75ാം വയസ്സിൽ അൻപതാം ഹിമാലയ സഞ്ചാരത്തിന് ഒരുങ്ങുന്ന കൃഷ്ണൻ നായരുടെ ജീവിതാനുഭവങ്ങൾ...
കന്യാകുമാരിയിലെ പാർവതീപുരത്തെത്തി കൃഷ്ണൻനായരെ തിരക്കിയാൽ ഉടനൊരു മറുചോദ്യം പ്രതീക്ഷിക്കാം, ‘‘നമ്മ ഹിമാലയം കൃഷ്ണൻ നായരാ?’’. കഴിഞ്ഞ 57 വർഷത്തിനിടെ 49 തവണ ഹിമാലയം സന്ദർശിച്ച 75 കാരൻ. നിരന്തരയാത്രകളിലൂടെ ഹിമാലയം മേൽവിലാസമാക്കിയ മേടയിൽ വീട്ടിൽ എസ്.കൃഷ്ണൻ നായർ.
‘‘എത്ര കണ്ടാലും മതിവരാത്തതായി എന്തുണ്ടീ ഭൂമിയിൽ എന്നു ചോദിച്ചാൽ ഒരുത്തരമേ എനിക്കുള്ളൂ. ഹിമാലയം. പോകണമെന്ന തോന്നൽ ഉള്ളിൽ ശക്തമാകുമ്പോൾ പെട്ടി റെഡിയാക്കി അങ്ങിറങ്ങും. അപ്പോൾ മഴയും മഞ്ഞും തണുപ്പും പ്രായവും ഒന്നും മനസ്സിൽ വരില്ല.’’ അൻപതാം ഹിമാലയ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കൃഷ്ണൻ നായർ.
ഓർമകൾ ഓടുന്ന കുട്ടിക്കാലം
മേടയിൽ വീട്ടിൽ സുന്ദരൻ പിള്ളയുടേയും സുലോചനയുടേയും ആറുമക്കളിൽ രണ്ടാമനാണ് കൃഷ്ണൻ നായർ. സ്വാമി അഭേദാനന്ദയുടെ സത്‌സംഗ പ്രസംഗം കേൾക്കാൻ 15കാരനായ കൃഷ്ണനു വലിയ താൽപര്യമായിരുന്നു. അമ്മായിക്കൊപ്പം പതിവായി സ്വാമിയുടെ ആശ്രമത്തിൽ പോകും. കൃഷ്ണന്റെ സംശയങ്ങളധികവും ഹിമാലയത്തെക്കുറിച്ചായിരുന്നു. മറുപടി പറഞ്ഞു മടുത്ത സ്വാമിജി ഒരിക്കല്‍ കുട്ടിയെ സ്നേഹത്തോടെ അരികെ വിളിച്ച് തപോവനസ്വാമികളുടെ ‘ഹിമഗിരി വിഹാർ’ എന്ന പുസ്തകം സമ്മാനിച്ചു.
പുസ്തകത്തിൽ നിന്നു ഹിമാലയം കൃഷ്ണന്റെ ഭാവനയിൽ വളർന്നു തുടങ്ങി. 18 വയസ്സിലായിരുന്നു ആദ്യ യാത്ര. അൻപതാം ഹിമാലയ യാത്രയ്ക്കു 103 പേരാണ് ഇക്കുറി കൃഷ്ണൻ നായർക്കൊപ്പം പോകുന്നത്. പാർവതീപുരം ശാരദാശ്രമത്തിന്റെ നേതൃത്വത്തിലാകും യാത്ര.
‘‘പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം മൈലക്കര യുപി സ്കൂളിൽ ചിത്രകലാ അധ്യാപകനായി എനിക്കു ജോ ലി കിട്ടി. ശമ്പളത്തിൽ നിന്നു മിച്ചം പിടിച്ചായിരുന്നു അന്നത്തെ യാത്രകൾ. ഗുരുവായ അഭേദാനന്ദയുടെ അനുഗ്രഹം വാങ്ങി ഹരിദ്വാറിലേക്കു പോയി. ട്രെയിനിലും ബസിലും കയറി ഹരിദ്വാറിലെത്തി.
ഹരിദ്വാറിലെ രാംധാം മഠത്തിലെ മഠാധിപതിയായ ലാൽ ബാബാജിയെ കണ്ടു ഗുരുവിന്റെ പേരു പറഞ്ഞപ്പോൾ വേണ്ട സഹായങ്ങൾ നൽകി. ഒരാഴ്ച ആശ്രമത്തിൽ താമസിച്ചു സ്ഥലങ്ങളൊക്കെ കണ്ടു. നാട്ടിലേക്കു പോരാനിറങ്ങിയപ്പോൾ ബാബാജി ചെറിയ ദക്ഷിണ തന്നു. തിരികെ നാട്ടിലെത്തിയെങ്കിലും വല്ലാത്തൊരു അസ്വസ്ഥത എന്നെ പിടികൂടി. അധികനാൾ നാട്ടിൽ തുടർന്നില്ല. അച്ഛനോടു പറഞ്ഞു വീണ്ടും യാത്ര തിരിച്ചു.
ഇക്കുറി ഹരിദ്വാറിലെത്തുമ്പോൾ അഭേദാനന്ദ സ്വാമി അവിടെയുണ്ട്. ‘ആഹാ, ഇങ്ങ് എത്തിയോ?’ എന്നൊരു ചോദ്യം. ഉവ്വെന്ന് മറുപടി പറഞ്ഞു. ‘നാളെ ഞങ്ങൾ നാലു സാധുക്കൾ കേദാർനാഥിൽ പോകുന്നുണ്ട്, പോരുന്നോ?’ സ്വാമി ചോദിച്ചു. ആ യാത്ര കൊതിച്ചു നടന്ന എനിക്ക് കണ്ണുനീർ നിയന്ത്രിക്കാനായില്ല. ബാബാജി എന്നെ അകത്തേക്കു കൂട്ടിക്കൊണ്ടു പോയി കമ്പിളി വസ്ത്രങ്ങൾ തന്നു. രാംധാമിൽ നിന്നു വെളുപ്പിനു നാലിനു തിരിച്ചാല്‍ സന്ധ്യയോടെ കേദാർനാഥിന്റെ താഴ്‍വാരത്തെ ഗൗരികുണ്ഡിലെത്താം.
കുളിച്ചു ശുദ്ധിയായി കമ്പിളി ഉടുപ്പും തൊപ്പിയും അണിഞ്ഞു യാത്രയ്ക്കൊരുങ്ങി വന്ന എന്നോടു സ്വാമി ചോദിച്ചു, ‘ഇതെന്താ ചന്ദ്രനിൽ പോകുന്നോ?’ എല്ലാവരും ചിരിച്ചു. ശേഷം സ്വാമി പറഞ്ഞു, ‘പ്രായം 18 അല്ലേ ആയിട്ടുള്ളൂ. ഇപ്പോഴേ ഇത്രയധികം കമ്പിളിക്കുപ്പായങ്ങൾ വേണ്ട. അഴിച്ചോളൂ.’ ഗുരു പറഞ്ഞാൽ മറുത്തു ചോദിക്കാതെ അനുസരിക്കുന്നതാണു ശീലം.
ഞാൻ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി. ഗുരു ഒരു നീണ്ട വെള്ളത്തുണി എന്നെ ഉടുപ്പിച്ചു. കമ്പിളി വസ്ത്രങ്ങൾ ഒരു മുണ്ടിൽ കെട്ടി, വടിയിൽ കൊരുത്തു തോളത്തു വച്ചു തന്നു. കേദാർനാഥിൽ ബസ് ഇറങ്ങിയപ്പോൾ ഗുരുവിന്റെ അടുത്ത നിർദേശമെത്തി, രാംപാല എന്ന സ്ഥലം എത്തുന്നതുവരെ തിരിഞ്ഞു നോക്കരുത്. ഗുരുവിനെ വണങ്ങി മുന്നോട്ടു നടന്നു.
രാംപാലയെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒപ്പമുള്ളവരും എത്തി. ഒരു ചായയും രണ്ടു കഷ്ണം റൊട്ടിയും കഴിച്ചു യാത്ര തുടർന്നു. വീണ്ടും തിരിഞ്ഞുനോക്കാതെ ഞാൻ മുന്നിൽ നടന്നു. മറ്റുള്ളവർ പിന്നാലെ. നടന്നു ചെന്നു കയറിയത് കേദാർനാഥന്റെ തിരുമുൻപിൽ. അമ്പലത്തിനുള്ളിൽ കയറി മതിവരുവോളം തൊഴുതു. പഞ്ചപാണ്ഡവർ നിർമിച്ച അമ്പലമാണെന്നാണ് ഐതിഹ്യം. ദർശനം കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ മഞ്ഞു മഴ പെയ്യാൻ തുടങ്ങി. അക്ഷരങ്ങളിൽ ഞാൻ നനഞ്ഞ മഴ ഇതാ നേരിൽ. ആയിരം സൂചി ഉള്ളിൽ കുത്തുന്ന പോലുള്ള തണുപ്പു പോലും പരമാനന്ദമായി അനുഭവപ്പെട്ടു. എനിക്കു തോന്നി, ഈ നിമിഷത്തിന്റെ പേരാണു ഭൂമിയിലെ സ്വർഗം!
തിരികെ ഇറങ്ങുമ്പോൾ സ്വാമി ചോദിച്ചു, ‘യാത്ര എങ്ങനെയുണ്ടായിരുന്നു?’ ‘ഗുരുകടാക്ഷം പരിപൂർണം’ എന്നു ഞാൻ മറുപടി നൽകി. ഗുരുനാഥൻ ഗംഗയിൽ സമാധിയായതിനു ശേഷം ഗുരു അംബികാനന്ദയുടെ നേതൃത്വത്തിലായിരുന്നു ഹിമാലയ യാത്രകൾ. ഇപ്പോൾ മറ്റുള്ളവരെ ഞാൻ ഹിമാലയത്തിലേക്കു കൊണ്ടുപോകുന്നു.
ഇത്രയൊക്കെ ഞാൻ യാത്ര ചെയ്തുവെങ്കിലും ഭാര്യ പത്മകുമാരി എനിക്കൊപ്പം ഹിമാലയത്തിലേക്കു വന്നിട്ടില്ല. 43ാം വയസിൽ അവർ എന്നെ വിട്ടുപോയി. മക്കൾ ഹരിശങ്കറും ആദർശും കുടുംബസമേതം തിരുവനന്തപുരത്താണു താമസം. മേടയിൽ വീട്ടിൽ ഇപ്പോൾ ഞാനും ജ്യേഷ്ഠൻ ശ്രീകുമാരൻ നായരും മാത്രമാണുള്ളത്.’’
ത്രിയുഗി നാരായണും വാരാണസിയും
എത്ര കണ്ടാലും മതിവരാത്ത ഗ്രാമമാണ് ഉത്തരാഖണ്ഡിലെ ത്രിയുഗി നാരായൺ. ഇരുന്നൂറോളം പേർ മാത്രം താമസിക്കുന്ന ഗ്രാമം. ശിവപാർവതീ പരിണയത്തിൽ പങ്കെടുക്കാനെത്തിയ ഭഗവാൻ നാരായണൻ വിവാഹശേഷം മൂന്നു യുഗങ്ങൾ വസിച്ച ഇടമാണെന്ന് ഐതീഹ്യം. ഇവിടുത്തെ അമ്പലത്തിനു ഹിമാലയത്തോളം പഴക്കമുണ്ടത്രേ. വിവാഹത്തിനായി കത്തിച്ച ഹോമകുണ്ഡം ഇന്നും അവിടെ അണയാതെ കത്തുന്നു. അവിടെ നിന്നു കിട്ടിയ സുഹൃത്താണ് ത്രിയുഗി നാരായൺ ക്ഷേത്രത്തിലെ പൂജാരി സോംവാൾ ജി.
എന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹവും മറ്റു ചില സുഹൃത്തുക്കളും വന്നിരുന്നു. ഇവിടുത്തെ വിവാഹ ചടങ്ങുകൾ ഉത്തരേന്ത്യയിൽ നിന്നെത്തിയവർക്ക് അതിശയമായിരുന്നു. കേദാർനാദിലെ എന്റെ കുതിരക്കാരൻ ഹീരാസിങ്ങിന്റെ മകളുടെ വിവാഹത്തിന് എന്നെ ക്ഷണിച്ചു. 1982ലാണ്. യാത്രാടിക്കറ്റുകൾ, താമസസൗകര്യം എല്ലാം ഉൾപ്പെടെയാണ് അദ്ദേഹം ക്ഷണക്കത്ത് അയച്ചത്. ഏഴു ദിവസം നീളുന്ന ആഘോഷത്തിൽ ഞാനും പങ്കു ചേർന്നു. ആ ഗ്രാമത്തിലെ 75 കുടുംബങ്ങൾ ചേർന്നാണുവിവാഹം നടത്തുന്നത്. അത്ര ഒത്തൊരുമായാണ് ഗ്രാമവാസികൾക്കിടയിൽ.
കാശിയാണ് എന്നെ വിസ്മയിപ്പിച്ച മറ്റൊരു നഗരം. കാശിയിലെ ഗംഗാ ആരതി തരുന്ന അനുഭൂതി മറ്റെവിടെയും അനുഭവിച്ചറിഞ്ഞിട്ടില്ല. തിരക്കേറിയ, എന്നാൽ ആ തിരക്കുകൾ ഒരാളേയും ബാധിക്കാത്ത നഗരമാണ് കാശി. ഗംഗയുടെ പടവുകളിൽ ചെന്നു വെറുതേയിരിക്കാൻ എനിക്കിഷ്ടമാണ്. കാശിയിൽ നിരവധി ഘാട്ടുകളുണ്ട് (കുളിക്കടവുകൾ). കുളികഴിഞ്ഞു വന്നാൽ തൊഴുന്നതിനായി ഒാരോ ഘാട്ടിനും ഒരു അമ്പലമുണ്ടാകും.
ഘാട്ടുകളിൽ എനിക്കേറ്റവുമിഷ്ടം ഹനുമാൻ ഘാട്ടിനോടാണ്. ആ പടവുകളിൽ ചെന്നിരുന്നാൽ ഇന്നും എനിക്കു മടങ്ങിവരാൻ സാധിക്കാറില്ല. എന്തോ എന്നെ അവിടെ പിടിച്ചു നിർത്തും പോലെ തോന്നും.
മുജന്മ ബന്ധം പകർന്ന വാത്സല്യം
രുദ്രപ്രയാഗിനടുത്തു യാത്രയ്ക്കിടെ ഞങ്ങൾ വിശ്രമിക്കുന്ന പ്രദേശമുണ്ട്. പതിവായി യാത്ര ചെയ്യുന്നതുകൊണ്ടു തന്നെ അവിടുത്തെ ഗഡ്‍വാളി കുടുംബങ്ങളുമായി നല്ല ബന്ധമാണുള്ളത്. ഒരിക്കൽ അവിടെ വിശ്രമിക്കുമ്പോൾ വളരെ പ്രായമുള്ള ഒരമ്മ എന്റെ നേരെ ഓടി വന്നു. ഓടി വന്ന് എന്നെ കെട്ടി പിടിച്ചു പറഞ്ഞു ‘നീയെന്റെ മകനാണ്’. അവർ ഇത് ആവർത്തിച്ചു പറയുകയും നിലവിളിച്ചു കരയുകയും ചെയ്തു. പറഞ്ഞത് അവരുടെ ഭാഷയിലാണ്. മറ്റൊരാൾ തർജമ ചെയ്തു തന്നു. എന്താണു സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
അടുത്തു കണ്ട കടയുടമയോട് ഈ അമ്മയെക്കുറിച്ചു തിരക്കി. രുദ്രാണി എന്നാണ് പേര്. ഗഡ്‍വാളി ജന്മിക്കുടുംബത്തിലെ അംഗമാണ്. നൂറിനു മേൽ പ്രായമുണ്ട്. അവർ ഇതിനുമുൻപ് ആരോടും ഈ വിധത്തിൽ പെരുമാറിയിട്ടില്ലെന്നും എന്താണിപ്പോൾ ഇങ്ങനെയെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമ്മയെ ആശ്വസിപ്പിച്ച്, വലിയൊരാൽമരത്തിന്റെ ചുവട്ടിൽ ഒരുപാടു നേരം ഞങ്ങളിരുന്നു. നാട്ടിൽ നിന്നു കൊണ്ടുപോയ കുറച്ചു സാധനങ്ങൾ കൊടുത്ത് അമ്മയോടു യാത്ര പറഞ്ഞ് അവിടെനിന്നു തിരിച്ചു. പിന്നീടുള്ള വർഷങ്ങളിൽ ഞങ്ങൾ ചെല്ലുന്ന സമയം അടുപ്പിച്ച് അമ്മ ആ ആൽമര തണലിൽ കാത്തിരിക്കും. എനിക്കുവേണ്ടി കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ കയ്യിൽ കരുതും. അമ്മയ്ക്കുള്ള മധുരപലഹാരങ്ങളുമായാണു ഞാനും ചെല്ലുന്നത്.
ഒരിക്കൽ അമ്മയ്ക്കുവേണ്ടി ഞാൻ ഒരു മുണ്ടും നേര്യതും വാങ്ങി. സമ്മാനപ്പൊതി കിട്ടിയപ്പോൾ അമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു നിറഞ്ഞു. എന്റെ മകൻ തന്നതാണെന്ന് എല്ലാവരോടും പറഞ്ഞു. യാത്രയിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ അമ്മയെ അതുടുപ്പിച്ചു. പിന്നീടുള്ള ആറു വർഷം ഈ കൂടിക്കാഴ്ച തുടർന്നു. ഏഴാം വർഷം ഞങ്ങളുടെ ബസ് അവിടെ എത്തിയിട്ടും അമ്മ വന്നില്ല. കടയിൽ തിരക്കിയപ്പോൾ മാസങ്ങൾക്കു മുൻപ് അമ്മ മരിച്ചുവെന്നു പറഞ്ഞു. എന്തെന്നില്ലാത്തൊരു സങ്കടം എന്നെ വന്നുമൂടി. വളരെ വേണ്ടപ്പെട്ടൊരാൾ വിട്ടുപോയതു പോലൊരു വിങ്ങൽ. ഒരുപക്ഷേ ഞങ്ങൾ തമ്മിൽ ഒരു മുജന്മ ബന്ധം ഉണ്ടായിരുന്നിരിക്കാം.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
‘‘ഹിമാലയം യാത്രകളിൽ അമൂല്യമായ വസ്തുക്കൾ ശേഖരിക്കാൻ എനിക്കു താൽപര്യമാണ്. ഒന്നു മുതൽ ഇരുപത്തിനാലു മുഖം വരെയുള്ള രുദ്രാക്ഷം ശേഖരത്തിലുണ്ട്. ബദരീനാഥിൽ നിന്നുകൊണ്ടുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കൾകൊണ്ട് ഒരുക്കിയ ഹാരം പൂജാമുറിയിലുണ്ട്. ബദരീനാഥനു ചാർത്തുന്ന മാല കിട്ടാൻ ഒരുപാടു കാത്തിരുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയിൽ നിന്നു തീർഥാടന കുലപതി എന്നൊരു പട്ടവും സ്വീകരിക്കാൻ സാധിച്ചു.
ഹിമാലയ ഓർമകൾ കുറച്ചിട്ടിരുന്ന ഡയറികൾ സൂക്ഷിക്കുന്ന പതിവുണ്ട് എനിക്ക്. രസമുള്ള അനുഭവങ്ങളുടെ ഘോഷയാത്രയായിരുന്നു അവ. എല്ലാം ചേർത്തൊരു പുസ്തകമാക്കാം എന്നു കരുതി സൂക്ഷിച്ചുവച്ചതാണ്. പിന്നെ നോക്കിയപ്പോൾ കണ്ടത് ഓർമകൾ തിന്നുന്ന ചിതലുകളെയാണ്. അതൊരു തീരാനഷ്ടമാണ്. കടലാസുകളല്ലേ, പോയുള്ളൂ. പതിനെട്ട് വയസ്സ് മുതലുള്ള ഓരോ യാത്രയും മനസ്സിലുണ്ടല്ലോ എന്നാശ്വസിച്ചു. അൻപതാം യാത്രയ്ക്കു ശേഷം എഴുതി തുടങ്ങണം എന്നാണു മോഹം.’’