വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെ അവതരിപ്പിച്ച സിജു വിത്സണ്‍ മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ച വച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ വിനയനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
‘ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും.. അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും... വിനയൻ സാർ ആശംസകൾ.’- എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചത്.
വിനയന്‍ തിരക്കഥയെഴുതിയ സിനിമയുടെ സഹ നിർമ്മാതാക്കൾ വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.