അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കാർത്തിക് സൂര്യയ്ക്ക് നടി മഞ്ജു പിള്ള നൽകിയ വിവാഹസമ്മാനത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. പ്ലാറ്റിനത്തിലും റോസ് ഗോൾഡിലും തീർത്ത മനോഹരമായ ഒരു മോതിരവും മുരുകന്റെ വേൽ പതിച്ച ബ്രേസ്‌ലെറ്റുമാണ് മഞ്ജു പിള്ള കാർത്തിക്കിന് വിവാഹ സമ്മാനമായി നൽകിയത്. മഞ്ജു പിള്ള വിവാഹസമ്മാനം നൽകുന്നതിന്റെ വിഡിയോ കാർത്തിക് സൂര്യ തന്റെ യു ട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്.
‘‘ഞാൻ അവനു വേണ്ടി ഒരു ആനവാൽ മോതിരമാണ് തിരഞ്ഞെടുത്തു വച്ചിരുന്നത്. പക്ഷേ, ആൺകുട്ടികളുടെ കയ്യിൽ പ്ലാറ്റിനം കിടക്കുന്നത് കാണാൻ ക്ലാസ്സി ലുക്കാണ്. അവന്റെ കല്യാണത്തിന് അവന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സമ്മാനം കൊടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അവൻ എനിക്ക് അണിയനെപ്പോലെ ആണ്. അവന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ’’.– വിഡിയോയിൽ മഞ്ജു പിള്ള പറയുന്നു.
ജൂലൈ 11നാണ് കാർത്തിക് സൂര്യയുടെ വിവാഹം. അമ്മാവന്റെ മകൾ വർഷയാണ് വധു.