ADVERTISEMENT

’പഞ്ചാബി ഹൗസ്’ എന്നുകേട്ടാൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക രമണന്റെ മുഖമായിരിക്കും. ഹരിശ്രീ അശോകന്റെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ചോദിച്ചാൽ താരത്തിന് കഥയുടെ വലിയൊരു കലവറ തന്നെ തുറക്കാനുണ്ട്. അന്നത്തെ ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് ഹരിശ്രീ അശോകന്‍ പറയുന്നതിങ്ങനെ;

"വിവാഹം കഴിഞ്ഞതിനു ശേഷമാണ് ഞാൻ സിനിമയിലെത്തിയത്. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച വ്യക്തിയായിരുന്നു ഭാര്യ പ്രീത. വിവാഹത്തിനു ശേഷമാണ് അവൾ കുറേയേറെ സ്ഥലങ്ങൾ കണ്ടതും. വിവാഹം കഴിഞ്ഞ് പല സ്ഥലങ്ങളിലും മിമിക്‌സ് പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു. അവിടെയെല്ലാം ഞാൻ അവളെയും കൊണ്ടുപോയിരുന്നു. ഞാന്‍ പെര്‍ഫോം ചെയ്യുന്ന സമയത്ത് സദസ്സിന്റെ ഏറ്റവും മുന്നില്‍ അവളാകും ഇരിക്കുക. ചെയ്യുന്ന കോമാളിത്തരങ്ങള്‍ അവളുടെ മുന്നില്‍ വച്ചാണെങ്കില്‍ എനിക്ക് ചമ്മല്‍ വരും. അതുകൊണ്ടുതന്നെ പിന്നീട് അവളെ പ്രോഗ്രാമുകള്‍ക്ക് കൊണ്ടുപോകാതായി.

പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ് സെറ്റിലും അവളെ കൊണ്ടുപോയിരുന്നു. ഞാൻ ഡയലോഗുകളൊക്കെ പഠിച്ച് റെഡിയായിരിക്കുകയാണ്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അശോകനില്‍ നിന്നും കഥാപാത്രമായ രമണനിലേക്ക് മാറി. സീനുകളോരോന്നും തകൃതിയായി നടക്കുകയായിരുന്നു. ഒരു സീനിന് വേണ്ടിയുള്ള ഡയലോഗ് പറയാന്‍ തിരിഞ്ഞപ്പോള്‍ കുറച്ചകലെ മാറി എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു പ്രീത. അവളെ കണ്ടതോടെ രമണനായ ഞാന്‍ മരണനായി മാറി.

അവള്‍ നില്‍ക്കുന്നത് കൊണ്ട് ഡയലോഗുകളൊന്നും ഓര്‍മ്മയിൽ വരുന്നില്ല. മൂന്ന് പ്രാവശ്യം ടേക്കെടുത്തിട്ടും ശരിയാകാതെ വന്നപ്പോള്‍ ഞാന്‍ പ്രീതയെ മാറ്റി നിര്‍ത്തി പറഞ്ഞു, "നീ അങ്ങോട്ട് മാറിനില്‍ക്ക്, നീ ഇങ്ങനെ എന്നെത്തന്നെ നോക്കി നിന്നാൽ എനിക്ക് അഭിനയിക്കാന്‍ കഴിയില്ല, ബ്രേക്ക് വരുമ്പോള്‍ ഞാന്‍ വിളിക്കാം, അപ്പോള്‍ വന്നാല്‍ മതി.." ഇത്രയും പറഞ്ഞ് ഞാനവളെ അപ്പുറത്തേക്ക് വിട്ടു. അതിനുശേഷമാണ് തനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിച്ചത്." അശോകന്‍ പറയുന്നു.

harisree-ask2
ADVERTISEMENT
ADVERTISEMENT
ADVERTISEMENT