ADVERTISEMENT

സാധാരണ, പ്രകോപനപരമായ സാഹചര്യങ്ങളിൽ പോലും ആരാധകരോട് മയത്തിൽ പെരുമാറി, സമാധാനപരമായി സംസാരിക്കുന്നവരാണ് തമിഴ് സിനിമാ താരങ്ങൾ. എന്നാൽ പരിഹാസം പരിധി വിട്ടാലോ. പ്രതികരിക്കാതെന്ത് ചെയ്യാൻ. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്.

താരം എന്നതിലുപരി സാമൂഹികമായ ഇടപെടലുകളാലും വാർത്തകളിൽ നിറയാറുണ്ട് നടൻ സിദ്ധാർത്ഥ്. അദ്ദേഹത്തിന്റെ ട്വീറ്റുകൾ പലതും പ്രസക്തവുമാണ്. കഴിഞ്ഞ ദിവസം ശബരിമല വിവാദത്തിലും സിദ്ധാര്‍ഥ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

‘‘മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ശബരിമലയിലേക്ക് പോകാന്‍ ആദ്യം മുന്നോട്ടു വന്നു എന്ന കാര്യവും അതേ തുടര്‍ന്ന് ഉണ്ടാകുന്ന പ്രക്ഷോഭങ്ങളും നിലനില്‍ക്കെത്തന്നെ, യുവതികളായ ഹിന്ദു സ്ത്രീകള്‍ക്കും അയ്യപ്പനെ കാണണം എന്ന് ആഗ്രഹമുണ്ട്. എത്ര ഫേക്ക് ന്യൂസ് വന്നാലും അത് മാറുന്നില്ലല്ലോ. അവര്‍ എന്ത് ചെയ്യും?’’. സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.

എന്നാൽ അതിന് താഴെ കുലോത്തുംഗന്‍ എന്ന ട്വിറ്റര്‍ ഐ ഡിയില്‍ നിന്നും വന്ന മറുപടിയിങ്ങനെ: ‘‘നിങ്ങള്‍ക്ക് സിനിമയൊന്നുമില്ലേ ബ്രോ?’’. ഇത് സിദ്ധാര്‍ഥിനെ ചൊടിപ്പിച്ചു. പിന്നെ ഒട്ടും മടിച്ചില്ല, ടാ പോടാ എന്നൊക്കെ കണക്കിന് വിളിച്ച് താരം കുലോത്തുംഗന് മറുപടിയും നൽകി.

ADVERTISEMENT

‘‘എനിക്ക് നാല് സിനിമയും ഒരു നെറ്റ്ഫ്ലിക്സ് സീരീസും ഉണ്ടെടാ. എപ്പോഴും ആലോചിക്കുകയും ഇടയ്ക്കൊക്കെ ട്വീറ്റ് ചെയ്യുകയും ചെയ്യുന്നതിന്റെ കാരണം അത് ചെയ്യാന്‍ ഒരു മിനിറ്റ് മതി എന്നുള്ളതാണെടാ. ഇന്നത്തെ കലുഷമായ ലോകത്ത് സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നത് വളരെ പ്രധാനമാണെടാ. മാത്രമല്ല, എന്നെ ബ്രോ എന്ന് വിളിക്കരുതെടാ. പിന്നെ ഒന്ന് കൂടി, നീ പോടാ’’.

സിദ്ധാര്‍ഥിന്റെ മറുപടിയെ പ്രശംസിച്ച് വരലക്ഷ്മി ശരത്കുമാര്‍, പല്ലവി ശാരദ, ശാരദാ രാമനാഥന്‍ എന്നിവരുൾപ്പടെ രംഗത്ത് വന്നതോടെ സംഭവം വൈറലായി.

ADVERTISEMENT
ADVERTISEMENT