Saturday 10 June 2023 04:42 PM IST

ശക്തിമാന്റെ മുഖമായിരുന്നു അന്ന് കൊട്ടിയൂരപ്പന്, ഞങ്ങളുടെ സൂപ്പർഹീറോ! കുട്ടിക്കൂട്ടത്തിന്റെയുള്ളിൽ ഭക്തിനിറയും കൊട്ടിയൂർ ഉത്സവം

Akhila Sreedhar

Sub Editor

KOTTIYOOR-TEMPLE(1)

മുറ്റത്തിനോരത്ത് ഈയാംപ്പാറ്റകൾ കൂട്ടമായി പറന്നുയർന്നൊരു സന്ധ്യ. ഇന്നു മഴ ഉറപ്പാ! അല്ലെങ്കിലും വൈശാഖമഹോത്സവത്തിന് മഴയില്ലാതെ വരുമോ... ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് വല്യമ്മ ഉമ്മറത്തേക്ക് കയറിയിരുന്നു. അച്ഛനൊപ്പം കൊട്ടിയൂർ ഉത്സവം കൂടാൻ പോകാനുള്ള തീയതി തീരുമാനിക്കാനുള്ള വരവാണ്. ആ ഇരിപ്പിനൊപ്പം കഥകൾ മഴപോലെ പെയ്യും. ഭൂമി കുളിരും പോലെ ഞങ്ങൾ കുട്ടിക്കൂട്ടത്തിന്റെയുള്ളിൽ ഭക്തിനിറയും. ശക്തിമാൻ സീരിയലിലെ ശക്തിമാന്റെ മുഖമായിരുന്നു അന്ന് കൊട്ടിയൂരപ്പന്. ഞങ്ങളുടെ സൂപ്പർ ഹീറോ. പുലർച്ചെ മൂന്നുമണിയ്ക്ക് എഴുന്നേറ്റ് ബാവലിപ്പുഴയിൽ കുളിച്ച് ഈറനോടെ മുട്ടറ്റം വെള്ളത്തിൽ മണിക്കൂറുകൾ വരിനിൽക്കമത്രേ ഭഗവാനെ കാണാൻ. 

ഉമ്മറത്ത് കഴുക്കോലിൽ കെട്ടിത്തൂക്കിയിരിക്കുന്ന ഓടപ്പൂക്കൾ അച്ഛന്റെ കൊട്ടിയൂർ ദർശനത്തിന് എണ്ണമിട്ടു. പത്തോ പതിനഞ്ചോ ദിനം നീളുന്ന വ്രതമെടുത്താണ് ക്ഷേത്രത്തിലേക്കുള്ള യാത്ര. വല്യമ്മ വാക്കുകളിലൂടെ വരച്ചിട്ട കൊട്ടിയൂരിന്റെ ചിത്രം ഒരു മോഹമായി ഹൃദയത്തിന്റെ ചുവരിൽ പതിച്ചുവച്ചു. ആ കൊല്ലത്തെ കൊട്ടിയൂർ യാത്രയ്ക്ക് അവിചാരിതമായൊരു ഗോൾഡൻ എൻട്രി ഞങ്ങൾക്കും കിട്ടി. നാടിന് പുറത്ത് മറ്റൊരു ജില്ലയിലേക്കുള്ള ആദ്യ യാത്ര. 

ചിണുങ്ങിക്കരയുന്ന മഴയും ചിരിക്കുന്ന ഞാനും 

പിറ്റേന്ന് മുതൽ കഠിന വ്രതം തുടങ്ങി. ‘മീനും ഇറച്ചിയും തലേന്നത്തെ ഭക്ഷണവുമൊന്നും കഴിക്കാൻ പാടില്ല. അണ്ണാനും വവ്വാലും ഒക്കെ തിന്നതിന്റെ ബാക്കി മാമ്പഴമാകും തൊടിയിൽ വീഴുന്നത്. അതെടുത്ത് തിന്നാലും വ്രതം മുറിയും. വ്രതം മുറിക്കുന്നവരെ കൊണ്ടുപോകില്ല’. അമ്മ കട്ടായം പറഞ്ഞു. എന്തു ത്യാഗവും സഹിക്കാം, കൊട്ടിയൂരിൽ പോകാനല്ലേ. 

യാത്ര പോകുന്ന അന്ന്  അമ്മ പുലർച്ചെ ഉണരും. ചപ്പാത്തിയും അച്ചാറും വെളിച്ചെണ്ണയിൽ മുളകുപൊടി ചേർത്ത് മൂപ്പിച്ചെടുത്ത ഉള്ളിക്കറിയും വെവ്വേറെ പൊതികളിലാക്കും. വലിയകുപ്പിനിറയെ ചുക്കുവെള്ളം. ഇത്രയും രാത്രി അത്താഴത്തിനുള്ളതാണ്. ക്ഷേത്രദർശനം കഴിയും വരെ പുറത്ത് നിന്ന് ഒന്നും കഴിക്കരുത്. കോഴിക്കോട് നിന്ന് കണ്ണൂർക്കുള്ള ആനവണ്ടിയിൽ കയറി. ജനലരികിൽ ഇരിപ്പുറപ്പിച്ചു. കാറ്റ് താരാട്ട് പാടിയുറക്കി. എത്രദൂരം പിന്നിട്ടെന്ന് അറിയില്ല. ചാറ്റൽ മഴ മുഖത്ത് വെള്ളം തളിച്ച്  എഴുന്നേൽപ്പിച്ചു. പിന്നെയും ഒരു ബസ് മാറി കയറി. കുറച്ച് ദൂരം കഴിഞ്ഞതും സ്വാമിമാർ ശബരിമലയ്ക്ക് പോകും പോലെ വഴിയരികിലൂടെ ഇളനീർ കുലകളുമായി നടന്ന് നീങ്ങുന്ന ഭക്തർ. ഇളനീരാട്ടത്തിന് സമർപ്പിക്കാനുള്ളതാണത്രേ അത്.  കൊട്ടിയൂരപ്പന്റെ കീർത്തനങ്ങൾ പാടുന്ന, റോഡിനിരുവശവും ഓടപ്പൂക്കൾ നിറഞ്ഞ കടകളുള്ള ചെറിയൊരു ടൗൺ. ബസ് സ്റ്റാൻഡിൽ നിർത്തി.  ആഘോഷപൂർവം ഓംകാരവിളികളോടെ ഞങ്ങൾ ഇറങ്ങി. 

Kottiyur

സത്രത്തിലെ രാത്രി 

ദേവസ്വം വക സത്രത്തിൽ ഭക്തർക്ക് സൗജന്യതാമസമുണ്ട്. വലിയൊരു ഹാൾ. നിലത്ത് പായ വിരിച്ച് കിടക്കാം. ചെറിയൊരു തുക കൊടുത്താൽ പായ അവിടെ നിന്ന് കിട്ടും. രാവിലെ അത് മടക്കി നൽകി പണം തിരികെ വാങ്ങാം. സാധനങ്ങളെല്ലാം സത്രത്തിൽ വച്ച് ഞങ്ങൾ നാടുകാണാനിറങ്ങി. കല്ലിൽ തട്ടിത്തെറിച്ച് ചിരിച്ചൊഴുകുന്ന ബാവലിപ്പുഴ. പാലത്തിൽ നിന്നാൽ പുഴയുടെ സൗന്ദര്യം പൂർണമായി ആസ്വദിക്കാം. ചുറ്റിലും കാടിന്റെ ഇരുണ്ട പച്ചപ്പ്. 

വഴിയരികിലെ കടകളിലെല്ലാം പല വലുപ്പത്തിൽ ഉണ്ടാക്കിയിരിക്കുന്ന ഓടപ്പൂക്കളാണ്. അപ്പൂപ്പന്മാരുടെ താടിപോലെയുള്ള ഓടപ്പൂക്കൾ കണ്ടപ്പോൾ വല്യമ്മ പറഞ്ഞ കഥയോർത്തു.

‘ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തുന്ന യാഗത്തിലേക്ക് ക്ഷണിക്കാതെ ചെന്ന് അപമാനിതയായ ശിവ പത്നി സതീദേവി ഹോമകുണ്ഡത്തിൽ ചാടി ദേഹത്യാഗം ചെയ്തത്രേ. ഇതിൽ കുപിതനായ 

പരമശിവന്റെ നിർദേശമനുസരിച്ച്, ദക്ഷയാഗം മുടക്കാനായി വീരഭദ്രനോടൊപ്പം എത്തിയ ഭൂതഗണങ്ങൾ യാഗത്തിനു വന്ന സന്ന്യാസിമാരുടെ താടി പറിച്ചെടുത്തെറിഞ്ഞു. അവയാണത്രേ ഓടമുളകളായി തീർന്നത്.  ഈ ഓടമുളകൾ തല്ലിച്ചതച്ചാൽ താടിപോലെയിരിക്കുന്ന ഓടപ്പൂവ് ഉണ്ടാക്കാം. അതും ഉത്സവകാലത്ത് മാത്രം. 

AKKARE-KOTTIYOOR-TEMPL55E

സന്ധ്യാസമയം.  ചന്ദനത്തിരിയുടെ, കർപ്പൂരത്തിന്റെ വാസന എങ്ങും നിറഞ്ഞു. ഞങ്ങൾ സത്രത്തിലേക്ക് മടങ്ങി. തൊട്ടടുത്ത പായയിൽ പ്രായമായൊരു അപ്പൂപ്പൻ. കണ്ണുകളിറുക്കി കാണിച്ച് കുസൃതിച്ചിരിയോടെ ഞങ്ങളെ അടുത്ത് വിളിച്ചു. പ്രായത്തിനൊത്ത് മനസ്സ് ചെറുതാകുന്നതുകൊണ്ടോ എന്തോ ഞങ്ങൾ പെട്ടെന്ന് കൂട്ടുകാരായി. ക്ഷേത്രത്തിലെ ചടങ്ങുകളെ കുറിച്ച്  വല്യമ്മ പറഞ്ഞതിലും കൂടുതൽ കാര്യങ്ങൾ അദ്ദേഹം രസകരമായി പറഞ്ഞുതുടങ്ങി.

പ്രക്കൂഴം മുതൽ ഇളനീർവെപ്പ് വരെ

‘കൊട്ടിയൂരിൽ രണ്ട് ആരാധനാസ്ഥലങ്ങളാണുള്ളത്. ഇക്കരകൊട്ടിയൂരും അക്കരെ കൊട്ടിയൂരും.  ഇക്കരകൊട്ടിയൂരിൽ ക്ഷേത്രമുണ്ട്.  തുരുവഞ്ചിറ എന്ന ജലാശയത്തിലുള്ള രണ്ടു ശിലകളാണ് മൂലസ്ഥാനം. സ്വയംഭൂലിംഗവും അമ്മാരക്കല്ലും എന്നിങ്ങനെയാണവ അറിയപ്പെടുന്നത്. ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചോതി വരെ മാത്രമേ അക്കരെ കൊട്ടിയൂരിൽ പൂജയുള്ളൂ. ഈ സമയത്ത് താൽകാലിക ഷെഡുകൾ കെട്ടി ക്ഷേത്രമായി സങ്കൽപിക്കുന്നു. ഉത്സവം കഴിഞ്ഞാൽ ഈ പ്രദേശം കാടുമൂടും. ബാക്കി 11 മാസം ഇക്കരെ കൊട്ടിയൂരിലാണ് മഹാദേവ സാന്നിധ്യം എന്നാണ് വിശ്വാസം. 

മേടമാസത്തിലെ വിശാഖം നാളിൽ നടക്കുന്ന പ്രക്കൂഴം എന്ന ചടങ്ങോടെയാണ് വൈശാഖ മഹോത്സവം ആരംഭിക്കുന്നത്. പടിഞ്ഞീറ്റ നമ്പൂതിരി ആയില്യാർക്കാവിൽ വിളക്കുവച്ച് പൂജയ്ക്ക് തുടക്കമിടുന്നു. ഇടവമാസത്തിലെ മകം നാളിലാണ് അടുത്ത ചടങ്ങായ നീരെഴുന്നള്ളത്ത്. സ്ഥാനികർ അക്കരെ കൊട്ടിയൂരേക്ക് ആദ്യമായി കടന്നുചെല്ലുന്ന ദിനമാണിത്. ബാവലിപ്പുഴയിൽ മുങ്ങിക്കുളിച്ച് തീർഥം ശേഖരിച്ച് അക്കരെ കൊട്ടിയൂരെത്തി കർമങ്ങൾ ചെയ്യും. ശേഷം അടിയന്തിര യോഗക്കാർ നിശ്ചിത സ്ഥലത്ത് നിന്ന് എടുക്കുന്ന കൂവയിലയിൽ നീരെഴുന്നള്ളിച്ച് അക്കരെ ക്ഷേത്രത്തിലേക്ക് കടക്കുന്നു. പടിഞ്ഞീറ്റ നമ്പൂതിരി മണിത്തറയിൽ കർമങ്ങൾ ചെയ്യും. ശേഷം എല്ലാവരും ചേർന്ന് മണിത്തറയിൽ നീരഭിഷേകം നടത്തും.  വയനാട്ടിലെ മുതിരേരിക്കാവിൽ നിന്ന് നെയ്യാട്ട ദിവസം സന്ധ്യയോടെ ഒരു വാൾ എഴുന്നള്ളിച്ച് കൊണ്ടുവരുന്ന ചടങ്ങുണ്ട്. ആ വാൾ പടിഞ്ഞീറ്റ നമ്പൂതിരി ഇക്കരെ കൊട്ടിയൂരിലെ ശ്രീകോവിലിൽ സൂക്ഷിക്കും. അതിനു ശേഷമാണ് അക്കരെ കൊട്ടിയൂരിൽ പോയി ചോതി വിളക്ക് കൊളുത്തുന്നത്. ചോതി വിളക്ക് തെളിഞ്ഞതിന്റെ പിറ്റേന്ന് തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും വാദ്യഘോഷ അകമ്പടിയോടെ അക്കരെയ്ക്ക് എഴുന്നള്ളിക്കും. അതോടെ നിത്യേനയുള്ള പൂജകൾ തുടങ്ങും. ഇളനീർവെപ്പാണ് മറ്റൊരു ചടങ്ങ്. സപ്തമി ദിനത്തിൽ ഭക്തർ ഇളനീർക്കുലകളുമായി ഇവിടെയെത്തും. അന്ന് രാത്രി ശ്രിഭൂതബലിയും കഴിഞ്ഞാണ് ഇളനീർ സമർപ്പണം. പിറ്റേന്നാണ് ഇളനീരാട്ടം. ഇളനീരാട്ടത്തിന് മുൻപായി മുത്തപ്പൻ വരവ് എന്ന ചടങ്ങുണ്ട്. 

KOTTIYOOR-TEMP77LE

മകം നാളിൽ ഉച്ച ശീവേലിക്കു ശേഷം ആനകളെ ഇക്കരെ കൊട്ടിയൂരേയ്ക്ക് തിരിച്ചയയ്ക്കും. അന്നു മുതൽ സ്ത്രീകൾക്ക് അക്കരെയ്ക്ക് പ്രവേശനമില്ല. ചോതി നാളിൽ വറ്റടി എന്ന ചടങ്ങ് കഴിഞ്ഞ് സ്വയംഭൂ അഷ്ടബന്ധം കൊണ്ടുമൂടും. പിന്നീട് ആരും അക്കരെ നിൽക്കാറില്ല.’ 

ബാവലിപ്പുഴയുടെ തണുപ്പിൽ

കഥ കേട്ട് എപ്പോഴാണ് ഉറങ്ങിപ്പോയത്...! പുലർച്ചെ മൂന്നുമണിയോടെ എഴുന്നേറ്റു. സത്രത്തിന് പുറത്തിറങ്ങി ബാവലിപ്പുഴ ലക്ഷ്യമാക്കി നടന്നു. മഴക്കാലം തുടങ്ങുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ മുട്ടറ്റം മാത്രമേ വെള്ളമേയുള്ളൂ. മുങ്ങിക്കുളിക്കാനുള്ള വെള്ളം പുഴയ്ക്ക് ഒരു ഭാഗത്ത് തടയണകെട്ടി തടഞ്ഞുനിർത്തിയിട്ടുണ്ട്. മൂക്കുപൊത്തി ഒറ്റതവണ മുങ്ങിപ്പൊങ്ങി. തണുപ്പ് ഉള്ളുതൊട്ടു. പുഴയിൽ നിന്ന് എടുത്ത ഉരുളൻകല്ലുകൾ ചേർത്തുരച്ചപ്പോൾ കിട്ടിയ ചന്ദനം നെറ്റിയിൽ ചാർത്തി.  ഈറനോടെ അക്കരെ കൊട്ടിയൂർ ലക്ഷ്യമാക്കി നടന്നു. കാടിനുള്ളിൽ മണിക്കൂറുകൾ നീണ്ട വരി. വിറയാർന്ന ചുണ്ടുകളാൽ ഓം നമഃ ശിവായ എന്ന് ഉറക്കെയുറക്കെ പറഞ്ഞു.  സൂര്യൻ ഉറക്കച്ചടവോടെ എഴുന്നേറ്റു വരുന്നതേയുള്ളൂ. കാടിനെ വിഴുങ്ങിയ ഇരുട്ടിൽ സുഷിരങ്ങൾ വീണപോലെ പ്രഭാതകിരണങ്ങൾ... വലിയ ഗോപുരമോ നാലമ്പലമോ ശ്രീകോവിലോ ഇല്ലാതെ കാടിനുള്ളിൽ കല്ലുകൾകൊണ്ട് കെട്ടിയുയർത്തിയ മണിത്തറയിലെ ‘കുഴി’ യിലാണ് മഹാദേവന്റെ പ്രതിഷ്ഠ. വെള്ളത്തിനു നടുവിലായി ഓലമേഞ്ഞ ചെറിയ കെട്ടിടങ്ങൾ. ഇത്തരം 32 കയ്യാലകളാണ് ഉത്സവകാലത്ത് ഇവിടെ പണിതീർക്കുന്നത്. പ്രദക്ഷിണ വഴിനീളെ  മുട്ടറ്റം വെള്ളമാണ്. തൊഴുത് വലംവച്ച് പ്രസാദവും വാങ്ങി പുറത്തിറങ്ങി. അതേ വേഷത്തിൽ ഇക്കരെ കൊട്ടിയൂരേക്ക് നടന്നു. അക്കരെ കൊട്ടിയൂരിൽ നിന്ന് വിഭിന്നമായി ഇവിടെ ക്ഷേത്രമുണ്ട്. ചെരിപ്പിടാതെ, തണുത്ത് വിറച്ചുള്ള നടപ്പ് പ്രയാസമായി തോന്നി. 

Kottiyur 3

സാധാരണ കാണുന്ന മഹാദേവ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ ആണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം.  വഴിനീളെ ഭിഷാടനത്തിനായി ഇരിക്കുന്ന ആളുകൾ. അവരുടെ ഓരോ നോട്ടത്തിലും  നിന്നെ ഇപ്പോ പിടിച്ചുകൊണ്ടുപോകുമെന്ന് പറയുന്ന പോലെ...അമ്മയുടെ നനഞ്ഞ സാരിയ്ക്കുള്ളിലേക്ക് നൂണ്ട് സ്വയം സുരക്ഷ ഉറപ്പാക്കി നടന്നു.

ഉത്സവകാലത്ത് മഹാദേവ സാന്നിധ്യം അക്കരെ കൊട്ടിയൂരാണെന്ന് വല്യമ്മ പറഞ്ഞതോർത്തു. ദൈവസാന്നിധ്യമില്ലാത്ത ക്ഷേത്രക്കെട്ടിടം കാണാൻ പിന്നെ എന്തിനാണാവോ ഇക്കരെ കൊട്ടിയൂരേക്ക് ആളുകൾ വരുന്നത്! അസ്ഥാനത്തെ സംശയത്തിന് തലയ്ക്കൊരു കിഴുക്ക് കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട് ആ സംശയം കൂടി ചാലിച്ച് ഉറക്കെയുറക്കെ ഓം നമഃശിവായ വിളിച്ചു പ്രദക്ഷിണം വച്ചു.

Kottiyur 2

ആചാരങ്ങൾ കൈവിടാതെ...

പഴയ കമ്മീസുകാരി പട്ടുപാവാടയിലേക്ക് മാറിയപ്പോഴേക്കും എത്രയോ ഉത്സവകാലങ്ങൾ കടന്നുപോയി. ഒപ്പം കാഴ്ചപ്പാടുകളും വളർന്നു. മഴക്കാലത്ത് കൂടുവയ്ക്കാൻ അണ്ണാറക്കണ്ണന്മാർ ഓടപ്പൂവ് മോഷണം പതിവാക്കും വരെ ഉത്സവം കൂടിയ ഓർമകളെണ്ണിയെടുക്കാൻ ഓടപ്പൂവിലേക്കൊരു നോട്ടം മതിയായിരുന്നു. പ്രായം കാലുകളെ ബന്ധിച്ചതോടെ വല്യമ്മ കൊട്ടിയൂർ ദർശനം അവസാനിപ്പിച്ചു. അവർക്കുകൂടി വേണ്ടിയുള്ള പ്രാർഥന അച്ഛന്റെ ഉത്തരവാദിത്തമായി. ഭക്ഷണം പൊതിഞ്ഞ് കെട്ടി ആനവണ്ടിയിൽ കാഴ്ചകൾ കണ്ട് പോയിരുന്ന വൈശാഖമഹോത്സവക്കാലം ഓർമകളിൽ തിളങ്ങി. 

എങ്കിലും പഴയ അതേ കുട്ടികൗതുകത്തോടെ  വർഷാവർഷം ഉത്സവം കൂടി.  ചെണ്ട, കൊമ്പ് ചേങ്കില മേളങ്ങളുടെ അകമ്പടിയില്ലാത്ത  പ്രകൃതിയുടെ ഉത്സവമാണ് കൊട്ടിയൂരേത്. മഴയുടെ പ്രണയഭാവത്തെ മനോഹരമായി  അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും  അതിലും തീവ്രമായ വികാരമായി മഴ അവതരിക്കുന്നത് കൊട്ടിയൂരിന്റെ മണ്ണിലാണ്. പൂവും പുഴുവും പുൽനാമ്പും വരെ ഇവിടെ  ഉത്സവത്തിന്റെ ഭാഗമാകുന്നു. കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തി, മഴയാസ്വദിച്ചു. കൊട്ടിയൂർ ടൗണിനു ചുറ്റും ഒട്ടേറെ ഹോട്ടലുകളും റസ്റ്ററന്റുകളും നിറഞ്ഞിട്ടുണ്ട്. അതിൽ ഭേദപ്പെട്ട ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്തു. ശുദ്ധവെജിറ്റേറിയൻ എന്നെഴുതിയ ഹോട്ടലിൽ കയറി മസാലദോശ ഓർഡർ കൊടുത്തു. ദോശ ആസ്വദിച്ച് കഴിക്കുന്ന അമ്മയെ കണ്ടപ്പോൾ ചിരിവന്നു. പുറത്തുനിന്ന് ഭക്ഷണം കഴിച്ചാൽ വ്രതം മുറിയില്ലേ എന്ന് തമാശ പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു. അല്ലെങ്കിലും സന്ദർഭോചിതമായി മനുഷ്യരുണ്ടാക്കുന്നതല്ലേ വിശ്വാസവും ആചാരങ്ങളും. ! പക്ഷേ, വിശ്വാസത്തിന്റെ ഉറപ്പും തിളക്കവും അന്നും ഇന്നും ഒരു പോലെ... 

KOTTIYOOR-TEMPLE

കാടുറങ്ങുന്ന പതിനൊന്ന് മാസം

തോർത്തുമുണ്ടുടുത്ത്,  രണ്ടറ്റത്തുമായി ഇളനീർകുലകൾ കെട്ടിവച്ച  കമ്പ് തോളിലേറ്റി നടന്നുവരുന്നവരെ കണ്ടു. പുരുഷന്മാരാണ് ഈ ചടങ്ങിൽ പങ്കുകൊള്ളുന്നത്. ഓടപ്പൂ വിൽക്കുന്ന കടയിലെ സന്ന്യാസി വേഷധാരിയായ ഒരാളാണ് അതിനു പിന്നിലെ ഐതീഹ്യം പങ്കുവച്ചത്. ‘ഭക്തർ കൊണ്ടുവരുന്ന ഈ ഇളനീർകാവ് ശിവലിംഗത്തിനു മുന്നിൽ സമർപ്പിക്കും. ഉത്സവം തുടങ്ങി ആദ്യത്തെ പതിനൊന്ന് ദിവസം ശിവൻ കോപാകുലനായിരിക്കുമെന്നും കോപം തണുക്കാൻ ഇളനീരഭിഷേകം, കളഭാഭിഷേകം എന്നിവ നിർത്താതെ ചെയ്യുമത്രേ. കൊട്ടിയൂർ ക്ഷേത്രത്തിന് കീഴിൽ എഴുപത്തിരണ്ടോളം ഉപക്ഷേത്രങ്ങളുണ്ട്. ഇവ മലബാറിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്നു. ഉത്സവസമയത്ത് ഈ ക്ഷേത്രങ്ങളിലെ ബന്ധപ്പെട്ടവർ കൊട്ടിയൂർ വന്ന് ദക്ഷിണ വാങ്ങുന്നു. ആഘോഷങ്ങളിലുപരി ആചാരങ്ങളാണ് കൊട്ടിയൂർ ഉത്സവത്തിന്റെ പ്രത്യേകത. ഉത്സവത്തിന് മുൻപുള്ള പതിനൊന്ന് മാസം അക്കരെ കൊട്ടിയൂരിലേക്ക് ആർക്കും പ്രവേശനമില്ല. ആ പ്രദേശമാകെ ‘കാടുവിഴുങ്ങും’. ഈ പതിനൊന്ന് മാസവും ഭഗവാന്റെ സാന്നിധ്യം ഇക്കരെ കൊട്ടിയൂരാണ്. തിടമ്പാണ് ഇവടുത്തെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം.

മേടത്തിലെ വിശാഖം നാളിൽ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പുറക്കൂഴം എന്നൊരു ചടങ്ങുണ്ട്. ഉത്സവത്തിന്റെ കർമ്മങ്ങളെല്ലാം നടത്തേണ്ട ദിനങ്ങൾ തീരുമാനിക്കുന്നത് പുറക്കൂഴത്തിന്റെ അന്നാണ്. കൊട്ടിയൂരിന്റേതായ ചില ഗൂഢ ആചാരങ്ങളുണ്ട്. പുറക്കൂഴത്തിന്റെ അന്ന് രാത്രി ആയില്യാർക്കാവിൽ പടിഞ്ഞാറ്റി നമ്പൂതിരി ചില ചടങ്ങുകൾ നടത്തും. ഇതിനു ശേഷം നൽകുന്ന അപ്പടനേദ്യം കഴിക്കുന്നവർക്ക് കൈപ്പുരസം തോന്നുന്നുവെങ്കിൽ കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവം വരെ അവർ ജീവിച്ചിരിക്കില്ലെന്നാണ് വിശ്വാസം. നടത്തേണ്ട ആചാരങ്ങൾ അടുത്ത തലമുറയ്ക്ക് ഉപദേശിക്കാൻ സമയമായി എന്ന് കാണിക്കാൻ ഭഗവാൻ കൊടുക്കുന്ന സൂചനയാണിതെന്ന് പറയപ്പെടുന്നു’...കണ്ണുമിഴിച്ച് കഥകൾ കേട്ടിരിക്കെ പെട്ടെന്ന് ഫുൾ േസ്റ്റാപ്പിട്ട് ചെറു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു, നിങ്ങൾക്ക് കൂടുതലറിയാൻ ദേ ഈ പുസ്തകം വായിച്ചാൽ മതി. വെറും 2300 രൂപ. വേണ്ട സ്വാമീ, ഇതൊക്കെ വെറും കഥകളല്ലേ എന്നൊരു ഡയലോഗിൽ കാശ് ലാഭിച്ച് ജസ്റ്റ് എസ്കേപ്പ്....എന്തായാലും പുള്ളിക്കാരന്റെ സെയിൽസ് സ്കിൽ അപാരം.

പിറ്റേന്ന് പതിവുപോലെ മൂന്നുമണിക്ക് എഴുന്നേറ്റു. കാടിനുള്ളിലേക്ക് നടന്നു. ബാവലിപുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ മോടി മുൻ വർഷത്തേക്കാൾ കൂടിയിട്ടുണ്ട്. ആളുകൾക്ക് ഇറങ്ങി കുളിക്കാവുന്ന പാകത്തിൽ കടവ് നിർമിച്ചിട്ടുണ്ട്. മുങ്ങിക്കുളിക്കാൻ ആളുകൾ നന്നേ കുറവ്. ബാവലിത്തീരത്തെ കുളിമുറി സൗകര്യമാണ് മിക്കവരും ഉപയോഗിക്കുന്നത്. നനഞ്ഞ് ഈറനോടെ ചുണ്ടിൽ ഓംകാര നാമം ജപിച്ച് മുന്നോട്ട്. വഴിനീളെ വെള്ളമാണ്. ടൗണിനിപ്പുറം പാലം കടന്നാൽ കാടിന്റെ കാഴ്ചകളിൽ  മാറ്റമില്ല. എല്ലാം പഴയപോലെ. 

എത്രതവണ വന്നെന്നു പറഞ്ഞാലും കാടിനുള്ളിലെ കയ്യാലകളും മണിത്തറയും അതിനുചുറ്റിലും വെള്ളത്തിലൂടെ പ്രദക്ഷിണം വയ്ക്കുന്നവരെയും കാണുമ്പോൾ ആദ്യ യാത്രയുടെ അതേ കൗതുകം തികട്ടുന്നു. സ്വയംഭൂ സന്നിധിയിൽ സ്വയം അർപ്പിച്ച്, കലിബാധയെ ദൂരെയകറ്റി തിരികെ നടന്നു. മേയ് മാസത്തിലെ ആദ്യ വേനൽമഴ. ഉത്സവത്തിന് ഇനി എത്രനാൾ ബാക്കിയുണ്ട്, പതിവുപോലെ അച്ഛൻ  ഉമ്മറത്തെ ചാരുകസേരയിലിരുന്ന് കലണ്ടറെടുത്ത് എണ്ണിത്തുടങ്ങി. കൊട്ടിയൂരപ്പന്റെ തിരുസന്നിധിയിലെത്താൻ ഇനിയെത്ര കാതം ബാക്കിയുണ്ട്...! 

എത്തിച്ചേരാൻ

കണ്ണൂർ ജില്ലയിലാണ് കൊട്ടിയൂർ. തലശേരിയിൽ നിന്ന് 64കിലോമീറ്റർ അകലെ. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് വഴിയും കോഴിക്കോടു നിന്ന് മാനന്തവാടി വഴിയും കൊട്ടിയൂരെത്താം.

കൂടുതൽ വിവരങ്ങൾക്ക്, 0490 2430234, 2430434

kottiyoordevaswom@gmail.com, www.kottiyoordevaswom.com

മേയ് 6 മുതൽ ജൂൺ 28 വരെയാണ് ഈ വർഷത്തെ ഉത്സവം. ജൂൺ മൂന്ന് മുതൽ ജൂൺ 24 ഉച്ചവരെ മാത്രം സ്ത്രീകൾക്ക് പ്രവേശനം.

Tags:
  • Movies