വിവാഹമോചനത്തിന്റെ വക്കോളമെത്തിയ പിണക്കം മറന്ന് വീണ്ടും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചതിന്റെ സന്തോഷത്തിലാണ് തൻവി സുധീറും ഭർത്താവ് യോജിയും. കൗൺസിലിങിലൂടെയും മനസ് തുറന്നുള്ള സംസാരത്തിലൂടെയുമാണ് ഇരുവരും ഡിവോഴ്സ് വേണ്ടെന്ന് തീരുമാനിച്ചത്. തൻവിയുടെ പുതിയ വ്ലോഗിലൂടെ ഈ സന്തോഷ വാര്‍ത്ത പ്രേക്ഷകരെ അറിയിക്കുകയായിരുന്നു.
തൻവിയും യോജിയും അഞ്ച് വയസുകാരൻ മകൻ ലിയാനുമായി കുടുംബജീവിതം സന്തോഷത്തോടെ മുന്നോട്ടു നീങ്ങുകയാണ്. ഇപ്പോഴിതാ റീയൂണിയനുശേഷം തൻവിക്ക് ഒരു റൊമാന്റിക്ക് സർപ്രൈസ് നൽകുന്ന യോജിയുടെ വിഡിയോയും വൈറലാണ്.
വർഷങ്ങളോളം, യാതൊരു ആശയവിനിമയവും ഇല്ലാതിരുന്ന ശേഷമാണ് തൻവിയും ഭർത്താവും ജീവിതത്തിൽ ഒന്നിക്കുന്നത്. 2023ൽ വിവാഹമോചന നടപടികൾ ആരംഭിച്ച തൻവിക്കും ഭർത്താവിനും, ഈ ഡിസംബർ മാസം വരെ അവസാന തീരുമാനം എടുക്കാൻ സമയമുണ്ടായിരുന്നു. അതിനിടയിലാണ് ഈ ഒരുമിക്കൽ. യോജി തങ്ങൾക്കൊപ്പം വന്നുചേർന്നതിലെ സന്തോഷത്തിലാണ് തൻവി. മകനും ഭർത്താവിനുമൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വിഡിയോയാണ് തൻവി ഇപ്പോൾ പങ്കുവച്ചത്.
നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളാണ് തൻവി സുധീർ ഘോഷ്. കൃഷ്ണ കുമാറിനും കുടുംബത്തിനുമൊപ്പമുള്ള തൻവിയുടെ ചിത്രങ്ങൾ വൈറലാകാറുണ്ട്. കാനഡയിൽ സ്ഥിരതാമസമാക്കിയ തൻവി പഠനത്തിനായാണ് കാനഡയിൽ എത്തിയത്. പിന്നീട് അവിടെ തന്നെ ജോലി നേടി വിവാഹിതയാവുകയായിരുന്നു.