‘എന്റെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല’: കുറിപ്പുമായി വൈഷ്ണവി

Mail This Article
മലയാള സിനിമയുടെ പ്രിയനടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവി മിനിസ്ക്രീന്‍ പ്രേക്ഷകർക്ക് സുപരിചിതയാണ്. കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ ദുര്‍ഗയെന്ന കഥാപാത്രമായാണ് വൈഷ്ണവി അഭിനയ രംഗത്തെത്തിയത്. പിന്നീട് മികച്ച വേഷങ്ങളിലൂടെ സീരിയൽ രംഗത്ത് സജീവമായി.
കഴിഞ്ഞ ദിവസം അച്ഛനൊപ്പമുള്ള വൈഷ്ണവിയുടെ ഒരു എഐ ഇമേജ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സായ്കുമാര്‍ വൈഷ്ണവിയുടെ തോളില്‍ കൈവച്ച് ഇരിക്കുന്ന സെല്‍ഫിയായാണ് എഐ ചിത്രം ഒരുക്കിയത്. ഇതു മാധ്യമങ്ങളിൽ വാർത്തയുമായി.
ഇപ്പോഴിതാ, ഈ എഐ ഇമേജിനെക്കുറിച്ചുള്ള സത്യാവസ്ഥ പങ്കിടുകയാണ് വൈഷ്ണവി.
‘നമസ്കാരം, ഞാൻ വൈഷ്ണവി സായിക്കുമാർ, എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എ ഐ ഇമേജിന്റെ പേരിൽ കുറച്ച് ദിവസമായി എന്റെ കുടുംബത്തിനെ കുറിച്ചും എന്റെ അച്ഛനെയും അമ്മയേയും കുറിച്ചും എന്നെയും എന്റെ ജീവിതത്തെ കുറിച്ചുമുള്ള പല പോസ്റ്റുകളും കാണുന്നു.
എന്റെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ലാ. എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല ഈ പറയുന്ന എഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്റെ ഇന്‍സ്റ്റഗ്രാം ഐഡി- ഐആംവൈഷ്ണവിസായ്കുമാര്‍ ഒഫീഷ്യല്‍ ആണ്. ദയവു ചെയ്ത് എന്റെ പേഴ്സണല്‍ ലൈഫ് മാറ്റേഴ്സ് പബ്ലിക്കിലേക്ക് വലിച്ചിഴയ്ക്കരുത്. എന്റെ അച്ഛന് എന്റെ മനസ്സിലുള്ള സ്ഥാനം ഇങ്ങനെ എഐ ഇമേജിലുടെ തെളിയിക്കേണ്ട കാര്യം എനിക്കില്ല...ദയവായി ഞങ്ങളെ വെറുതെ വിടൂ’ എന്നാണ് വൈഷ്ണവി കുറിച്ചിരിക്കുന്നത്.