ADVERTISEMENT

സ്വാമി അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ. ദീപ വർമ, അരുൺ വർമ, സുധിൻ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഏറെ നേരം സെറ്റിൽ ചെലവഴിച്ച ഇവർ ടൈറ്റില്‍ കഥാപാത്രം ചെയ്യുന്ന ദേവനന്ദ എന്ന കുട്ടിക്കൊപ്പവും നായകവേഷം ചെയ്യുന്ന ഉണ്ണി മുകുന്ദനൊപ്പവുമുള്ള വിശേഷങ്ങൾ പങ്കിട്ടു. 

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. സിനിമയുടെ ടൈറ്റിലിന്റെ പ്രത്യേകതയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സവിശേഷതയും അറിഞ്ഞതിനു ശേഷമാണ് സെറ്റ് സന്ദർശിക്കാൻ രാജകുടുംബാംഗങ്ങൾ തീരുമാനമെടുത്തത്. തങ്ങളുടെ എല്ലാ പിന്തുണയും ചിത്രത്തിനുണ്ടാകുമെന്ന് രാജകുടുംബാംഗങ്ങൾ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. 

malikappuram-image-845-440

തമിഴ് താരം സമ്പത്ത് റാം, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥകൃത്ത് അഭിലാഷ് പിള്ള എന്നിവരും സെറ്റിലുണ്ടായിരുന്നു. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിർവഹിക്കുന്നത്.

ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് വലിയ മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രത്തിന്റെ പൂജ എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിച്ചു. എസ്. സുദർശൻ ഫസ്റ്റ് ക്ലാപ്പ് അടിച്ചു.

malikappuram-3-image-845-440

പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ, ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്‌ഷൻ കൊറിയോഗ്രാഫി കനൽ കണ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്‌ബ, അസോഷ്യേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി., പിആർഒ മഞ്ജു ഗോപിനാഥ്. ശബരിമലയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ADVERTISEMENT