നടി അനുശ്രീ അതിഥിയായ ഒരു ഉദ്ഘാടന ചടങ്ങിലെ മനോഹര നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ആലപ്പുഴയിൽ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അനുശ്രീ. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. നറുക്കെടുപ്പിൽ വിജയിയെ തിരഞ്ഞെടുത്തത് അനുശ്രീ ആണ്. 10,000 രൂപ സമ്മാനം കിട്ടിയ കൂപ്പൺ നമ്പർ മൈക്കിലൂടെ പ്രഖ്യാപിച്ചപ്പോൾ തന്റെ നമ്പറിനാണ് സമ്മാനം എന്ന് കരുതി ഒരു വയോധികൻ വേദിയിലേക്കെത്തി. എന്നാൽ തനിക്കല്ല മറ്റൊരു നമ്പറിനാണ് സമ്മാനം എന്ന് അവതാരക പറഞ്ഞതോടെ അദ്ദേഹം നിരാശയോടെ വേദി വിട്ടു. നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ആ വയോധികനെ തിരിച്ചു വിളിക്കണമെന്ന് അനുശ്രീ ആവശ്യപ്പെടുകയായിരുന്നു. ‘ചേട്ടാ പതിനായിരം രൂപ തരാമോ ഞാൻ ജിപേ ചെയ്യാം,ആ അങ്കിളിനു കൊടുക്കാൻ ആണ്’ എന്ന് അനുശ്രീ പറയുമ്പോൾ അത് ഞാൻ കൊടുത്തു എന്നു കടയുടമ. ‘അല്ല എനിക്കും കൊടുക്കണം, ആ അങ്കിളിനു പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല’ എന്ന് അനുശ്രീ പറഞ്ഞപ്പോൾ ‘വരൂ ഞാൻ തന്നേക്കാം’ എന്ന് കടയുടമ പറയുന്നു. പിന്നീട് സ്ഥാപനം ഉടമ വയോധികനു പതിനായിരം രൂപ സമ്മാനം നൽകിയപ്പോൾ തന്റേതായ ഒരു സമ്മാനത്തുക അനുശ്രീയും നൽകി.
വിഡിയോ വൈറൽ ആയതോടെ അനുശ്രീയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് എത്തുന്നത്.