മലയാള സിനിമയില്‍, പ്രേക്ഷകരുടെ പ്രിയ കുടുംബമാണ് പൃഥ്വിരാജിന്റെത്. പൃഥ്വിയും ഭാര്യ സുപ്രിയയും മകൾ അല്ലി എന്ന അലംകൃതയും ആരാധകർക്ക് പ്രിയങ്കരരാണ്. ഇവരുടെ ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറ്. പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിലും സജീവമാണ്. തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ പൃഥ്വി തന്നെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിന്റെ വിഡിയോ സുപ്രിയ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തതാണ് വൈറൽ. ചിലപ്പോൾ ആളുകൾ നിങ്ങൾക്ക് ഏറ്റവും ഭംഗിയുള്ള വിഡിയോ ക്ലിപ്പുകൾ അയച്ചുതരുമെന്ന് കുറിച്ച സുപ്രിയ ആ ക്ലിപ്പ് നൽകിയതിന് നന്ദിയും പറയുന്നുണ്ട്.
“ഞാൻ അധികം സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ” .– വിഡിയോയിൽ പൃഥ്വി പറയുന്നു.
ഇതിനോടകം വിഡിയോ സോഷ്യൽ മീഡിയ ആഘോഷമാക്കിക്കഴിഞ്ഞു. ഇപ്പോൾ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിരക്കുകളിലാണ് പൃഥ്വി.