ADVERTISEMENT

നടി കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തില്‍ മലയാളി താരം വിശാഖ് നായരും. പൊളിറ്റിക്കൽ ത്രില്ലർ ചിത്രം എമർജെൻസിയിലാണ് വിശാഖ് നായര്‍ വേഷമിടുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയിൽ സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുക.

കങ്കണ റണൗട്ട് ആണ് ഇന്ദിര ഗാന്ധിയായി എത്തുക. വിശാഖ് നായരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ‘ആനന്ദം’ എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് വിശാഖ്. പിന്നീട് പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ എന്നീ സിനിമകളില്‍ അഭിനയിച്ചു. ഇതിനിടെ ഒരു ഹിന്ദി ആൽബത്തിലും വിശാഖ് അഭിനയിച്ചു.

ADVERTISEMENT

റിതേഷ് ഷാ ആണ് എമർജെൻസിയുടെ തിരക്കഥ ഒരുക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മണികർണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമർജെൻസി. എമർജൻസി ഇന്ദിരാ ​ഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക്​ പരിചയപ്പെടുത്തി നൽകുന്ന ഇന്ത്യയുടെ സാമൂഹിക- രാഷ്​ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്​ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ മുന്‍പ് വ്യക്തമാക്കിയിരുന്നു.

ADVERTISEMENT
ADVERTISEMENT