Friday 20 November 2020 03:23 PM IST : By ഈശ്വരൻ ശീരവള്ളി

ശ്രീമഹാദേവൻ മുഖ രൂപത്തിൽ അവതരിച്ച മുഖലിംഗം എന്ന അപൂർവ പ്രതിഷ്ഠയുള്ള ക്ഷേത്രം; തീർഥയാത്രാ വിശേഷങ്ങൾ

_O6A9228
ചിത്രങ്ങൾ: നിർമൽ റോയ്

മഞ്ഞുമൂടിക്കിടക്കുന്ന കൈലാസവും ഗുഹയിൽ ഹിമലിംഗം പ്രത്യക്ഷപ്പെടുന്ന അമർനാഥും മഹാദേവന്റെ ശരീരാംശമായി ആരാധിക്കുന്ന കേദാർനാഥിലെ സ്വയംഭൂലിംഗവും പ്രധാന തീർഥാടന കേന്ദ്രങ്ങളാണ്. വിശ്വാസികൾക്കൊപ്പം സഞ്ചാരികൾക്കും എക്കാലവും പ്രിയപ്പെട്ട യാത്രാസങ്കേതങ്ങളും. കാശി, രാമേശ്വരം, ഉജ്ജയിനി, തുംഗനാഥ്... സാമൂഹിക സാംസ്കാരിക, വിശ്വാസമാനങ്ങൾ ഇടകലർന്ന് സഞ്ചരിക്കുന്ന എത്രയോ പാതകൾ. അക്കൂട്ടത്തിൽ മലയാളികൾ ഏറെയൊന്നും ശ്രദ്ധിക്കാത്ത തീർഥാടന സ്ഥലമാണ് ആന്ധ്രപ്രദേശിലെ ശ്രീമുഖം ഗ്രാമം. ‘കാശീയാത്ര, ഗംഗാസ്നാനം, ശ്രീശൈല ഭജനം, ശ്രീമുഖ ദർശനം മോക്ഷകാരണം’ എന്നു ശിവഭക്തർ.  മഹാദേവന്റെ തിരുമുഖം ആലേഖനം ചെയ്യപ്പെട്ട അത്യപൂർവ ശിവലിംഗമാണ് ശ്രീമുഖം ക്ഷേത്രത്തിലെ പ്രതിഷ്ഠ. പുരാണപ്രസിദ്ധമായ ഈ ക്ഷേത്ര സങ്കേതത്തിന്റെ വിശേഷവും അതുതന്നെ.

ആന്ധ്രപ്രദേശിലെ ശ്രീകാകുളം പട്ടണത്തിനടുത്ത് ജലുമുരു മണ്ഡലിൽ ആണ് ശാന്തസുന്ദരമായ ശ്രീമുഖം ഗ്രാമം. ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിൽനിന്നായി ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്നുണ്ടെങ്കിലും ഗ്രാമാന്തരീക്ഷം കൈമോശം വന്നിട്ടില്ല ഈ ഗ്രാമത്തിന്. ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ഐതിഹ്യകഥകളുടെയും എടുത്താൽ പൊങ്ങാത്ത ഭാരം വഹിക്കുന്ന ഗ്രാമമാണ് ശ്രീമുഖം, എല്ലാത്തിന്റെയും അവശേഷിപ്പുകൾ മൂന്നു ക്ഷേത്രങ്ങളിലേക്ക് ഒതുങ്ങി നിൽക്കുന്നു ഇന്ന്– സോമേശ്വരം, മധുകേശ്വരം,  ഭീമേശ്വരം. ഇതിൽ മധുകേശ്വരക്ഷേത്രത്തിലാണ് മുഖലിംഗം എന്നു പ്രശസ്തമായ ശിവലിംഗ പ്രതിഷ്ഠയുള്ളത്. ഈ മൂന്നു ക്ഷേത്രങ്ങളെയും ഒരുമിച്ച് കലിംഗക്ഷേത്രങ്ങളെന്നും സോമേശ്വരം ക്ഷേത്രങ്ങളെന്നും വിശേഷിപ്പിക്കാറുണ്ട്.

പുരാണ പ്രസിദ്ധം മുഖലിംഗേശ്വരം

_O6A9329

വാമദേവ മഹർഷി ഒരു ഗന്ധർവനെ ശപിച്ച് കിരാതനാക്കി. പശ്ചാത്തപിച്ച ഗന്ധർവനോട് മധുക വൃക്ഷത്തിൽ (ഇലിപ്പമരം) പരമേശ്വരൻ അവതരിക്കുമെന്നും ആ മുഖലിംഗത്തിന്റെ ദർശനത്തോടെ ശാപവിമുക്തി ഉണ്ടാകുമെന്നും ആശ്വസിപ്പിച്ചു.  കിരാത ജീവിതം നയിക്കുമ്പോഴും ശിവഭജനം നടത്തിയ ഗന്ധർവന്റെ മുന്നിൽ മഹാദേവൻ മധുകവൃക്ഷത്തിൽ ശിവലിംഗരൂപത്തിൽ പ്രത്യക്ഷനായി ശാപമോചനം നൽകി. ആ അപൂർവ ശിവലിംഗം അവിടെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. സ്കന്ദപുരാണവും മുഖലിംഗത്തിന്റെ മാഹാത്മ്യം വർണിക്കുന്നുണ്ട്.

കലിംഗക്ഷേത്രങ്ങളിൽ ഏറ്റവും പഴയതും വലുതും ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നതും മധുകേശ്വര ക്ഷേത്രമാണ്. ശ്രീകാകുളം പാതയുടെ ഓരത്തു തന്നെയാണ് ക്ഷേത്രത്തിന്റെ സ്ഥാനം. ഇരുവശത്തും സിംഹങ്ങളുടെ ശിൽപങ്ങളുള്ള പടവുകൾ കയറി പ്രധാന കവാടം കടന്നു ചെന്നാൽ സ്വർണധ്വജസ്തംഭം. പഴയകാല തറവാടുകളിലെ പടിപ്പുരയെ ഓർമിപ്പിക്കുന്ന കരിങ്കൽ കവാടങ്ങൾ രണ്ടെണ്ണം കടക്കണം തിരുമുറ്റത്തെത്താൻ.

ആന, കുതിര, പടയാളികൾ, സ്ത്രീരൂപങ്ങൾ, സന്യാസിമാർ, ഭക്തർ തുടങ്ങി പലവിധ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട് കവാടത്തിൽ.  തിരുമുറ്റത്ത് ആദ്യം ശ്രദ്ധ പിടിച്ചു പറ്റുന്നത് ശിവവാഹനമായ നന്ദികേശൻ തന്നെ.

മഹാദേവൻ വിളിക്കുന്നതു കേട്ടാൽ ഒരു നിമിഷംപോലും കളയാതെ ഓടിച്ചെല്ലാൻ പാകത്തിൽ ജാഗ്രതയോടെ, അൽപം എഴുന്നേറ്റിരിക്കുന്ന ശൈലിയിലാണ് ചെറിയ മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന നന്ദി ശിൽപം.

ചാലൂക്യശൈലി

കരിങ്കല്ലുകൊണ്ടുള്ള ചുറ്റുമതിലും വശങ്ങളിൽ കൽഗോപുരങ്ങളുമുണ്ട് ശ്രീമുഖം ക്ഷേത്രത്തിന്. കരിങ്കൽ പാകിയ തറ. ശ്രീകോവിലിനുമുന്നിലെ മണ്ഡപം അടച്ചുകെട്ടിയ  ജഗമോഹനത്തിന്റെ രൂപത്തിലാണ്. ശ്രീകോവിലിനു മുന്നിലും നന്ദി പ്രതിഷ്ഠയുണ്ട്.

നാഗരശൈലിയിൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന താഴികക്കുടങ്ങളോടുകൂടിയ ശ്രീകോവിലിനുള്ളിൽ മുഖലിംഗം ദർശിക്കാം. പൊതുവെ ശിവലിംഗങ്ങൾ ശിലകളിലാണ് നിർമിക്കാറുള്ളതെങ്കിലും ഇവിടുത്തേത് ദാരുനിർമിതവും ചെത്തി മിനുക്കാത്തതുമാണ്. മധുകവൃക്ഷത്തിന്റെ ഐതിഹ്യത്തോടു ചേർന്നു നിൽക്കുന്നു വിഗ്രഹവും.

വിഗ്രഹപ്രതിഷ്ഠയുടെ പിന്നിൽ വലിയൊരു മൺകുടം കാണാം. നാട്ടുകാരനായ ഒരു മൺപാത്ര നിർമാതാവ് ഭഗവാന് പാൽ സമർപ്പിക്കാൻ വലിയ കലം നിർമിച്ചു. അത് ശ്രീകോവിൽ വാതിലിനുള്ളിലൂടെ അകത്തേക്കു കടക്കാതെ വരികയും ചെയ്തു. വിഷമിച്ചു മടങ്ങിയ മൺപാത്ര നിർമാതാവ് അടുത്ത ദിവസം ക്ഷേത്രത്തിലെത്തിയപ്പോൾ വിഗ്രഹത്തിനു പിന്നിൽ തന്റെ കലം ഇരിക്കുന്നതു കണ്ട് അദ്ഭുതപ്പെട്ടത്രേ. ഇഷ്ടകാര്യങ്ങൾ സാധിക്കാൻ ഈ കലം പാലോ ഫലങ്ങളോ കൊണ്ട് നിറയ്ക്കുക എന്നത് ഒരു പ്രധാന വഴിപാടാണ്.

പുരി ജഗന്നാഥക്ഷേത്രം, ഭുവനേശ്വറിലെ ലിംഗരാജക്ഷേത്രം എന്നിവയെ പോലെ ചാലൂക്യശൈലിയിലാണ് ശ്രീമുഖം ക്ഷേത്ര നിർമിതി. കരിങ്കല്ലിൽ നിർമിതമായ സ്തൂപിക പോലെ മുകളിലേക്ക് ഉയരുന്ന ശിഖരവും വൃത്താകാരത്തിലുള്ള കലശങ്ങളും.

_O6A9221

കലിംഗനഗരത്തിന്റെ പൈതൃകം

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കലിംഗ ക്ഷേത്രങ്ങൾക്ക്, എന്നാൽ ഈ ഗ്രാമത്തിന്റെ പ്രായം മഹാഭാരതത്തിനെക്കാൾ പിന്നാക്കം പോകുന്നുണ്ട്.

വംശധാര നദിയുടെ തീരത്തെ ഐശ്വര്യം നിറഞ്ഞ ഈ കാർഷിക ഗ്രാമം ചരിത്രാതീത കാലം മുതൽ കലിംഗം എന്നറിയപ്പെട്ടിരുന്ന പ്രദേശമത്രേ. അശോകചക്രവർത്തിയുടെ മാനസാന്തരത്തിനു വഴിതെളിച്ച യുദ്ധത്തിന്റെ പേരിലാണ് കലിംഗരാജ്യത്തിന്റെ പ്രശസ്തി. കലിംഗരാജ്യത്തിന്റെ ചരിത്രം അവിടെനിന്ന് വളരെക്കാലം പിന്നോട്ടും മുന്നോട്ടും നീളുന്നുണ്ട്.

മഹാഭാരതത്തിൽ കലിംഗപരാമർശമുണ്ട്. അശോക ചക്രവർത്തിയുടെ കീഴിൽ മൗര്യസാമ്രാജ്യത്തിന്റെയും കലിംഗാധിപതി എന്നു പ്രശസ്തനായ ഖാരവേലന്റെയും ഗുപ്തസാമ്രാജ്യത്തിന്റെയും ഭരണത്തിലായിരുന്നു കലിംഗരാജ്യം.

പിൽക്കാലത്ത് പൂർവഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായാണ് കലിംഗം അതിന്റെ ഉന്നതമായ നേട്ടങ്ങൾ പലതും കൈവരിക്കുന്നത്.  ഇന്നത്തെ പശ്ചിമബംഗാളിന്റെ ചില ഭാഗങ്ങളും ഒറീസയും ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളും  ഈ പൂർവഗംഗാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 13ാം നൂറ്റാണ്ടിൽ ഇന്നത്തെ കട്ടക്കിലേക്ക് തലസ്ഥാനം മാറ്റുന്നതുവരെ ശ്രീമുഖമായിരുന്നു ഗംഗാവംശത്തിന്റെ ആസ്ഥാനം.

കൊണാർക്കും പുരിയും ശ്രീമുഖവും  

ശ്രീമുഖലിംഗം ക്ഷേത്രം ഒൻപതാം നൂറ്റാണ്ടിൽ കമാർണവ രണ്ടാമന്റെ നിർമാണം തുടങ്ങി. അദ്ദേഹത്തിന്റെ കൊച്ചുമകൻ വജ്രഹസ്തയുടെ കാലത്ത് പൂർത്തിയാക്കി എന്നു കരുതുന്നു. വീണ്ടും രണ്ടു നൂറ്റാണ്ടു കഴിഞ്ഞ് ഇതേ രാജപരമ്പരയിലെ നരസിംഹ ദേവയാണ് വിഖ്യാതമായ കൊണാർക് സൂര്യക്ഷേത്രം നിർമിച്ചത്. പുരി ജഗന്നാഥക്ഷേത്രത്തെ ഇന്നത്തെ രീതിയിൽ പുനർ നിർമിച്ചതും ഈ രാജവംശം തന്നെ.

തീരദേശ പട്ടണമായ ശ്രീകാകുളത്തു നിന്ന് 50 കിലോ മീറ്റർ ദൂരമുണ്ട് സോമേശ്വരം ക്ഷേത്രങ്ങളുടെ നാട്ടിലേക്ക്. നരസണ്ണപേട്ട, തിലരു തുടങ്ങിയ ചെറിയ നഗരങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ അധികവും ഉൾനാടൻ കാർഷികഗ്രാമങ്ങളായിരുന്നു.

ശ്രീകൂർമ്മം ഗ്രാമത്തിൽനിന്ന് ദേശീയ പാത 16 വഴി അൽപദൂരം സഞ്ചരിച്ചശേഷം നരസണ്ണപേട്ടയിൽവച്ചാണ് വഴി തിരിയുന്നത്. ശ്രീകാകുളത്തുനിന്നുള്ള യാത്രയിൽ ദർശനം നടത്താവുന്ന  ക്ഷേത്രമാണ് ശ്രീകൂർമം.

മഹാവിഷ്ണുവിനെ കൂർമാവതാര രൂപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. കിഴക്കോട്ടു ദർശനമായ ശ്രീകോവിലിനു കിഴക്കും പടിഞ്ഞാറും കൊടിമരമുണ്ട് എന്ന പ്രത്യേകതയും ഇവിടെ കാണാം. ഭക്തിയുടെയും വിശ്വാസത്തിന്റെയും സങ്കൽപത്തിൽ രൂപപ്പെടുന്ന യാത്രാവഴികൾ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അറിയാക്കഥകളിലേക്കു നയിക്കുന്ന വിസ്മയമാണ് ശ്രീമുഖം ഗ്രാമത്തിലെ ക്ഷേത്രങ്ങൾ നൽകുന്നത്.

_O6A9299

മുറ്റത്തെ ശിവലിംഗങ്ങൾ

ക്ഷേത്രമുറ്റത്തിന്റെ നാലു മൂലയിലും ശിൽപഭംഗിയാർന്ന ഉപദേവക്ഷേത്രങ്ങളിൽ നാലു ശിവലിംഗങ്ങൾ‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. മാനുഷലിംഗങ്ങൾ എന്നാണ് ഇവയെ വിളിക്കുന്നത്. ഇതിൽ തെക്കു കിഴക്കേ കോണിലുള്ള ശ്രീകോവിലിന്റെ വാതിൽ പടിയിൽ കൊത്തിയിരിക്കുന്ന സൂര്യദേവന്റെ ശിൽപം ഏറെ മനോഹരമാണ്. ഏഴു കുതിരകളെ പൂട്ടി, സാരഥിയായ അരുണൻ തെളിക്കുന്ന തേരിൽ സൂര്യൻ എഴുന്നെള്ളുന്നതായിട്ടാണ് ശിൽപം.

മൂന്നു ശിരസ്സുള്ള മഹാദേവൻ, നാലു ശിരസ്സുള്ള സുബ്രഹ്മണ്യൻ തുടങ്ങി ഇവിടുത്തെ ശിൽപങ്ങളുടെ പട്ടിക നീണ്ടതാണ്. ഉപദേവതമാരായി സപ്തമാതൃക്കളും സുബ്രഹ്മണ്യനും പ്രത്യേക ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

കഥകൾ നിറയും ചുമരുകൾ

രാമായണ, മഹാഭാരത, ശിവപുരാണ കഥാ സന്ദർഭങ്ങളാണ് ക്ഷേത്ര ചുമരുകളെ അലങ്കരിക്കുന്നത്. ശ്രീകോവിൽ ചുമരുകളിൽ മഹാവിഷ്ണുവിന്റെ വരാഹം, നരസിംഹം, വാമനൻ തുടങ്ങിയ അവതാരങ്ങളും എട്ട് ഗണേശ രൂപങ്ങളും കാണാം. മേൽക്കൂരയിൽനിന്നും മഴവെള്ളവും ശ്രീകോവിലിൽനിന്നും തീർഥജലവും ഒഴുകാനുള്ള നാളികളുടെ രൂപംപോലും കലാപരമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ശിവപാർവതിവിവാഹഘോഷയാത്ര, സൂര്യൻ, അരുണൻ  തുടങ്ങി പല കൊത്തുപണികളും ഇവിടെ കാണാം. ശ്രീമുഖത്തിന്റെ വാസ്തുവിദ്യ ഗ്രീക് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. ശ്രീകോവിലിനു മുന്നിലെ ഒറ്റനില ഹാൾ ഗ്രീക്ക് നിർമിതികളുമായി സാമ്യം തോന്നിപ്പിക്കുന്നതാണ്.

സോമേശ്വരവും ഭീമേശ്വരവും

മുഖലിംഗം ക്ഷേത്രത്തിൽനിന്ന് തെക്കോട്ടു മാറിയാണ് സോമേശ്വരത്തിന്റെ സ്ഥാനം. ക്ഷേത്രത്തിന്റെ പഴക്കത്തെ സംബന്ധിച്ച് തർക്കമുണ്ട്. മുഖലിംഗത്തോളം പഴക്കമുണ്ടെന്ന് വിശ്വാസം, 10–11 നൂറ്റാണ്ടുകൾ ആകാം നിർമാണ കാലമെന്നാണ് ചരിത്രകാരൻമാരുടെ അഭിപ്രായം. സോമേശ്വരം ക്ഷേത്രത്തിൽ ഇപ്പോൾ ഒഡിഷ ശൈലിയിലുള്ള ശ്രീകോവിൽ മാത്രമേ അവശേഷിക്കുന്നുള്ളു.   പിൽക്കാല ക്ഷേത്രമായ ഭീമേശ്വരത്തും കാര്യമായ ശിൽപവിദ്യയുടെ ശേഷിപ്പുകളില്ല. ശ്രീകോവിലിനു മുൻപിൽ രണ്ട് നന്ദിവിഗ്രഹങ്ങൾ ഉണ്ട്. ശ്രീമുഖലിംഗവും സോമേശ്വരവും ഭീമേശ്വരവും ഇപ്പോൾ കേന്ദ്രപുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്ഥാനങ്ങളാണ്.

How to reach

_O6A9236

ശ്രീകാകുളമാണ് ശ്രീമുഖം ഗ്രാമത്തിനു സമീപമുള്ള നഗരം. ശ്രീകാകുളം റോഡ് റെയിൽവേ സ്‌റ്റേഷനിൽനിന്ന് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ ലഭിക്കും. അടുത്തുള്ള വിമാനത്താവളം വിശാഖപട്ടണം. (115 കിലോ മീറ്റർ). ശ്രീമുഖം ക്ഷേത്രങ്ങളിലേക്ക് ശ്രീകാകുളത്തു നിന്ന് ബസ് സർവീസും ടാക്സി വാഹനങ്ങളും ലഭിക്കും. ശ്രീമുഖത്ത് താമസ സൗകര്യം ഇല്ല. കലിംഗപട്ടണം, മൊഗ്ദലപാട്, ഭാവനപട്ടണം തുടങ്ങി യ ബീച്ചുകളും അരസവള്ളി സൂര്യക്ഷേത്രം, ശ്രീകൂർമം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും ശ്രീകാകുളത്തുണ്ട്.