പ്രണയാതുര നിമിഷങ്ങൾ പങ്കുവച്ച് മക്കൾ സെൽവനും നയൻസും. ആരാധകർ ആകാംക്ഷപൂർവ്വം കാത്തിരുന്ന 'ഇമൈക്ക നൊടികൾ' എന്ന ചിത്രത്തിലെ പ്രണയഗാനം പുറത്തിറങ്ങി. വിജയ് സേതുപതിയും നയൻതാരയും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന 'നീയും നാനും അൻപേ' എന്ന് തുടങ്ങുന്ന ഗാനമാണു യുട്യൂബിലെത്തിയത്.
ഹിപ്ഹോപ് തമിഴയാണ് ഗാനത്തിന്റെ സംഗീത സംവിധായകൻ. രഘു ദീക്ഷിത്, സത്യപ്രകാശ്, ജിതിൻ രാജ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്നു.
നയൻതാര സിബിഐ ഓഫീസറായി വേഷമിടുന്ന ചിത്രമാണ് 'ഇമൈക്ക നൊടികൾ'. സസ്പെൻസ് ത്രില്ലറായൊരുങ്ങുന്ന ചിത്രത്തിൽ അഥർവ്വയാണ് കേന്ദ്രകഥാപാത്രമാകുന്നത്. അനുരാഗ് കശ്യപ്, രാശി ഖന്ന എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തില്‍ വിജയ് സേതുപതി അതിഥിതാരമായാണെത്തുന്നത്.
സൂപ്പർഹിറ്റ് ചിത്രം ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിനു ശേഷം നയൻസ്–വിജയ് സേതുപതി ഭാഗ്യജോഡികൾ ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘ഇമൈക്ക നൊടികൾ.’ ആർ. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നാളെ പ്രദർശനത്തിനെത്തും.