Friday 11 February 2022 11:35 AM IST

‘ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പാൾ വാപ്പിയും ഉമ്മിയും പിരിഞ്ഞു’: അൻഷിതയ്ക്ക് ‘രണ്ട് ഉമ്മമാരോ...’ എന്നു ചോദിക്കുന്നവർ അറിയാൻ...

V.G. Nakul

Sub- Editor

anshitha-new-1

‘കൂടെവിടെ’ എന്ന പരമ്പരയിലെ സൂര്യ എന്ന കഥാപാത്രത്തിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് അൻഷിത. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ‘അമ്മ’ എന്ന പരമ്പരയിൽ ഒരു പത്രപ്രവർത്തകയുടെ വേഷത്തിലാണ് അൻഷിത അഭിനയരംഗത്തെത്തുന്നത്. അതിനു ശേഷം പഠനത്തിന്റെ ഭാഗമായി ദീർഘകാലം വിട്ടുനിന്ന താരം, ‘മഴവില്‍ മനോരമ’യിലെ ‘തകർപ്പൻ കോമഡി’യിലൂടെ മിനി സ്ക്രീനിലേക്കു തിരികെയെത്തി. തുടർന്ന് ‘കൂടെവിടെ’ യിലെ നായികയായി താരപദവിയിലേക്കുയർന്നു...

anshitha-new-5

സഹോദരന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിന്റെ വിശേഷങ്ങള്‍ കോർത്തിണക്കി അൻഷിത തന്റെ യൂ ട്യൂബ് ചാനലിൽ പങ്കുവച്ച ഒരു വിഡിയോയ്ക്ക് ചിലർ നൽകിയ മോശം കമന്റുകളും അതിന് അൻഷിത നൽകിയ മറുപടിയുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

‘‘കഴിഞ്ഞ ഡിസംബറിലാണ് ഞാൻ യൂ ട്യൂബ് ചാനൽ തുടങ്ങിയത്. സുഹൃത്തുക്കളുടെ നിർബന്ധമായിരുന്നു പ്രേരണ. ഇതിനോടകം പതിനഞ്ചിലധികം വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്.

anshitha-new-3 അൻഷിതയും അമ്മയും.

എന്റെ സഹോദരന്റെ കുഞ്ഞിന്റെ നൂല് കെട്ടായിരുന്നു. അതിന്റെ വിഡിയോ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ കുടുംബാംഗങ്ങളെയെല്ലാം പരിചയപ്പെടുത്തി. കൂട്ടത്തിൽ എന്റെ വാപ്പിയുടെ രണ്ടാം ഭാര്യയുമുണ്ട്. അതു ചിലർക്ക് രസിച്ചില്ല. അതോടെ മോശം കമന്റുകൾ ധാരാളം വരാൻ തുടങ്ങി. മറ്റു ചിലർക്ക് എന്റെ മതത്തെക്കുറിച്ചാണ് അറിയേണ്ടത്. ഞാൻ മുസ്ലിമാണ്. എന്നാല്‍ ഞാൻ കുരിശിടുകയും അമ്പലത്തിൽ പോകുകയുമൊക്കെ ചെയ്യും. അതിന്റെയൊക്കെ ചിത്രങ്ങള്‍ കാണുമ്പോൾ, ഹിന്ദുവാണോ...ക്രിസ്ത്യാനിയാണോ...മുസ്ലിമാണോ എന്നൊക്കെയാണ് പലരുടെയും ചോദ്യം. അതൊന്നും എനിക്കു തീരെ ഇഷ്ടമായില്ല. കുറേയൊക്കെ ഞാൻ ഡിലീറ്റ് ചെയ്തു. തുടർന്നാണ് ഒരു മറുപടി വിഡിയോ പങ്കുവയ്ക്കാന്‍ തീരുമാനിച്ചത്’’. – അൻഷിത ‘വനിത ഓൺലൈനോട്’ പറയുന്നു.

എന്തിനും ഏതിനും നെഗറ്റീവ്

ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പാഴാണ് വാപ്പിയും ഉമ്മിയും ഡിവോഴ്‌സ് ആയത്. എനിക്കൊരു സഹോദരനുണ്ട്. അതിനു ശേഷം വാപ്പി വേറെ വിവാഹം കഴിച്ചു. ഉമ്മി പിന്നീട് കല്യാണം കഴിച്ചില്ല. ദുബായിലായിരുന്നു ഉമ്മിക്ക് ജോലി. ഉമ്മി വിദേശത്തായിരുന്നതിനാൽ, ഉമ്മിയുടെ ഉമ്മയാണ് കുട്ടിക്കാലത്ത് ഞങ്ങളെ നോക്കിയിരുന്നത്. ഉമ്മിയും ഇപ്പോൾ നാട്ടിലുണ്ട്.

anshitha-new-4

നൂലുകെട്ടിന്റെ വിഡിയോയിൽ ‘എന്റെ വാപ്പിയുടെ ഭാര്യ’ എന്ന് പറഞ്ഞ് ഞാൻ കാണിച്ചത് എന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണ്. അത് അത്രയേ ഉള്ളൂ. അതോടെ, ‘രണ്ട് ഉമ്മമാരോ...’, ‘ബാക്കിയെല്ലാവരുമെന്താ കറുത്തിരിക്കുന്നേ...അൻസി മാത്രം വെളുത്തിരിക്കുന്നു...’, ‘അൻസിയുടെ ജാതിയേതാണ്...’, ‘എല്ലാ മതക്കാരുമുണ്ടോ വീട്ടിൽ...ഇവരൊക്കെയാരാ...’ എന്നിങ്ങനെ കുറേയേറെ ചോദ്യങ്ങൾ. അതു കൂടിയതോടെയാണ് ഞാൻ മറുപടി പറയാൻ തീരുമാനിച്ചത്.

എന്തിനും നെഗറ്റീവ് കണ്ടെത്തുന്നതെന്തിനാ...ഞാൻ എന്റെ വാപ്പിയുടെ രണ്ടാം ഭാര്യയെ പരിചയപ്പെടുത്തിയതിനെ പൊസിറ്റീവായി കണ്ടവരും ധാരാളമുണ്ട്. അത്തരത്തിലും കമന്റുകൾ വന്നിരുന്നു...

ആഗ്രഹിച്ചത് ഉമ്മി

ഞാൻ അഭിനയരംഗത്തേക്കു വരണം, ശ്രദ്ധിക്കപ്പെടണം എന്നൊക്കെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ ഉമ്മിയാണ്. ഞാൻ ഈ ഫീൽഡിലേക്കു വരണം എന്നു പോലും ആഗ്രഹിച്ച ആളല്ല. വന്ന ശേഷം, പതിയെപ്പതിയെയാണ് ഞാൻ ഈ കരിയര്‍ ഇഷ്‍ടപ്പെട്ടു തുടങ്ങിയത്. ഇപ്പോൾ ജീവിതം ഇതിലാണ്.

anshitha-new-2 അൻഷിതയുടെ കുടുംബം.

‘കൂടെവിടെ’യ്ക്ക് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എല്ലാവരുടെയും സ്നേഹം ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്നു. എവിടെപ്പോയാലും എല്ലാവരും തിരിച്ചറിയുന്നു, ഇഷ്ടത്തോടെ സംസാരിക്കുന്നു എന്നതൊക്കെയാണ് വലിയ നേട്ടം. അത് മറ്റൊരു ഫീലാണ്. എന്റെ ചാനലിൽ ഞാൻ ഒരു അമ്മയെ കാണാൻ പോകുന്ന വിഡിയോ പങ്കുവച്ചിരുന്നു. കൂടെവിടെ കണ്ട് എന്നെ ഇഷ്ടമായി സംസാരിച്ചു തുടങ്ങിയതാണ് അമ്മ. ഇപ്പോൾ എന്നും വിളിക്കും. അതൊക്കെ ദൈവം തന്ന വലിയ ഭാഗ്യങ്ങളാണ്.

സത്യത്തിൽ എനിക്കു സിനിമയോട് വലിയ ക്രേസ് ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യണം എന്നു തോന്നിത്തുടങ്ങിയത്. വയസ്സ് 24 ആയിട്ടല്ലേയുള്ളൂ. സമയമുണ്ടല്ലോ...