തിയറ്ററുകളിൽ വൻ വിജയത്തിന്റെ ‘രോമാഞ്ചം’ സൃഷ്ടിച്ച ‘രോമാഞ്ചം’ ജിത്തു മാധവൻ എന്ന നവാഗത സംവിധായകന് നൽകിയത് ‘രോമാഞ്ചദായകമായ’ ഒരു മികച്ച തുടക്കം മാത്രമല്ല, ജീവിത പങ്കാളിയെയുമാണ്.
‘രോമാഞ്ച’ത്തിന്റെ സഹസംവിധായക ഷിഫിന ബബിൻ പക്കറും ജിത്തു മാധവനും കഴിഞ്ഞ ദിവസം വിവാഹിതരായി. ലളിതമായ ചടങ്ങിൽ, സംവിധായകൻ അൻവർ റഷീദ് ഉൾപ്പെടെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
‘‘വിവാഹം തീർത്തും ലളിതമായിരിക്കണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. വിവാഹത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ കാലത്ത് ഈ താൽപര്യം പരസ്പരം പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി.
ജിത്തു സംവിധാനം ചെയ്യുന്ന ‘ആവേശ’ ത്തിന്റെ ലൊക്കേഷൻ ബാംഗ്ലൂരാണ്. സഹസംവിധായികയായി ഞാനുമുണ്ട്. രാത്രിയിലാണ് ഷൂട്ട്. ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം അവിടുത്തെ ഒരു ഓപ്പൺ റെസ്റ്റൊറന്റിൽ പോയി, മോതിരം മാറി. വിവാഹം കഴിഞ്ഞു. സിമ്പിൾ!
വിവാഹം വലിയ ആർഭാടമാക്കി, പിന്നീട് അതിന്റെ ട്രോമയിൽ പെട്ടു പോയ സുഹൃത്തുക്കളെ ഞങ്ങൾക്കറിയാം. അത്തരമൊരു സാഹചര്യം ക്ഷണിച്ച് വരുത്താൻ തീരെ താൽപര്യമില്ല. അതും ഒരു കാരണമാണ്.

ഈ ആശയം വീട്ടുകാരോട് പറയുമ്പോൾ എന്താകും പ്രതികരണം എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, രണ്ടാളുടെയും ഫാമിലി ഫുൾ സപ്പോർട്ട് തന്നു. അതിനാൽ, വീട്ടുകാരുടെ സമ്മതത്തോടെ, അവരുടെ അസാന്നിധ്യത്തിലായിരുന്നു കല്യാണം. ഉച്ചയ്ക്ക് കല്യാണം കഴിഞ്ഞ്, രാത്രി ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയി. ഇനി ഏകദേശം സെപ്റ്റംബർ വരെ ഇവിടെയാണ്. രണ്ടാം ഷെഡ്യൂളാണ് ഇപ്പോൾ പുരോഗമിക്കുന്നത്’’.– ഷിഫിന ‘വനിത ഓൺലൈനോട്’ പറയുന്നു.
‘‘ജിത്തു സഹസംവിധായകനായി പ്രവർത്തിച്ച ‘അമ്പിളി’യിൽ ഞാൻ ശബ്ദം നൽകിയിരുന്നു. ആ സമയത്ത് റേഡിയോ ജോക്കിയായി പ്രവർത്തിച്ചിരുന്ന എന്നെ സിനിമയുടെ ആവശ്യത്തിനായി ബന്ധപ്പെട്ടിരുന്നത് ജിത്തുവാണ്.
സത്യത്തിൽ ആദ്യമൊക്കെ എനിക്ക് ജിത്തുവിനെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. അധികം മിണ്ടാത്ത ഒരു ജാഡക്കാരൻ എന്നാണ് തോന്നിയത്. അടുത്ത് പരിചയപ്പെട്ടപ്പോൾ അത് പുള്ളിയുടെ ക്യാരക്ടറാണെന്ന് മനസ്സിലായി. ധാരാളം സിനിമ കാണുന്നയാളാണ് ജിത്തു. പിന്നീട് സിനിമകളെക്കുറിച്ചൊക്കെ പരസ്പരം സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ റിലേഷനിലായ ശേഷമാണ് ‘രോമാഞ്ചം’ ചെയ്തത്. ഷൂട്ടിന്റെ തിരക്കിനും ടെൻഷനുമിടയിൽ, ലൊക്കേഷനിൽ പ്രണയത്തിന് യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല.
കാര്യം അറിഞ്ഞപ്പോൾ ജിത്തുവിന്റെ വീട്ടില്‍ സമ്മതം. എന്റെ വീട്ടിൽ എങ്ങനെ ഉൾക്കൊള്ളും എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ, അവരും വളരെ സന്തോഷത്തോടെയാണ് അംഗീകരിച്ചത്.

ജിത്തു വളരെ കൂളാണ്. മനസ്സില്‍ ടെൻഷനുണ്ടെങ്കിലും മുഖത്ത് കാണില്ല. ‘നിനക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ പറയണം കേട്ടോ, അല്ലാതെ എനിക്ക് മനസ്സിലാകില്ല’ എന്ന് തമാശ പറയാറുണ്ട്’’. – ഷിഫിന പറയുന്നു.
വിവാഹത്തിന്റെ ചിത്രങ്ങൾ ഷിഫിന സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനു താഴെ അർജുൻ അശോകൻ, ബിനു പപ്പു, നസ്രിയ നസിം, സൗബിൻ ഷാഹിർ, സിജു സണ്ണി ഉൾപ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തുന്നത്. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രമാണ് ‘ആവേശം’.