താൻ ഭാര്യയുടെ ചിലവിൽ തന്നെ ജീവിച്ച ഒരാളാണെന്നും അതു പറയാൻ ഒരു മടിയുമില്ലെന്ന് യുവസംവിധായകൻ രാഹുൽ രാമചന്ദ്രൻ. കഴിഞ്ഞ എട്ട് വർഷമായി ഒരു കുറവും ഇല്ലാതെ നോക്കുന്നത് നടിയും ഭാര്യയുമായ ശ്രീവിദ്യയാണെന്നും രാഹുൽ.
അധികം സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല. കുറച്ചു നാളുകളായി വെറുതേ ഇരിക്കുകയായിരുന്നു. ഒരു സിനിമ ചെയ്യാനുണ്ട്. അതു വൈകുന്നതിന്റെ ഡിപ്രഷൻ. അങ്ങനെയിരിക്കുമ്പോഴാണ് വിഡിയോ ചെയ്യാൻ തുടങ്ങിയത്. ഇപ്പോൾ ഒരുപാടാളുകള്‍ വിഡിയോ ഇഷ്ടമായി എന്നു മെസേജ് അയക്കാറുണ്ട്. വലിയ സന്തോഷം തോന്നാറുണ്ടെന്നു രാഹുൽ. ഒരു സിനിമ ഹിറ്റാകുന്നതിനേക്കാൾ സന്തോഷമായിരുന്നു തനിക്കെന്നും രാഹുൽ.
‘കഴിഞ്ഞ എട്ട് വർഷമായി എന്നെ ഒരു കുറവും ഇല്ലാതെ നോക്കുന്നത് ശ്രീവിദ്യയാണ്. സിനിമ ഇല്ലാതെ നിൽക്കുന്ന ഒരു സംവിധായകന്റെ അവസ്ഥ ഊഹിക്കാമല്ലോ. ശ്രീവിദ്യയുടെ പിറന്നാളിനു പോലും സമ്മാനം വാങ്ങിക്കൊടുക്കാൻ എന്റെ കയ്യിൽ കാശില്ലായിരുന്നു. അവൾ എന്റെ അക്കൗണ്ടിലേക്ക് കാശയയ്ക്കുമായിരുന്നു, അവൾക്ക് ഗിഫ്റ്റ് വാങ്ങിക്കൊടുക്കാൻ. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. ആർക്കും ദോഷമില്ലാത്ത പ്രമോഷനുകൾ ഞാൻ ചെയ്യുന്നുണ്ട്. അതിൽ നിന്നു കിട്ടുന്ന കാശിന് അവൾക്ക് സർപ്രൈസായി ഓരോന്ന് വാങ്ങിക്കൊടുക്കാറുണ്ട്. അവളെന്നെ നോക്കിയെങ്കിൽ അതിന്റെ പത്തിരട്ടി നന്നായി ഇനിയുള്ള കാലത്ത് അവളെ നോക്കാൻ എനിക്കും കഴിയും. അല്ലാതെ എല്ലാം ഭാര്യയുടെ തലയിൽക്കൊണ്ട് വയ്ക്കുകയല്ല. മാസവാടക കൊടുക്കാൻ പോലും ഞങ്ങൾക്ക് പണമില്ലായിരുന്നു. ഇപ്പോൾ എല്ലാം മാറി. എന്റെ അമ്മ നല്ല സ്ട്രോംഗായിട്ടുള്ള സ്ത്രീയാണ്. അങ്ങനെയൊരാളെ കണ്ട് വളർന്ന എനിക്ക് അതിലും സ്ട്രോംഗായ ഒരു ഭാര്യയെ കിട്ടി. ഭാഗ്യമാണ്’.– ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.