Thursday 13 June 2024 12:25 PM IST

‘എന്റെ ശരീരത്തിൽ മയ്യിത്തിനു പുരട്ടുന്ന കർപ്പൂരത്തിന്റെ വാസനയുണ്ടെന്ന് ഭാര്യ’: ഉടൻ തങ്ങളുപ്പയുടെ കറാമത്ത്, കഥകളുറങ്ങുന്ന മമ്പുറം

Binsha Muhammed

Senior Content Editor, Vanitha Online

mamburam

ഊദും ചന്ദനത്തിരിയും കൈമാറിയ വാസനയുണ്ടു കാറ്റിൽ. പിന്നെ, കടലുണ്ടിപ്പുഴയെ തൊട്ടു വന്ന തണുപ്പും. തെളിഞ്ഞ വാനിലൊരു വര പാറിപ്പോകും പോലെ പറന്നകലുന്ന വെള്ളരിപ്രാവുകൾ. ആ കൗതുക ക്കാഴ്ചയിൽ ഒരു നിമിഷം കണ്ണുടക്കി നിന്നു. പിന്നെ, അത്തറും സുറുമയും വിൽക്കുന്ന കടക്കാരനോടു കുശലം പറഞ്ഞു പരിചയത്തിലായി.

‘തങ്ങളുപ്പാന്റെ ഹസ്രത്തിലേക്കുള്ള വഴിയേതാ...’ ആ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം മാനത്തേക്കു വിരൽ ചൂണ്ടി. ആ പ്രാവുകൾ പോകുന്നതാണു വഴി. തങ്ങളുപ്പായുടെ മഖാമിലെ മിനാരങ്ങളിലാണവ പാർക്കുന്നത്. മമ്പുറം തങ്ങളുടെ പുകൾപെറ്റ മഖാമിനു മുന്നിലെത്തിയപ്പോൾ അവിടെയുണ്ട് ആതിഥേയരെ പോലെ പ്രാവുകൾ.

വുളു (അംഗശുദ്ധി) ചെയ്തു ദർഗയുടെ പടവുകൾ കയറി. യാസീനും ദിക്റുകളും സ്വലാത്തും സലാമും ഇടമുറിയൊതൊഴുകുന്ന ദർഗയുടെ പടികൾ ഓരോന്നായി പിന്നിട്ടു. ആൾക്കൂട്ടത്തിനിടയിലൂടെ ക്ഷമയോടെ മുന്നോട്ടു നീങ്ങി. അതാ, ജനലഴികൾക്കപ്പുറം പച്ചവിരിച്ച കിന്നരിക്കു കീഴെ അന്തിയുറങ്ങുന്നു മൗലാന സയ്യിദ് അലവി മൗലദ്ദവീല.

‘ അസ്സലാമു അലൈകും യാ വലിയുള്ളാ....’ മനസ്സ് നിറഞ്ഞ പ്രാർഥനയോടെ സലാം ചൊല്ലി. വിശ്വാസവും ചരിത്രവും തസ്ബീഹ് മാലയിലെ മുത്തുപോലെ ചേർന്നിരിക്കുന്ന കഥയുണ്ടിവിടെ. ആ കിസ പറഞ്ഞു തുടങ്ങിയതു ദർഗയുടെ കാര്യക്കാരിലൊരാളായ അബ്ദു റഹ്മാൻ ഹുദവി.

കടൽ കടന്നെത്തിയ കാരുണ്യം

യമനിലെ തരീമിൽ വീശിയ ഇളംകാറ്റ് മലബാറിന്റെ മനസ്സാകെ പരന്നൊഴുകിയ കഥകൾ. അപ്പോൾ പഴയൊരു മാപ്പിള പാട്ടിന്റെ ഈരടികൾ മനസ്സിൽ നിറഞ്ഞു.

‘മമ്പുറപ്പൂ മഖാമിലെ ..

മൗലാദവീല വാസിലെ

ഇമ്പപ്പൂവായ ഖുത്ബൊലീ

സയ്യിദലവി റളിയള്ളാ...’

‘‘ചില കടന്നു വരവുകൾ, നിയോഗങ്ങൾ, ദൗത്യങ്ങൾ. അവയെല്ലാം നേരത്തെ എഴുതപ്പെട്ടിട്ടുള്ളതാണ്. ഇവിടുന്ന് ആയിരം കാതം അകലെയുള്ള യമനിലെ ഹളർമൗത്തിൽ ഭൂജാതനായ ഒരാൾ മലബാറിന്റെ മണ്ണിലെത്തുക. ആയിരങ്ങൾക്കു വെളിച്ചം പകരുന്ന ആത്മീയതയുടെ വിളക്കാകുക. ഉച്ചനീചത്വങ്ങൾക്കെതിരേയുള്ള പോരാട്ടങ്ങളുടെ ഭാഗമാകുക. അതൊരു നിയോഗമല്ലേ?

കാലവും ദേശവും അതിർത്തികളും അ തിനു മുന്നിൽ മാറിനിൽക്കും. തങ്ങളുപ്പായുടെ ഈ മണ്ണിലേക്കുള്ള വരവും അങ്ങനെയാണ്. അതു നേരത്തെ തന്നെ പ്രവചിച്ചിട്ടുള്ളതുമാണ്.’’ ആകാംക്ഷയേറ്റി ഹുദവിയുടെ ആമുഖം. ‘‘ഒരു നൂറ്റാണ്ടിനോട് അടുത്തു നിൽക്കുന്ന ആ ജീവിതം ഈ മണ്ണിനു വേണ്ടിയുള്ളതായിരുന്നു. ആ ഭൗതിക ദേഹം ഈ മണ്ണുവിട്ടു പോയെന്നേയുള്ളൂ. മൺമറഞ്ഞിട്ടും ആ നിയോഗം ഇനിയും പൂർത്തിയായിട്ടില്ല.

തേടിയെത്തുന്നവരുടെ ആധികൾ, വ്യാധികൾ ആഗ്രഹ സഫലീകരണങ്ങൾ തുടങ്ങി സകലതിനും തങ്ങളുപ്പായുടെ പൊലിവിനാൽ ഉത്തരമുണ്ടെന്നു വിശ്വാസം. ചുറ്റുമുള്ള കൂട്ടത്തിലെ പകുതിയിലധികം പേരും പൂർത്തിയാക്കിയ ആഗ്രഹങ്ങളുടെ നന്ദി പ്രകാശനത്തിന് എത്തിയവരാണ്. തങ്ങളുപ്പായുടെ കഥ പറയണമെങ്കിൽ കാലം കുറച്ചു പുറകോട്ടു പോകണം.

രണ്ടു കാര്യങ്ങൾക്കാണ് അന്ന് അറബികൾ മലബാറിലേക്കു കപ്പലേറിയത്. ഒന്നു കച്ചവടത്തിന്, മറ്റൊന്നു മതപ്രബോധനത്തിന്. മതപ്രബോധനത്തിന് എത്തിയതാണുപ്രവാചകൻ മുഹമ്മദ് നബി(സ)യുടെ സയ്യിദ് വംശത്തിൽ പെട്ട മമ്പുറം തങ്ങളുടെ അമ്മാവൻമാരായ ഹസൻ ജിഫ്രിയും ശൈഖുൽ ജിഫ്രിയും.

ഹസൻ ജിഫ്രി പൊന്നാനിയും ശൈഖുൽ ജിഫ്രി കോഴി ക്കോട് കുറ്റിച്ചിറ കേന്ദ്രമാക്കിയുമാണു പ്രവർത്തിച്ചിരുന്നത്. ഹസൻ ജിഫ്രി കേരളത്തിലെത്തുമ്പോൾ മമ്പുറം ത ങ്ങൾക്കു വെറും രണ്ടു വയസ്. മമ്പുറം തങ്ങളുടെ ചെറുപ്രായത്തിലെ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ടിരുന്നു.

കുട്ടിയായിരിക്കുമ്പോഴെ മതപഠനത്തിലും ആ ത്മീയതയിലും അപാരമായ അവഗാഹം നേടിയിരുന്നു അദ്ദേഹം. ചെറുപ്രായത്തിലെ സൂഫീ വര്യൻമാരുടെ ഔന്നത്യത്തിന്റെ അടയാളമായ ‘ഖുത്ബ്’ എന്ന ശ്രേണിയിലേക്കെത്തി. അതായതു ലോകത്താകമാനം ഒരു സമയം ആ സ്ഥാനം അലങ്കരിക്കുന്ന ഒരു ഖുത്ബ് മാത്രമേ ഉ ണ്ടായിരിക്കുകയുള്ളൂ.’’

ഹസൻ ജിഫ്രിയുടെ പ്രവചനം

‘‘കേരളത്തിൽ നേരത്തെ എത്തിയ ഹസൻ ജിഫ്രി തന്റെ ജീവിതസായാഹ്നത്തിൽ നാട്ടുകാരോടു പറഞ്ഞുവത്രേ. ‘എനിക്കൊരു പകരക്കാരൻ വരാനുണ്ട്. നിങ്ങളുടെ ആ ത്മീയതയുടെ നേതൃത്വം ഇനി ആ കൈകളിലായിരിക്കും. എന്റെ മകൾ ഫാത്തിമ ജിഫ്രിയെ അദ്ദേഹം വിവാഹം കഴിക്കും.’ ആ പ്രവചനം കാലങ്ങൾക്കിപ്പുറം സത്യമായി പുലർന്നു. ’’ദാറുൽ ഹുദാ ഇസ്‍ലാമിക് സർവകലാശാല വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വിയുടെ വാക്കുകൾ.

‘‘യമനിലെ ഷഹ്ർ മുഹല്ല തീരത്തു നിന്നു കോഴിക്കോടിന്റെ തീരം ലക്ഷ്യമാക്കി തങ്ങളുപ്പാ യാത്ര തിരിച്ചു. അങ്ങനെ ഹിജ്റ വർഷം 1183ലെ ഒരു റമദാൻ മാസത്തിൽ, 1770 ജനുവരി 17ന് തന്റെ പതിനേഴാം വയസ്സിൽ അദ്ദേഹം കോഴിക്കോട്ടെത്തി. ഇവിടെയെത്തുമ്പോഴേക്കും ആ വരവ് പ്രവചിച്ച ഹസൻ ജിഫ്രി തങ്ങൾ മരണപ്പെട്ടിരുന്നു. മറ്റൊരു അമ്മാവനായ ശൈഖ് ജിഫ്രി തങ്ങളാണ് അദ്ദേഹത്തിന്റെ കൈകളിലേക്കു മലയാളക്കരയുടെ ആത്മീയ–സാംസ്കാരിക മേഖലകളുടെ സാരഥ്യം ഏൽപിച്ചു നൽകുന്നത്. അ മ്മാവൻ ഹസൻ ജിഫ്രിയുടെ മകളായ ഫാത്തിമയുടെ വിയോഗ ശേഷം കൊയിലാണ്ടിയിലെ ഇസ്‌ലാമിക പണ്ഡിതനായിരുന്ന സയ്യിദ് അബൂബക്കര്‍ മദനിയുടെ മകൾ ഫാത്തിമ മദനിയെയാണു തങ്ങൾ വിവാഹം കഴിച്ചത്. ഒരു ദിവസം ഫാത്തിമ മദനിക്ക് അസുഖം മൂർച്ഛിച്ചുവെന്ന് അറിയിച്ചു മമ്പുറം തങ്ങളുടെ അടുക്കൽ ദൂതൻമാരെത്തി. പക്ഷേ, തങ്ങൾക്കു അപ്പോൾ തന്നെ ഭാര്യയുടെ അരികിലെത്താൻ കഴിഞ്ഞില്ല. ഒടുവിൽ രോഗം ഗുരുതരമായി ഫാത്തിമ മരണപ്പെട്ടുവത്രേ.

മരണ വിവരം അറിഞ്ഞു തങ്ങളെത്തുമ്പോഴേക്കും ആ പരിസരത്തു മുറുമുറുപ്പുകൾ ഉയർന്നു. ഭാര്യക്കു രോഗം മൂർച്ഛിച്ചിട്ടും എത്താത്ത തങ്ങളുടെ പ്രവൃത്തിയെ പലരും കുറ്റപ്പെടുത്തി. ഇതൊന്നും വക വയ്ക്കാതെ മയ്യിത്തിനെ കിടത്തിയ മുറിയിലേക്കു തങ്ങളെത്തി. മറ്റൊരു അക്ഷരം മിണ്ടാതെ ജീവനറ്റു കിടക്കുന്ന ഭാര്യയോട് എഴുന്നേൽക്കാൻ പറഞ്ഞു.

പൂർണ ആരോഗ്യവതിയായി അവർ എഴുന്നേറ്റുവെന്നു വിശ്വാസം. തങ്ങളോട് ഭാര്യ പറഞ്ഞുവത്രേ... ‘എന്റെ ശരീരത്തിൽ മയ്യിത്തിനു പുരട്ടുന്ന കർപ്പൂരത്തിന്റെ വാസനയുണ്ട്.’ ഉടൻ തന്നെ തങ്ങൾ ഭാര്യയുടെ ശരീരത്തിൽ പനിനീർ തളിച്ചു. ആ ഗന്ധം ആയുസ്സോളം അവരുടെ ഉടലിൽ തങ്ങിനിന്നിരുന്നുവെന്നു കഥകൾ.

അചഞ്ചലമായ വിശ്വാസം കൊണ്ട് അല്ലാഹുവിൽ ഹൃദയം ലയിപ്പിച്ച മനുഷ്യരുടെ അമാനുഷിക കഥകൾ പലതും നമ്മൾ കേട്ടിട്ടുണ്ട്. മമ്പുറം തങ്ങളെക്കുറിച്ചും അത്തരം അപദാനങ്ങൾ ഇന്നും നാടു പാടി നടക്കുന്നു. യുക്തിയുടെ നൂലുകൊണ്ടല്ല, ആ മുത്തുമാലയുടെ നീളം അളക്കേണ്ടതെന്നു മാത്രം.’’

ഒാളങ്ങൾ സാക്ഷി

പ്രസിദ്ധമായ മമ്പുറപ്പൂ മഖാമിലെ എന്നു തുടങ്ങുന്ന പാട്ടിൽ പരാമർശിക്കുന്ന മറ്റൊരു അദ്ഭുത കഥയുണ്ട്. ആ പാട്ടിൽ പറയുന്ന സന്ദർഭമാണു ദാറുൽ ഹുദാ മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി ഹാജി പറഞ്ഞത്. ‘‘കാറും കോളും നിറഞ്ഞ കടലിനു നടുവില്‍ ദിക്കറിയാതെ വിഷമിച്ച ‘കപ്പൽ യാത്രികരുടെ കഥ.’ അന്നു നടുക്കടലിൽ നിന്നു അവർ മമ്പുറം തങ്ങളെ വിളിച്ചു. തങ്ങൾ സഹായിയോടു തെങ്ങിനു മുകളിൽ കയറി പന്തം ആഞ്ഞു വീശാൻ പറഞ്ഞു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നുചോദിച്ചിട്ടു മറുപടി പറഞ്ഞില്ല. ദിവസങ്ങൾ കഴിഞ്ഞ് കരപറ്റിയ സഞ്ചാരികൾ സംഭവം പറയുമ്പോഴാണ് ആ അദ്ഭുത കഥയുടെ പൊരുളും ചുരുളും അഴിയുന്നത്. ദിശ തെറ്റിയ കപ്പൽ സഞ്ചാരികൾക്കു വഴികാട്ടിയതു തങ്ങളുടെ നിർദേശ പ്രകാരം വീശീയ ചൂട്ടായിരുന്നുവത്രേ.’’

മതത്തിനപ്പുറം മനുഷ്യരെ ഒരു മാലയിലെ പല മുത്തുകളായി കണ്ട ആത്മീയ തേജസ്സായിരുന്നു നാട്ടുകാരുടെ തങ്ങളുപ്പാപ്പ. 17ാം നൂറ്റാണ്ടിലും 18ാം നൂറ്റാണ്ടിലുമായാണ് തങ്ങളുടെ ജീവിതകാലം. അന്ന് ഇവിടെ നിലനിന്നിരുന്ന ഉ ച്ചനീചത്വങ്ങൾക്കെതിരേയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ നിന്നു അദ്ദേഹം. മനുഷ്യത്വമായിരുന്നു അദ്ദേഹത്തിന്റെ ഒന്നാമത്തെ പരിഗണന.

ഭഗവതിക്കാവുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന മുന്നിയൂർ കളിയാട്ടക്കാവിലെ മഹോത്സവത്തിനു മമ്പുറത്തെ തങ്ങളുപ്പായുടെ സ്നേഹാശീർവാദങ്ങൾ ഉണ്ടായിരുന്നുവെന്നു ചരിത്രം പറയുന്നു. മേലാളൻമാർ ഭ്രഷ്ടയാക്കിയ കുഞ്ഞാഞ്ചീരുവിനു കുടിയിരിക്കാൻ സ്ഥലം കണ്ടെത്തി അനുവാദം നൽകിയതു മമ്പുറം തങ്ങളായിരുന്നു.

ചേക്കയിരിക്കാൻ ഇടം തേടി വന്നവളെ മേലാളൻമാരും ജന്മികളും ആട്ടിപ്പായിച്ചപ്പോൾ മമ്പുറം തങ്ങൾ അവർക്ക് ഇടം നൽകി, അവരുടെ വിശ്വാസത്തെ ചേർത്തുപിടിച്ചു. മ മ്പുറത്തിനടുത്തു കളിയാട്ട പറമ്പിലാണു കുഞ്ഞാഞ്ചീരു ഭ ഗവതി സങ്കൽപത്തോടെ കുടിയിരിക്കുന്നത്.

mamburam-2 മമ്പുറം തങ്ങൾ താമസിച്ചിരുന്നുവെന്നു വിശ്വസിക്കുന്ന വീട്

‘പള്ളിയിലെ പ്രാർഥനയ്ക്കു ക്ഷേത്രം തടസമാകില്ലേ എന്ന മുറുമുറുപ്പിന്റെ സ്വരങ്ങളോടു രണ്ടും അതിന്റെ വഴിക്കു നടക്കുമെന്നു തങ്ങൾ ഉറച്ച നിലപാടെടുത്തു’. ഇന്നും മുന്നിയൂർ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മുളങ്കാലുകളില്‍ പണിതു കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ച ഭീമന്‍ ദേശക്കുതിരകള്‍ കാവുതീണ്ടും മുൻപു മമ്പുറം മഖാമിനു മുന്നിലെത്തും. നിലവിളക്കിനു മുന്നിലെത്തി തോറ്റം പാട്ടു പാടി വണങ്ങി അനുവാദം വാങ്ങിയതിനു ശേഷം മാത്രമേ കാവുതീണ്ടാറുള്ളൂ.

വരൾച്ച വരുമ്പോൾ, സകല പ്രാർഥനകളും ഫലം കാണാതെ വരുമ്പോൾ ദേശത്തെ നാനാ ജാതി മതസ്ഥർ ഇന്നും തങ്ങളുപ്പാപ്പയുടെ ഖബറിനരികിൽ എത്തും. ഖ ബ‌റിൽ ചേർന്നിരിക്കുന്ന ആ കാണുന്ന കൊടിക്കൂറകൾ കണ്ടോ? ഇവിടെ വന്നു പ്രാർഥിച്ചു വറ്റിവരണ്ട മണ്ണിൽ അവ നാട്ടുന്നതോടെ മഴ ലഭിക്കും എന്നാണു വിശ്വാസം.’’

പ്രാർഥനകളുടെ പൊലിവ്

കുഞ്ഞുങ്ങളില്ലാത്തവർ, ദീനവും മാറാവ്യാധികളുമായി വിഷമിക്കുന്നവർ. അവയ്ക്കെല്ലാം തങ്ങളുപ്പായുടെ പ്രാർഥനയാലും ഈ മണ്ണിന്റെ പോരിശയാലും പ്രതിവിധിയുണ്ടെന്നു വിശ്വാസം. കൃഷി നശിച്ചു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവർ ഇവിടെ വരും. ആദ്യ വിളവ് ദർഗയില്‍ സമർപ്പിക്കും. അങ്ങനെ നേർച്ചയാക്കി പോയവർക്ക് പിന്നെ നിരാശരാകേണ്ടി വന്നിട്ടില്ലെന്നു വിശ്വാസകഥകൾ.

കുഞ്ഞുങ്ങളില്ലാത്തവർ വെള്ളി തൊട്ടിൽ ഉണ്ടാക്കി അതിൽ ഒരു കുട്ടിയുടെ രൂപം വച്ച് നേർച്ചയായി ഇവിടെ സമർപ്പിക്കുന്നു. പൊന്നാനിയിലേയും കാപ്പാട്ടേയും തിരൂരിലേയും മത്സ്യത്തൊഴിലാളികൾ ഇവിടെ വന്ന് എന്തെങ്കിലും നേർച്ചയാക്കിയിട്ടെ തോണികൾ നീറ്റിലിറക്കാറുള്ളൂ.

ദർഗയിൽ നിന്നു കുഞ്ഞു പൊതികളിലാക്കി ലഭിക്കുന്ന അരിമണികൾ വീടിന്റെ കലവറയിലേക്കുള്ളതാണ്. അല്ലലില്ലാതെ കടന്നു പോകാൻ തങ്ങളുപ്പായുടെ കടാക്ഷം.

ദർഗയിൽ സമർപ്പിക്കുന്ന പട്ടിന്റെ ഒരു കീറലും വിശ്വാസികൾ‌ക്കുള്ളതാണ്. പണക്കനമുള്ള നേർച്ചകളൊന്നും ഇവിടെ പ്രധാനമല്ല. കദളിക്കുലകൾ തൊട്ട് ഒരു ചന്ദനത്തിരിയുടെ കെട്ടിൽ പോലും ആഗ്രഹ സാഫല്യങ്ങളുടെ ഗന്ധമുണ്ട്.

ഉറൂസ്

മമ്പുറം തങ്ങളെന്ന് അറിയപ്പെടുന്ന സയ്യിദ് അലവിയുടെ മരണ ശേഷം ആദ്ദേഹത്തിന്റെ ആണ്ടുമായി ബന്ധപ്പെട്ടു നടത്തുന്നതാണ് മമ്പുറം ആണ്ട് നേർച്ച എന്ന പേരിലറിയപ്പെടുന്ന പ്രസിദ്ധമായ ഉറൂസ്. അറബി മാസം മുഹറം ഒന്നു മുതൽ ഏഴുവരെയാണ് ഇതു നടക്കാറുള്ളത്. ഖുർആൻ പാരായണം, മൗലിദ് പാരായണം, മത പ്രഭാഷണം, അന്നദാനം തുടങ്ങിയവയാണു പ്രധാന പരിപാടികൾ.

ചെമ്മാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയുടെ മാനേജിങ് കമ്മിറ്റിക്കു കീഴിലാണു നേർച്ചയും അനുബന്ധ ചടങ്ങുകളും. മഖാമിലേക്കു നേർച്ചയായി ലഭിക്കുന്ന അരി, 10 കിലോ വരെ അറുന്നൂറോളം കുടുംബങ്ങൾക്ക് റേഷൻ മാതൃകയിൽ വീതിച്ചു നൽകുന്നുണ്ട്. മമ്പുറം മഹല്ലിനു കീഴിലുള്ള നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിന് ഒരു പവനു തുല്യമായ സംഖ്യ കമ്മിറ്റി നൽകുന്നുണ്ട്.

mamburam-1

അവസാന ശ്വാസവും മണ്ണിനു വേണ്ടി

ബ്രിട്ടിഷ് ആധിപത്യത്തിനെതിരേ ശബ്ദമുയർത്തിയ മമ്പുറം തങ്ങളുടെ ജീവനെടുക്കാൻ കാരണമായതും ഇംഗ്ലിഷ് പടയ്ക്കെതിരേയുള്ള കലാപമാണ്.

ജന്മിമാരുടെ ഒത്താശയോടു കൂടി ബ്രിട്ടിഷുകാർ പ്രദേശ വാസികൾക്കെതിരെ അണിനിരന്ന ചേറൂർ കലാപത്തിൽ മമ്പുറം തങ്ങൾ തന്റെ തൊണ്ണൂറു കടന്ന പ്രായത്തിൽ അദൃശ്യനായി പങ്കെടുത്തുവത്രേ.

യുദ്ധത്തിനൊരുങ്ങി പുറപ്പെടുമ്പോൾ സഹചാരിയായ ഒരാളോടു വീടിന്റെ മച്ചിൻ പുറത്തിരുന്നു ഖുർആൻ നിർത്താതെ പാരായണം ചെയ്യാൻ നിർദേശിച്ചു. താൻ പറയുന്നതു വരെ പാരായണം നിർത്തരുതെന്നും ഓർമിപ്പിച്ചു . ഈ സമയം മമ്പുറം തങ്ങൾ കലാപത്തിൽ അദൃശ്യനായി പങ്കെടുക്കുകയായിരുന്നത്രേ. യുദ്ധം ചെയ്യുന്ന ഏഴാളുകൾക്കു പുറമേ അദൃശ്യനായൊരാൾ കൂടിയുണ്ടെന്നു ബ്രിട്ടീഷ് ലീ‍ഡർ മനസിലാക്കി. ബൈനോക്കുലറിലൂടെ നോക്കുമ്പോൾ പച്ച പുത ച്ചൊരു മനുഷ്യൻ യുദ്ധം ചെയ്യുന്നു. ഉടൻ തന്നെ ലീ‍‍‍ഡ ർ വെടിയുതിർത്തു.

മമ്പുറം തങ്ങൾ പറഞ്ഞതിന്റെ പൊരുളറിയാതെ ഇ ടയ്ക്കെപ്പോഴോ ഏൽപിച്ച വ്യക്തി ഖുർആൻ പാരായണം നിർത്തി. ആ സമയത്താകും തങ്ങൾക്കു വെടിയേറ്റതെന്നു വിശ്വാസം.

തങ്ങളുടെ മകൻ ഫസൽ പൂക്കോയ തങ്ങളും ബ്രിട്ടിഷുകാർക്കെതിരെ സന്ധിയില്ലാതെ പോരാട്ടം നടത്തിയതാണ്. ബ്രിട്ടിഷുകാർ അദ്ദേഹത്തെ നാടുകടത്തി. തുർക്കിയിൽ വച്ചായിരുന്നു ദേഹവിയോഗം.

ബിൻഷാ മുഹമ്മദ്

ഫോട്ടോ: അസീം കോമാച്ചി