മലയാളം സീരിയൽ രംഗത്തെ‘നിത്യഹരിത നായക’നാണ് ശരത് ദാസ്. സാഹിത്യത്തിന്റെയും കലയുടെയും ലോകത്ത് മഹത്തായ സംഭാവനകൾ നൽകിയ കുടുംബവേരുകളാണ് ശരത്തിന്റെയും കരുത്ത്. വെൺമണി കവികളുടെ പിന്മുറക്കാരൻ, ഗായകൻ കലാമണ്ഡലം വെൺമണി ഹരിദാസിന്റെ മകൻ...വിലാസങ്ങളൊരുപാടുണ്ട്, മനോഹരമായ ചിരിയോടെ കഴിഞ്ഞ പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി തുടരുന്ന ശരത്തിന്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. പത്രം, ദേവദൂതൻ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ... സീരിയൽ രംഗത്തു തിരക്കേറിയപ്പോഴാണ് ബിഗ് സ്ക്രീനിൽ ഇടവേളകൾ വന്നത്. പക്ഷേ, നടനെന്ന നിലയിൽ തന്റെ പ്രതിഭയെ അടയാളപ്പെടുത്താനുള്ള അവസരങ്ങളെ അദ്ദേഹം ബിഗ് സ്ക്രീൻ എന്നോ മിനി സ്ക്രീൻ എന്നോ വേർതിരിച്ചു കാണുന്നില്ല. പ്രായം 47 ആയെങ്കിലും കാഴ്ചയില്‍ അത്രയും തോന്നില്ലല്ലോ, എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം ? എന്നു ചോദിച്ചാൽ ശരത് ദാസ് പറയും – ‘‘പ്രായം ഇത്രയുമായി എന്നു പറയുമ്പോൾ പലരും വിശ്വസിക്കുന്നില്ല. ‘ഏയ്, ചുമ്മാ തമാശ പറയാതെ’ എന്നാണ് മിക്കവരുടെയും ഭാവം’’.
ഈ ഓണക്കാലത്തും ശരത് ബിസ്സിയാണ്: സീരിയലിന്റെയും ടെലിവിഷൻ പരിപാടികളുടെയും തിരക്കുകൾ, ഒപ്പം കുടുംബത്തിനൊപ്പമുള്ള സമയം... അതിനിടെ ഓർമയിലെ മറക്കാനാകാത്ത ഓണക്കാലങ്ങളെക്കുറിച്ചു അദ്ദേഹം സംസാരിച്ചു, ‘വനിത ഓൺലൈനു’ വേണ്ടി.
‘‘ഓണം എന്നു കേൾക്കുമ്പോൾ സന്തോഷത്തിന്റെ ഒരു തിരമാലയാണ് മനസ്സിലേക്കു കയറി വരുക. ഒപ്പം വളരെ വിഷമിപ്പിക്കുന്ന കാര്യങ്ങളും ഓണക്കാലത്ത് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ‘ദർപ്പണ’ എന്ന ഡാൻസ് ട്രൂപ്പിലാണ് എന്റെ അച്ഛൻ കലാമണ്ഡലം വെൺമണി ഹരിദാസ് സംഗീത അധ്യാപകനായി പ്രവർത്തിച്ചിരുന്നത്. 1970 മുതൽ 77 വരെ എന്നാണ് ഓർമ. 78 ലാണ് എന്റെ ജനനം. പിന്നാലെ അച്ഛനും അമ്മയും ഗുജറാത്തിൽ നിന്നു തിരുവനന്തപുരത്തേക്കു വന്നു. ‘മാർഗി’ എന്ന കഥകളി സ്ഥാപനത്തിലെ പ്രധാന അധ്യാപകനായായിരുന്നു ആ മാറ്റം. അച്ഛന്റെ നാട് ആലുവയിൽ തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്. വെൺമണി മന എന്നാണ് ഇല്ലത്തിന്റെ പേര്. അമ്മയുടേത് ഇടത്തറ മൂത്തേടത്തു മന, മലപ്പുറത്താണ്. കുട്ടിക്കാലത്ത് ഈ രണ്ടു സ്ഥലങ്ങളിലും ഓണം ആഘോഷിച്ചതിന്റെ മനോഹരമായ ഓർമകളാണ് എനിക്കൊപ്പമുള്ളത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഒപ്പം വളരെ രസകരമായ ഓണക്കാലങ്ങളായിരുന്നു അവ.

കുളത്തില്‍ കളിച്ചു തിമിർത്തു കുളിക്കാനും പറമ്പിലൊക്കെ നടന്നു പൂക്കൾ പറിച്ച് പൂക്കൂടയിൽ തന്നെ ശേഖരിച്ച് പൂക്കളമൊരുക്കാനും ഓണത്തപ്പനെ ഉണ്ടാക്കാനുമൊക്കെ, ഇന്നത്തെ കുട്ടികൾക്ക് ലഭിക്കാത്ത കുറേ ഭാഗ്യങ്ങൾ ഞങ്ങളുടെ തലമുറയ്ക്കുണ്ടായിരുന്നു. ഒപ്പം ധാരാളം കുസൃതികളുമുണ്ടാക്കും. ചിലപ്പോൾ തല്ലും കിട്ടും. എല്ലാം എത്ര മനോഹരമായ ഓർമകൾ.
തിരുവനന്തപുരത്തും മനോഹരമായ ഓണക്കാലങ്ങളുണ്ട്. 78 മുതൽ ഇപ്പോഴും ഞാൻ തിരുവനന്തപുരത്താണ് താമസം. അതിൽ തന്നെ കുറേ വർഷങ്ങൾ വാടകവീടുകളിലായിരുന്നു. പിന്നീട് സ്വന്തമായി വീടു വച്ചു. സിനിമകളുടെയും സീരിയലുകളുടെയും ലൊക്കേഷനുകളിലും ധാരാളം ഓണം ആഘോഷിച്ചിട്ടുണ്ട്.
ഏറെ വിഷമിപ്പിക്കുന്ന ഒരു ഓണക്കാല ഓർമ 2005 സെപ്തംബർ 17 – ന്റേതാണ്. അതൊരു നാലാം ഓണം നാളായിരുന്നു. അന്നാണ് എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയത്. ആശുപത്രിയിൽ രണ്ടാഴ്ചയോളം കിടന്നിരുന്നു. ആ ഓണം ആശുപത്രിയിലായിരുന്നു. അച്ഛൻ തിരികെ വരും എന്ന പ്രതീക്ഷയായിരുന്നു ഞങ്ങളെ നയിച്ചിരുന്നത്. പക്ഷേ... ഇപ്പോഴും അതോർക്കുമ്പോൾ മനസ്സ് നീറും.
എന്റെ മൂത്ത മകൾ വേദയുടെ നക്ഷത്രം തിരുവോണം ആണ്. ഒരു ഓണക്കാലത്ത് എനിക്ക് അച്ഛനെ നഷ്ടപ്പെട്ടപ്പോൾ തിരുവോണം നക്ഷത്രത്തിൽ എനിക്ക് ഒരു മോളെ കിട്ടി. അതുകൊണ്ട് സങ്കടവും സന്തോഷവും കലർന്ന ഓണം ഓർമകളാണ് എനിക്കുള്ളത്. എന്തായാലും എന്നും ഓണക്കാലം സന്തോഷത്തിന്റേതാണ്. എക്കാലവും അതങ്ങനെയാകട്ടേ എന്നാണ് പ്രാർത്ഥന’’. – ശരത് ദാസ് പറഞ്ഞു.

ആ നിമിഷം!
ടെലിവിഷനിൽ അച്ഛന്റെ പരിപാടി കണ്ടാണ് ‘സ്വം’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഷാജി എൻ. കരുൺ സാർ ക്ഷണിക്കുന്നത്. അച്ഛന്റെ ഫോട്ടോ എടുക്കാനായി ഒരു ഫൊട്ടോഗ്രഫറെ അദ്ദേഹം വീട്ടിലേക്ക് അയച്ചു. അച്ഛനൊപ്പം എന്റെ ഫോട്ടോയും എടുത്തു.
എന്റെ ഫോട്ടോ കണ്ടപ്പോൾ ഷാജി സാറിനു ഇഷ്ടമായി. അങ്ങനെ ഞാനും ആ സിനിമയുടെ ഭാഗമായി. അതാണ് തുടക്കം.
‘സ്വം’ സിനിമയിൽ രാമയ്യരായി അച്ഛനും മകൻ കണ്ണനായി ഞാനും അഭിനയിച്ചു. ആദ്യ സിനിമയിൽ ഞാൻ അച്ഛന്റെ മരണാനന്തര കർമങ്ങൾ ചെയ്യുന്ന ഒരു രംഗമുണ്ട്. വർഷങ്ങൾക്കു ശേഷം അച്ഛൻ മരിച്ച്, ഞാൻ കർമങ്ങൾ ചെയ്യാനിരുന്നപ്പോൾ ആ രംഗം മനസ്സിലെത്തി, ഒരു വിതുമ്പലായി...
കുടുംബം
2006-ൽ ആയിരുന്നു വിവാഹം. ഭാര്യ മഞ്ജു ഓഡിയോളജിസ്റ്റാണ്. മക്കള്‍ വേദയും ധ്യാനയും.