള്ളത്. ഇ വ ഒരേ നിരയിൽ അല്ല. അൽപം മുന്നോട്ട് ഉയർന്നു നിൽക്കുന്ന നിലയിലാണ് ഒരു മുഖപ്പ്.
മാമാനത്തമ്മയുടെ തിരുമുൻപിൽ
പ്രപഞ്ചത്തിന്റെ ഉടയവളായാണ് ആദിപരാശക്തിയെ സ ങ്കൽപിക്കുന്നത്. മാമാനിക്കുന്നിലമ്മയുടെ നടയുടെ മുന്നിലേക്കു നീങ്ങി. എങ്ങും നിറയുന്ന നാമജപങ്ങൾ. ദീപപ്രഭയിൽ തിളങ്ങുന്ന ശ്രീകോവിൽ. തെച്ചിപ്പൂക്കളുടെ ചുവപ്പ് നിറഞ്ഞ ശ്രീലകം. ശാക്തേയ ആരാധനയിൽ സവിശേഷ പ്രധാന്യമുള്ള ശ്രീചക്ര സാന്നിധ്യം സങ്കൽപിക്കപ്പെടുന്നു. ദേവിയുടെ ഇരുവശത്തുമായി ഗണപതിയും വീരഭദ്രനും.
ഒരു മറുചോദ്യവും ചോദിക്കാതെ അമ്മയുടെ മനസ്സ് അ തേ പോലെ നടത്തുന്ന പുത്രസങ്കൽപം ഗണപതിക്കുണ്ട്. അതുപോലെ തന്നെ പിതാവിന്റെ ഇംഗിതം കർമമാക്കി മാറ്റിയ മൂർത്തിയാണു വീരഭദ്രൻ.
ശ്രീകോവിലിന്റെ മധ്യത്തിൽ വാളിന്റെ രൂപത്തിലാണ് ആദിപരാശക്തി സങ്കൽപം. തൊട്ടുമുന്നിലായി പുറത്തേക്കെഴുന്നെള്ളിക്കുന്ന ശീവേലി ബിംബവും കാണാം. ഹൃദയബാഷ്പങ്ങളായി കവിളിൽ തൊടുന്ന പ്രാർഥനയുടെ ത ണുപ്പുണ്ട് ഓരോ മുഖത്തും. അളക്കാൻ അരുതാത്ത അമ്മയുടെ ശക്തിവിശേഷത്തിനു മുന്നിലെത്തുമ്പോൾ ആരും മനസ്സാൽ കുട്ടിയാകും.
തീവണ്ടിയിരമ്പം കേൾക്കുമ്പോൾ അമ്മയുടെ സാരി ത്തുമ്പു പിടിച്ചു ചേർന്നു നിൽക്കുന്ന കുട്ടിക്കു കിട്ടുന്നതു പോലൊരു ധൈര്യം. അപ്പോൾ ആ കുഞ്ഞിന്റെ മനസ്സിൽ തീവണ്ടിയേക്കാൾ കരുത്തുള്ള ഒന്നേയുള്ളൂ ലോകത്ത്, അമ്മ.

വെയിൽക്കാലങ്ങൾ ജീവിതത്തെ ചുട്ടുപൊള്ളിക്കുമ്പോൾ ഈ സന്നിധിയിലേക്കു വരാം. അമ്മയുടെ കാരുണ്യം നിറ ഞ്ഞ തിരുനടയിൽ നിന്നു തൊഴാം.
മാനം എന്നതിനു അളവ് എന്നൊരർഥമുണ്ട്. മാ എന്നാൽ അരുത്. അളക്കാനരുതാത്ത ശക്തി എന്നാണ് മാമാനം എ ന്ന പേരിന്റെ പൊരുൾ എന്ന് വിശ്വാസം. അല്ലെങ്കിലും അമ്മയുടെ കരുത്ത് ആർക്കാണ് അളക്കാൻ കഴിയുന്നത്?
എങ്ങും നിറയുന്ന പ്രകൃതീഭാവം
മാമാനത്തമ്മയെ തൊഴുതു മുന്നോട്ടു നീങ്ങുമ്പോൾ പ്രദക്ഷിണ വഴിയിലാകെ നിറയുന്നതു പ്രകൃതീഭാവം. നാഗത്തറയും മുല്ലവള്ളികളും നെല്ലിമരവും പാലത്തണലും അ തു മനസ്സിലുറപ്പിക്കും. ക്ഷേത്രപാലസ്വാമിയെയും നാഗദൈവങ്ങളെയും തൊഴുതു പ്രദക്ഷിണം പൂർത്തിയാക്കാം.
ശത്രുദോഷം, കാര്യതടസ്സം അങ്ങനെ പലവിധ ജീവിതസങ്കടങ്ങൾക്കും പ്രത്യേകമായി കൽപിക്കപ്പെട്ട പൂജകൾ ഇവിടെ നടക്കുന്നു. അതിൽ ഏറെ പ്രശസ്തമായത് ‘മറിസ്തംഭം നീക്കൽ’ എന്ന വഴിപാടാണ്. കണ്ണടച്ചു പ്രാർഥനയോടെ ഒരു നാളികേരമെടുക്കാം. തിരഞ്ഞെടുക്കാൻ പാടില്ലെന്നാണു ചിട്ട. അതുമായി ക്ഷേത്രത്തിലെ മര അഴിക്കൂടിനു മുന്നിലെത്തണം.
വടുഭൈരവനും വടുഭൈരവിയുമാണ് ഇവിടുത്തെ മൂർത്തികൾ. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും തടസ്സങ്ങളെയും മറികടക്കാനുള്ള അനുഗ്രഹം തേടിയുള്ളതാണ് ഈ വഴിപാട്. നാളികേരം പീഠത്തിൽ വയ്ക്കും. ഇരുതലയും കൊളുത്തിയ തിരി മൂന്നുതവണ തലയ്ക്കുഴിഞ്ഞ ശേഷം തേങ്ങയ്ക്കു കുറുകെ വയ്ക്കും. ഇതു മൂന്നു തവണ മറികടക്കും. അതിനുശേഷം വാക്കത്തി കൊണ്ടു നാളികേരം വെട്ടിമുറിക്കുന്നതോടെ ചടങ്ങു പൂർത്തിയാകും.

നടൻ മോഹൻലാൽ ക്ഷേത്രത്തിലെത്തി ഈ ചടങ്ങുചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാമാനത്തമ്മയുടെ ഭക്തനായ സുരേഷ് ഗോ പി കേന്ദ്ര സഹമന്ത്രി ആയശേഷവും ഇവിടെ ദർശനം നടത്തിയിരുന്നു. പ്രതിസന്ധികളെ മറികടക്കാനുള്ള ആത്മശക്തി നേടലാണ് ഈ വിശ്വാസത്തിന്റെ പൊരുൾ.
സങ്കടങ്ങളുടെ നാളികേരമുടച്ചു ശുദ്ധമായ മനസ്സോടെ ക്ഷേത്രസന്നിധിയിൽ നിന്നിറങ്ങുന്ന ഭക്തർ. അവർക്കിടയിലൂടെ മെല്ലെ നീങ്ങുമ്പോൾ വലിയമ്മയുടെ സ്വരം മനസ്സിൽ മന്ത്രിച്ചു, ലളിതാസഹ്രസ്രനാമം.
‘ശ്രീചക്ര രാജനിലയാ
ശ്രീമത് ത്രിപുര സുന്ദരീ
ശ്രീ ശിവാ ശിവശക്ത്യൈക്യരൂപിണീ
ലളിതാംബികാ’
വിശേഷ ദിനങ്ങൾ
‘‘ദേവിയുടെ പിറന്നാളായ തൃക്കാർത്തിക നക്ഷത്രദിനത്തിലെ ദർശനം വിശേഷകരമാണ്. പൗർണമിയും അമാവാസിയും പ്രധാനമാണ്. പൗർണമിയിൽ ദേവി ശാന്തസ്വരൂപിണിയാണ്. അമാവാസി ഉഗ്രഭാവത്തിന്റെ ഉത്തുംഗത്തിലെത്തുന്ന ദിനവും.
മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയുള്ള ഒൻപതു ദിവസങ്ങളിലാണ് പൂരമഹോത്സവം. കർക്കടകത്തിലെ ലക്ഷാര്‍ച്ചനയും അതിരുദ്രവും പ്രധാനമാണ്. സാധാരണ ക്ഷേത്രങ്ങളിൽ ഒൻപത് ദിവ സം നടക്കുന്ന നവരാത്രി പൂജ ഇവിടെ 16 ദിവസമാണ്.’’ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസർ പി. മുരളീധരൻ പറഞ്ഞു.
ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിക്കാനുള്ള സ്വയംവരപൂജയും സൽസന്താന പ്രാപ്തിക്കായുള്ള വിശേഷപൂജകളും ഇവിടുത്തെ പ്രത്യേകതയാണ്.
മഹാദേവിക്ക് ഏറ്റവും പ്രിയംകരമായ വഴിപാടാണു ശക്തിപൂജ. ശത്രുസംഹാര ഹോമത്തിനും പ്രാധാന്യമുണ്ട്. വിവിധ ക്രമത്തിലുള്ള പൂജകളാൽ ചൈതന്യം ശക്തിമത്താവുന്ന പരിസമാപ്തി വേളയിലാണു ഹോമം നടക്കുന്നത്. ജന്മഗ്രഹങ്ങൾ ശത്രുസ്ഥാനത്തു നിൽക്കുന്നതു മൂലമുള്ള ദോഷമകറ്റാൻ ഇതിനു കഴിയുമെന്നു വിശ്വാസം. ഗ്രഹദോഷങ്ങളെ പോലും മാറ്റാൻ ആദിപരാശക്തിക്കു കഴിയുമെന്ന വിശ്വാസത്തിന്റെ ഭാഗമാണിത്.

ക്ഷേത്രത്തിൽ എത്താൻ
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയ്ക്ക് അരികിലാണു ക്ഷേത്രം. തളിപ്പറമ്പ്–ശ്രീകണ്ഠപുരം–ഇരിക്കൂ ർ–30 കിലോമീറ്റർ. കണ്ണൂർ–ചാലോട്–ഇരിക്കൂർ–30 കിലോമീറ്റർ. തലശ്ശേരി–അഞ്ചരക്കണ്ടി–ചാലോട്–ഇ രിക്കൂർ–30 കിലോമീറ്റർ.
കല്യാട് താഴത്തുവീട് തറവാടിന്റെ ഊരാണ്മയിൽ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ് ക്ഷേത്രം. തറവാട്ടിലെ മുതിർന്ന കാരണവരായ കെ.ടി. ഹരിശ്ചന്ദ്രൻ നമ്പ്യാരാണു ക്ഷേത്രം ട്രസ്റ്റി. കാട്ടുമാടം ഇളയിടത്ത് മഠത്തിൽ ഈശാനൻ നമ്പൂതിരിപ്പാടാണു ക്ഷേത്രംതന്ത്രി. ഊരാളിക്കണ്ടി ഇല്ലത്ത് ച ന്ദ്രൻ മൂസതാണ് മേൽശാന്തി. നേരിട്ടു സാന്നിധ്യം ആ വശ്യം ഇല്ലാത്ത വഴിപാടുകൾ ഓൺലൈനായി ക്ഷേത്രം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
വെബ് അഡ്രസ്– www.mamanikkunnu.org
ഇമെയിൽ - mamanikkunnutemple@gmail.com