ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി കാണികളെ കൈയിലെടുത്ത് ഷെയിൻ നിഗം. അമ്മ മഴവില്ല് മെഗാഷോയിൽ സ്വാസികയ്ക്കും കാളിദാസ് ജയറാമിനൊപ്പമായിരുന്നു ഷെയിന്റെ പ്രകടനം. പൊതുവേ നാണക്കാരനെങ്കിലും നൃത്തത്തിൽ അതിന്റെ നിഴലുണ്ടായിരുന്നില്ല. ഉറുമിയിലെ ആരാണെ ആരാണെ എന്ന ഗാനത്തിനൊപ്പം വേദിയിലെത്തിയ ഷെയിന്റെ പ്രകടനം അക്ഷരാർഥത്തിൽ കാണികളെ ഞെട്ടിക്കുന്നതായിരുന്നു.
ഷെയിനും സ്വാസികയും ചേർന്നുള്ള ഉറുമിയിലെ ഗാനത്തിനൊപ്പമുള്ള പ്രകടനം കഴിഞ്ഞാണ് കാളിദാസ് വേദിയിലെത്തിയത്. തുടർന്ന് മുവരും ചേർന്ന് നരനിലെ വേൽമുരുഗാ എന്ന ഗാനത്തിനൊപ്പം നിറഞ്ഞാടി.
അഭിനയത്തിൽ ക്ലാസെങ്കിലും നൃത്തത്തിൽ താൻ മാസാണെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു ഷെയിന്റെത്. അതു കൊണ്ടു തന്നെ കാണികളും ആവേശത്തിലായി. ഒരു പ്രമുഖ ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായാണ് അന്തരിച്ച നടൻ അബിയുടെ മകനായ ഷെയിൻ മലയാളികൾക്ക് സുപരിചിതനായത്. ഈ അടുത്തിടെ ഒരു സംഗീത റിയാലിറ്റി ഷോയുടെ ഓഡീഷനിൽ പാട്ടു പാടി നൃത്തം ചെയ്യുന്ന കുഞ്ഞ് ഷെയിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.