സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം റിസപ്‌ഷൻ’ എന്ന പരിപാടിയിൽ സംവിധായകൻ തരുൺ മൂർത്തിക്ക് ക്ഷണം. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് തരുൺ മൂർത്തിക്ക് നേരിട്ട് ക്ഷണക്കത്ത് അയച്ചത്. ഈ സന്തോഷം തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് - ഹോം റിസപ്ഷനിലേക്ക് ബഹുമാനപ്പെട്ട പ്രസിഡന്‍റ് ശ്രീമതി ദ്രൗപതി മുർമു എന്നെ ക്ഷണിച്ചത് ഒരു ബഹുമതിയായി കരുതുന്നു’.– ക്ഷണക്കത്തിന്റെ ചിത്രത്തിനൊപ്പം തരുൺ മൂർത്തി കുറിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് പതിനഞ്ചാം തീയതി രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് തരുൺ മൂർത്തിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.