പ്രണയം നിറയ്ക്കുന്ന മനോഹര നിമിഷങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും. മനോഹരമായൊരു പ്രണയ ഗാനത്തിന്റെ അകമ്പടിയിൽ ക്യൂട്ട് നൃത്തവുമായാണ് വൈറല്‍ ജോഡി എത്തുന്നത്. പ്രണയദിനത്തോടനുബന്ധിച്ചു ചിത്രീകരിച്ച വിഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയുടെ ഫേവറിറ്റ് ലിസ്റ്റിലുണ്ട്. ‘ഹായ് ലൈല’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവച്ചത്. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
ചുവപ്പ്–മഞ്ഞ കോംബിനേഷനിലുള്ള ഫ്ലോറൽ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ആണ് ദിയ ധരിച്ചത്. മഞ്ഞയും വെള്ളയും ഇടകലർന്ന ഷർട്ടും ഫോർമൽ ബോട്ടവുമാണ് അശ്വിന്റെ വേഷം. അമ്മയാകാനൊരുങ്ങുന്ന ദിയയുടെ ബേബി ബംപ് വിഡിയോയിൽ കാണാം. കുഞ്ഞുവയർ താങ്ങിപ്പിടിച്ച് ഏറെ ആസ്വദിച്ചും ശ്രദ്ധിച്ചുമാണ് ദിയയുടെ പ്രകടനം.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയയുടെ വിവാഹം. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് പങ്കാളി അശ്വിൻ ഗണേഷ്. ഇരുവരും ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസമാണ് താൻ ഗർഭിണിയാണെന്ന വിവരം ദിയ വെളിപ്പെടുത്തിയത്. ഗർഭകാലം ആഘോഷമാക്കുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.