അന്തരിച്ച സീരിയൽ സംവിധായകൻ ആദിത്യന്റ ഭാര്യ രോണു ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ചില വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, രോണുവിന്റെ തുറന്നു പറച്ചിലുകളുമായി ബന്ധപ്പെട്ട് നടി പ്രിയ മേനോന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.
രോണുവിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള അവതാരകയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം.
‘‘രോണു ഒന്നും പറഞ്ഞിട്ടില്ല. അത്രയേ എനിക്കു പറയാനുള്ളൂ. രോണു വളരേ...രോണുവിന്റെ മക്കളെ ഓർത്ത്, മരിച്ചു പോയ അയാളെ ഓർത്ത്, രോണു ഒന്നും പറഞ്ഞിട്ടില്ല. ഐ റെസ്പക്ട് ഹെർ. അവർ അവരുടെ കുട്ടികൾക്കു വേണ്ടി, അവരുടെ ഹസ്ബൻഡിനു വേണ്ടി, അവർ മിണ്ടാണ്ടിരിക്കുന്നു. അല്ലെങ്കിൽ മരിച്ചു പോയ ഒരാളെ പിന്നെയുമിട്ട്...അതു ഭാര്യയാണ്. പക്ഷേ, എനിക്കയാൾ ആരുമല്ല. സംവിധായകന്റെ ചെയറില്‍ ഇരിക്കുമ്പോള്‍ ബഹുമാനിക്കും. അല്ലാത്തപ്പോൾ ഒന്നുമില്ല. ആസ് എ ഹ്യൂമൺ ബീയിങ് ഹീ ഈസ് വെരി ബാഡ്’’. – പ്രിയ പറയുന്നു.
സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവങ്ങളും താരം തുറന്നു പറഞ്ഞു.
‘‘ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്കയാളെ അംഗീകരിക്കാനാകില്ല. പ്രശ്നങ്ങൾ നിരവധി ഉണ്ടായിട്ടും ആ സീരിയൽ വിട്ടു പോകാതിരുന്നത് എന്റെ കമ്മിറ്റ്മെന്റാലാണ്. സംവിധായകൻ മോശമായതുകൊണ്ടാണ് ആ സീരിയൽ പെട്ടന്നു നിന്നത്. സെറ്റിൽ ആരും എന്നോട് മിണ്ടുമായിരുന്നില്ല. വിവരിക്കാൻ പറ്റാത്ത തരത്തിൽ അനുഭവിച്ചിട്ടുണ്ട്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് എല്ലാവരും പറയും. പക്ഷെ നോ പറഞ്ഞ് കഴിയുമ്പോൾ ആരും ഒപ്പമുണ്ടാവില്ല. ഒരു സ്ത്രീയെ ഉപദ്രവിക്കുക മറ്റൊരു സ്ത്രീയാണ്. വാനമ്പാടി ലൊക്കേഷനിലുണ്ടായിരുന്നവരോട് ചോദിച്ചാൽ എന്നെ ഉപദ്രവിച്ച ആ സ്ത്രീയാരാണെന്ന് പറഞ്ഞു തരും.
അങ്ങനെയാണ് അഞ്ച് വർഷം മുമ്പു ലൈവിൽ വന്നു ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞത്. അന്ന് സീരിയലിന്റെ നിർമാതാക്കൾ എനിക്ക് പിന്തുണ നൽകിയിരുന്നു. കുറ്റക്കാരൻ സംവിധായകനാണ്. ഞാൻ ലൈവ് പോയശേഷം അയാൾ വന്നു സോറി പറഞ്ഞു. ഭാര്യയും കുട്ടികളുമുണ്ടെന്നാണു പറഞ്ഞത്. കാല് പിടിച്ചു മാപ്പ് പറയാം എന്നൊക്കെ പറഞ്ഞു. അയാൾ മരിച്ചുപോയി. പക്ഷേ, എന്നോടു ചെയ്തത് പറയാതിരിക്കാനാകില്ല’’– പ്രിയ പറയുന്നു.