ADVERTISEMENT

ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളേയും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതിനെതിരെ ഏതെങ്കിലും സംഘടന ഇടപെടല്‍ നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ഈ ഉത്തരവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

ഈ വിഷയത്തെ കുറിച്ച് സംസാരിച്ചില്ലെങ്കില്‍ തനിക്ക് ഉറങ്ങാന്‍ കഴിയില്ലെന്നും തന്റെ കയ്യില്‍ ഒരു പവര്‍ഫുള്‍ മീഡിയം ഉള്ളപ്പോള്‍ ഈ വിഷയത്തെ കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെയെന്നും താരം.

‘‘പത്ത് വര്‍ഷം മുമ്പ് മുതല്‍ ആനിമല്‍ വെല്‍ഫെയര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. വളരെ ശക്തമായി തെരുവുനായകള്‍ക്ക് ഒപ്പം നിന്നിട്ടുണ്ട്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ ഞാന്‍ പ്രതികരിക്കുന്നത്. വളരെ അധികം തെരുവുനായകള്‍ ഇന്ത്യയില്‍ ഉണ്ട്. ഇതൊരു സത്യമായ ഇഷ്യുവാണ്. ഇവയില്‍ നിന്നും ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുള്ള ആളുകള്‍ കുറേയുണ്ട്. അവരില്‍ കൂടുതലും കുട്ടികളാണ്. ഇങ്ങനൊരു ഓഡര്‍ സുപ്രീംകോടതിയില്‍ നിന്നും വരുമ്പോള്‍ ഇത് ശാശ്വതമാണോ ലീഗലാണോ എന്നൊക്കെയുള്ള ചിന്തകള്‍ വന്നു. ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നു. മൃഗങ്ങളും അതില്‍ ഉള്‍പ്പെടുന്നു. വനങ്ങള്‍, തടാകങ്ങള്‍, നദികള്‍, വന്യജീവികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ജീവജാലങ്ങളോട് കാരുണ്യം കാണിക്കുന്നതിനെ കുറിച്ചും ആര്‍ട്ടിക്കിള്‍ 51 എ ജിയില്‍ പറയുന്നുണ്ട്. ഈ രണ്ട് ആര്‍ട്ടിക്കിളിനും എതിരാണ് സുപ്രീംകോടതിയുടെ ഓര്‍ഡര്‍. എബിസി റൂള്‍സ് പ്രകാരം പെര്‍മനന്‍റ് റിമൂവല്‍ ഒരു സിറ്റുവേനില്‍ മാത്രമെ അനുവദിക്കുന്നുള്ളു. അത് ചികിത്സിച്ചാല്‍ ബേധമാകാത്ത രോഗാവസ്ഥയില്‍ ആണെങ്കിലൊക്കെ മാത്രമാണ് അത്’’.– രഞ്ജിനി പറയുന്നു.

‘‘പത്ത് ലക്ഷത്തോളം തെരുവുനായകള്‍ ഉണ്ടെന്നാണ് പറയുന്നത്. പത്ത് വര്‍ഷം മുമ്പുള്ള സര്‍വേ കണക്കോ മറ്റോവാണ്. അല്ലാതെ പുതിയൊരു സര്‍വെ നടന്നുവെന്ന് തോന്നുന്നില്ല. ഇത്രയും നായകള്‍ക്ക് വേണ്ട ഇന്‍ഫ്രാസ്ട്രക്ടചര്‍ എങ്ങനെ ഒരുക്കും?. തെരുവുനായകള്‍ പെരുകാനുള്ള കാരണമാണ് ആദ്യം കണ്ടുപിടിച്ച് പരിഹരിക്കേണ്ടത്. പെറ്റ് ഓണര്‍ഷിപ്പ് ശക്തമാക്കണം. ബ്രീഡിങ് കണ്‍ട്രോള്‍ ചെയ്യണം. നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് കടുപ്പമുള്ള ശിക്ഷ നല്‍കണം. ഷെല്‍ട്ടറില്‍ ആക്കും എന്നൊക്കെ പറയുന്നത് എക്‌സ്‌ക്യൂസ് മാത്രമാണ്. ആനിമല്‍ വെല്‍ഫെയറിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് കരുതി ഞങ്ങളെ തെരുവ് നായ കടിക്കാറില്ലെന്നോ ഓടിക്കാറില്ലെന്നോ അര്‍ത്ഥമില്ല. എന്റെ വീട്ടിലുള്ളവരും വടി കയ്യില്‍ കരുതാറുണ്ട്. ഇത് എല്ലാവരേയും പ്രശ്‌നമാണ്. ന്യൂട്രിങ് ചെയ്താല്‍ തന്നെ നായകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും. കുറച്ച് സമയം എടുത്താലും പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. പലവിധ കാരണങ്ങള്‍ കാരണം ആളുകള്‍ നമ്മുടെ രാജ്യത്ത് മരിക്കുന്നുണ്ട്. ആ പ്രശ്‌നങ്ങള്‍ തെരുവുനായകളുടെ പ്രശ്‌നത്തിന് ചെയ്തതുപോലെയാണോ ടാക്കിള്‍ ചെയ്യുന്നത് ? ഹ്യൂമണ്‍ വെല്‍ഫെയറിന് വേണ്ടിയെന്ന് പറഞ്ഞ് സ്റ്റുപ്പിഡായിട്ടുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.

ADVERTISEMENT
ADVERTISEMENT