അങ്കമാലി ഡയറീസിലെ പെപ്പെ എന്ന നായക കഥാപാത്രത്തിനുശേഷം ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ കോട്ടയംകാരനായാണ് ആന്റണി എത്തുന്നത്. ആന്റണിക്കൊപ്പം വിനായകന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് എന്നിവരും ട്രെയിലറില്‍ തിളങ്ങുന്നു. ശക്തമായ തിരക്കഥയോടൊപ്പം ഇഷ്ടതാരങ്ങള്‍ അണിനിരക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന് ട്രെയിലറില്‍ നിന്നു തന്നെ വ്യക്തമാണ്.
ലിജോ ജോസ് പല്ലിശ്ശേരിയുടെ അസ്സോസ്സിയേറ്റ് ആയിരുന്ന അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ച ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിന് ദിലീപ് കുര്യന്‍ തിരക്കഥ ഒരുക്കുന്നു. നിര്‍മാണത്തില്‍ ബി.സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളുമാണ്.
അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രമായ യു ക്ലാംപ് രാജനെ അവതരിപ്പിച്ച ടിറ്റൊ വില്‍സണ്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒരു രാത്രിയിലെ സംഭവം അവന്റെ ജീവിതം മാറ്റി മറിക്കുന്നതും ആ പ്രശ്‌നം പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷന്‍.