‘പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി...’ ഈ തകർപ്പന്‍ പാട്ടിനൊപ്പം മലയാളി ചെറുപ്പം നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയായിരുന്നു. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു രസിച്ചു പാടുന്ന യുവസുന്ദരനെ പ്രേക്ഷകർ പുതിയ താരോദയമെന്നു വിളിച്ചു. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ ആലുമ്മൂടന്റെ തുടക്കം. സിനിമാസ്റ്റൈലിൽ പറഞ്ഞാൽ ‘തകർപ്പൻ എൻട്രി’.
കുഞ്ചാക്കോ ബോബനും ശാലിനിയും തകർത്താടിയ ‘നിറം’ വൻ വിജമായപ്പോള്‍, ഇപ്പോഴും ആ ഓർമകളുടെ ഹരം മാറാത്ത കാണികൾ ബോബന്റെ പ്രകാശ് മാത്യുവിനെയും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
മലയാള സിനിമയുടെ ചിരിയഴകായിരുന്ന ആലുമ്മൂടന്റെ മകന് സിനിമയും അഭിനയവും പുതുമയായിരുന്നില്ല. സ്വാഭാവികമായും സിനിമയുടെയും അഭിനയത്തിന്റെയും വെള്ളിവെളിച്ചത്തിലേക്കു തന്നെ ബോബനും എത്തി.
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിരക്കുള്ള താരമായിരുന്ന ബോബൻ കുറച്ചു കാലമായി അത്ര സജീവമല്ല. അഭിനയത്തിൽ 28 വർഷം പിന്നിടുന്ന ബോബൻ ആലുമ്മൂടൻ, അഭിനയ ജീവിതത്തിലെ നാൾ വഴികളെക്കുറിച്ചും ഇടവേളയുടെ കാരണത്തെക്കുറിച്ചും ‘വനിത ഓൺലൈനു’മായി സംസാരിക്കുന്നു.
‘‘മാറി നിൽക്കുന്നതോ, മനപൂർവം ഇടവേളയെടുത്തതോ, ഒതുക്കപ്പെടുന്നതോ അല്ല. പുതിയ ആളുകൾ വരുന്നു, മത്സരം കടുത്തു. അപ്പോൾ നല്ല അവസരങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പും നീളും. ഇപ്പോള്‍ ചില ചർച്ചകൾ നടക്കുന്നു. ഉടന്‍ ഒരു മടങ്ങിവരവ് പ്രതീക്ഷിക്കാം’’.– ചിരിയോടെ ബോബൻ പറഞ്ഞു തുടങ്ങി.

തുടക്കത്തിന്റെ റോസസ്
മനോരമ വിഷന്റെ ‘റോസസ് ഇൻ ഡിസംബർ’ ആണ് എന്റെ ആദ്യ സീരിയൽ. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത്, ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ആ സീരിയൽ വലിയ ഹിറ്റായിരുന്നു. പത്രത്തിൽ പരസ്യം കണ്ടാണ് ഞാൻ ജൂഡ് സാറിനെ പോയി കണ്ടത്. ഇന്റർവ്യൂ ഒക്കെ നടത്തിയാണ് എടുത്തത്. ഒരു ആംഗ്ലോ ഇന്ത്യൻ കഥയായിരുന്നു ‘റോസസ് ഇൻ ഡിസംബർ’. പോളി എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്.
സിനിമയുടെ നിറം
‘നിറ’മാണ് ആദ്യ സിനിമ. നിർമാതാവ് രാധാകൃഷ്ണൻ ചേട്ടൻ വഴിയാണ് കമൽ സാറിന്റെ അടുത്തെത്തുന്നത്. അപ്പോഴൊക്കെ ആലുമ്മൂടന്റെ മകൻ എന്നൊരു പരിഗണന എനിക്കു കിട്ടിയിരുന്നു. ഇപ്പോഴും എന്റെ ഏറ്റവും വലിയ വിലാസം ആലുമ്മൂടന്റെ മകൻ എന്നതു തന്നെയാണ്.
അവസരം കുറഞ്ഞു
‘നിറം’ ഒരു നല്ല തുടക്കമായിരുന്നു. ശരിക്കും ഗ്രാന്റ ് ഓപ്പണിങ്. ഇപ്പോഴും എന്നെ കാണുമ്പോൾ ആളുകൾ ആദ്യം പറയുക ‘നിറ’ത്തിലെ പാട്ടു സീനിനെക്കുറിച്ചാണ്. പക്ഷേ, ആ നല്ല തുടക്കത്തിന്റെ നേട്ടം സിനിമയിൽ പിന്നീടു ലഭിച്ചില്ല. അവസരങ്ങൾ കുറഞ്ഞു. സീരിയലിൽ സജീവമായതും ഒരു കാരണമാകാം. സീരിയൽ നടൻ എന്ന ഇമേജിലേക്കു കടക്കുമ്പോൾ സിനിമകൾ കുറയുക സ്വാഭാവികമാണല്ലോ.
ഷാഫിയുടെ സിനിമകളിൽ എനിക്കു നല്ല വേഷങ്ങൾ കിട്ടിയിട്ടുണ്ട്. ‘കല്യാണരാമ’നിലും ‘തൊമ്മനും മക്കളി’ലുമൊക്കെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളായിരുന്നു.
ഇതിനോടകം ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ‘നളചരിതം നാലാം ദിവസം’, ‘പുണ്യം’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി.

സീരിയൽ കാലം
ഇപ്പോൾ അമ്പതോളം സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു. ‘ഭാര്യ’, ‘മകൾ മരുമകൾ’, ‘മക്കൾ’ തുടങ്ങി അതിൽ പലതും വലിയ വിജയങ്ങളായിരുന്നു.
ആദ്യ കാലത്തൊക്കെ അച്ഛന്റെ പേരിൽ പല സംവിധായകരെയും കണ്ട് ചാൻസ് ചോദിച്ചിരുന്നു. ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. എങ്കിലും ചാൻസ് ചോദിക്കാൻ മടിയില്ല. ഞാനിവിടെയുണ്ട് എന്നോർമ്മിപ്പിക്കുന്നതിൽ എന്താണ് തെറ്റ്.
ഞാൻ എങ്ങും പോയിട്ടില്ല
സിനിമയിലും സീരിയലിലുമൊന്നും കാണാതായപ്പോൾ, ഞാൻ വിദേശത്താണെന്നും മറ്റു ജോലികൾ ചെയ്യുന്നുവെന്നും കഥ പരന്നു. പക്ഷേ സത്യം അതല്ല. അഭിനയമല്ലാതെ ഞാൻ മറ്റൊന്നും ചെയ്തിട്ടില്ല. ഭാര്യ ഷെല്ലി സ്വിറ്റ്സർലാന്റിലാണ് ജനിച്ചു വളർന്നത്. അവർ നഴ്സിങ് ട്യൂട്ടറായി ജോലി ചെയ്തതും മക്കൾ പഠിച്ചിരുന്നതും അവിടെത്തന്നെ. അതിനാൽ ഞാനും ഒഴിവു സമയങ്ങളിൽ അങ്ങോട്ടേക്കു പോയിരുന്നു. ഇപ്പോൾ ഞങ്ങൾ കുടുംബസമേതം കൊച്ചിയിലാണ് താമസം. മകൻ സിലാൻ പ്ലസ് ടുവിന് പഠിക്കുന്നു. മകൾ സേന 9–ാം ക്ലാസിൽ. ഭാര്യയുടെ കുടുംബം ഇപ്പോഴും സ്വിറ്റ്സർലാന്റിലാണ്.