പുരുഷസുഹൃത്തിൽ നിന്നു നേരിട്ട ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞ് നടിയും മോഡലുമാണ് ജസീല പർവീൺ. കാമുകന്റെ ക്രൂരമർദ്ദനത്തിനു ഇരയായെന്നും മുഖത്തും ശരീരത്തും ആഴത്തിൽ മുറിവുകളുണ്ടെന്നും ജസീല വെളിപ്പെടുത്തി.
പല മുറിവുകളും പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമുള്ളവയാണ്. കാമുകനായിരുന്ന വ്യക്തിയുടെ ഫോട്ടോയും ജസീല പുറത്തുവിട്ടു. ഡോക്ടറായ ഡോൺ തോമസ് എന്ന വ്യക്തിയാണ് ആരോപണവിധേയൻ. പലപ്പോഴായി ക്രൂര മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നപ്പോഴും പ്രണയം ഉള്ളതുകൊണ്ടു പിടിച്ചു നിന്നുവെന്നും ഒരു ഘട്ടം എത്തിയപ്പോൾ നിയമപരമായി നീങ്ങാമെന്നു തീരുമാനിക്കുകയായിരുന്നുവെന്നും ജസീല പറയുന്നു. മർദ്ദനങ്ങൾ ശരീരത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതിന്റെ ചിത്രങ്ങളും ജസീല പങ്കിട്ടു.
‘എന്റെ ഹൃദയം പൊട്ടിപ്പോകുന്ന അവസ്ഥയിലാണ്. 2024 ഡിസംബർ 31നു എനിക്കു അറിയില്ലായിരുന്നു, ഇനി വരാൻ പോകുന്ന ഓരോ രാത്രികളും എനിക്കെത്രത്തോളം പ്രയാസമേറിയതാകുമെന്ന്...’ എന്നു പറഞ്ഞാണ് താൻ അനുഭവിച്ചത് ജസീല വിവരിച്ചത്.
അയാൾ എന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി. എന്റെ മുഖത്തു വള ചേർത്തു വച്ചു പലതവണ ഇടിച്ചു. മുഖം കീറി, പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാൾ വിസമ്മതിച്ചു. പക്ഷെ പിന്നീട് അയാൾ എന്നെ ആശുപത്രിയിൽ എത്തിച്ചു. ഞാൻ വീണുവെന്നു കള്ളം പറഞ്ഞാണ് ചികിത്സ തേടിയത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാളുടെ പേരിൽ ഞാൻ പരാതി നൽകി. ഇപ്പോൾ കേസ് നടക്കുകയാണ്. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കണ്ണാടിയിൽ സ്വയം തിരിച്ചറിയാനോ പോലും കഴിയാത്ത അവസ്ഥ. ശസ്ത്രക്രിയ വഴി എന്റെ മുഖത്തെ പാടുകൾ തുന്നിക്കെട്ടി. അയാൾ മർദ്ദിച്ചപ്പോൾ പലതവണ തടയാൽ ശ്രമിച്ചുവെന്നും പക്ഷെ പെട്ടന്നുണ്ടായ മർദ്ദനം നൽകിയ ഷോക്കും വേദനയും കാരണം തനിക്ക് കൂടുതൽ നേരം എതിർത്ത് നിൽക്കാൻ കഴിഞ്ഞില്ലെന്നും ജസീല പറഞ്ഞു.