‘എന്റെ മക്കൾ എന്നെ ശരിക്കും കരയിപ്പിച്ചു കളഞ്ഞു’: 50–ാം പിറന്നാളിൽ അഞ്ജു അരവിന്ദിന് സർപ്രൈസ് Anju Aravind's birthday was made special
Mail This Article
അൻപതാം പിറന്നാൾ സുദിനത്തിൽ നടി അഞ്ജു അരവിന്ദിനെ തേടിയെത്തിയത് ഹൃദയം നിറയ്ക്കുന്നൊരു സർപ്രൈസ്. ‘ഇത്തവണത്തെ പിറന്നാൾ തന്നെ ശരിക്കും കരയിച്ചു, സന്തോഷം കൊണ്ടാണ് കേട്ടോ’ എന്ന ആമുഖത്തെടെയാണ് സർപ്രൈസ് കഥ അഞ്ജു പങ്കുവച്ചത്. പിറന്നാളാഘോഷത്തിന്റെ വിഡിയോയും സർപ്രൈസ് നിമിഷങ്ങളും ഫെയ്സ്ബുക്കിലൂടൊണ് അഞ്ജു പ്രിയപ്പെട്ടവരെ അറിയിച്ചത്.
‘ഇത്തവണ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു. സങ്കടം കൊണ്ടല്ല കേട്ടോ, സന്തോഷം കൊണ്ട്. സത്യത്തിൽ ഒരു കേക്ക് കട്ട് ചെയ്യാനോ, ഒന്ന് മനസ്സറിഞ്ഞ് സന്തോഷിക്കുവാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. പക്ഷേ എന്റെ മക്കൾ സർപ്രൈസ് ആഘോഷം പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.’– അഞ്ജു പറയുന്നു.
സത്യത്തില്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള ടീച്ചറാണ് ഞാൻ. പഠിപ്പിച്ച രീതിയിൽ ഡാൻസ് ചെയ്യാതിരുന്നാലോ, ക്ലാസിൽ വരാതിരുന്നാലോ ശ്രദ്ധിക്കാതിരുന്നാലോ ഒക്കെ അവരെ നല്ലോണം വഴക്കു പറയാറുണ്ട്.
നാലഞ്ച് വർഷം മുമ്പ് പതിനാല് വയസ്സുള്ള എന്റെ വിദ്യാർഥിയെ നല്ലപോലെ വഴക്കു പറഞ്ഞു. നല്ല കഴിവുള്ള കുട്ടി ഒട്ടും പ്രാക്ടീസ് ഇല്ലാതെയായിരുന്നു ക്ലാസിനു വന്നത്. ക്ലാസിൽ ഇടയ്ക്കിടയ്ക്ക് വരാതിരിക്കുകയും ചെയ്യുമായിരുന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ കോൾ വന്നു. കുട്ടിയെ വഴക്കു പറഞ്ഞതിന് പരാതി പറഞ്ഞു. പുതിയ ജനറേഷന്‍ കുട്ടികളെ സ്ട്രിക്ട് ആയി പഠിപ്പിക്കാൻ കഴിയില്ല എന്നതായിരുന്നു അവരുടെ വാദം.
പക്ഷേ ന്യൂജനറേഷൻ ആയാലും കഴിവുള്ള കുട്ടികളെ ചിട്ടയോടെ കാര്യങ്ങൾ പഠിപ്പിക്കണം എന്നായിരുന്നു ഞാൻ മറുപടി പറഞ്ഞത്. കുട്ടികൾ ആത്മാർഥത കാണിച്ചാൽ അവർക്ക് തിളങ്ങാനാകും.
ഇപ്പോൾ ഈ സംഭവം പറയാൻ ഒരു കാരണമുണ്ട്. ഈ പിറന്നാൾ ദിവസം എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്നേഹം കണ്ടപ്പോൾ, പിറന്നാൾ ആഘോഷിക്കാൻ അവരെടുത്ത എഫേർട്ട് കണ്ടപ്പോൾ ഒരു കാര്യം മനസിലായി. നമ്മൾ ആത്മർഥമായാണ് കുട്ടികളെ പഠിപ്പിക്കുന്നത് എങ്കിൽ, അവരുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കിൽ എത്ര വഴക്കു പറഞ്ഞാലും നമുക്ക് അവരോടുള്ള സ്നേഹവും കരുതലും അവർ തിരിച്ചറിയും.’’അഞ്ജു അരവിന്ദിന്റെ വാക്കുകൾ.
സിബി മലയിൽ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജുവിന്റെ അരങ്ങേറ്റം. പാർവതി പരിണയം, സുന്ദരി നീയും സുന്ദരൻ ഞാനും, അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കല്യാണപിറ്റേന്ന്, ദോസ്ത് എന്നിവയാണ് പ്രധാന ചിത്രങ്ങൾ. അൻവിക എന്നൊരു മകളാണ് അഞ്ജുവിനുള്ളത്.