മനോഹരമായ ചിരിയുടെ മറുപേരാണ് മലയാളികൾക്ക് സ്വാസിക വിജയ്. സന്തോഷം പ്രസരിപ്പിക്കുന്ന സാന്നിധ്യം... ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നൃത്ത വേദികളിലുമൊക്കെയായി സ്വാസിക പ്രേക്ഷകർക്കൊപ്പം യാത്ര തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെങ്കിലും, ഇതിനോടകം അഭിനേത്രിയെന്ന നിലയിൽ സ്വന്തം വിലാസമടയാളപ്പെടുത്താൻ ഈ മൂവാറ്റുപുഴക്കാരി പെൺകുട്ടിയ്ക്കായി. അതിന്റെ തെളിവാണ് ‘വാസന്തി’യിലെ പ്രകടനത്തിന് സ്വാസികയെ തേടിയെത്തിയ സംസ്ഥാന പുരസ്കാരം.
‘പൊറിഞ്ചു മറിയം ജോസ്’, ‘പത്താം വളവ്’, ‘സിബിഐ ഫൈവ്’, ‘ചതുരം’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച സ്വാസിക ഇപ്പോൾ മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും തന്റെ ഇടമുറപ്പിച്ചിട്ടുണ്ട്. തമിഴിൽ ‘ലബ്ബർ പന്ത്’ എന്ന സർപ്രൈസ് ഹിറ്റിൽ സ്വാസികയുടെ വേഷം മികച്ച അഭിപ്രായങ്ങൾ നേടി. തുടർന്നു ‘മാമൻ’, ‘റെട്രോ’... എല്ലാം മികച്ച വേഷങ്ങൾ. അടുത്തിടെ തെലുങ്കിൽ റിലീസ് ചെയ്ത ‘തമ്മുഡു’ എന്ന ചിത്രത്തിൽ സ്വാസിക ചെയ്ത വേഷവും ചർച്ചയായി. വേറിട്ട ഗെറ്റപ്പിൽ, ആക്ഷൻ സീനുകളിൽ തിളങ്ങുന്ന സ്വാസികയുടെ രംഗങ്ങൾക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
അതുകൊണ്ടൊക്കെത്തന്നെ ഈ ഓണക്കാലം സ്വാസികയെ സംബന്ധിച്ച് ഏറെ സന്തോഷങ്ങൾ നിറഞ്ഞതാണ്. ഒപ്പം ജീവിതപ്പാതി പ്രേം ജേക്കബിനൊപ്പമുള്ള മറ്റൊരു മനോഹരമായ ഓണാഘോഷത്തിന്റേതു കൂടിയാണത്.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രേം സുപരിചിതനാണ്. ‘മനം പോലെ മംഗല്യം’ എന്ന പരമ്പരയിൽ ഒന്നിച്ചഭിനയിച്ച പരിചയവും സൗഹൃദവും പ്രണയമായി വളർന്നപ്പോൾ, സ്വാസികയുടെയും പ്രേമിന്റെയും ജീവിതവും ‘മനം പോലെ മംഗല്യ’ത്തിലേക്കു നീങ്ങി. 2024 ജനുവരി 24 നായിരുന്നു വിവാഹം.
‘‘ഞങ്ങൾ സഹപ്രവർത്തകർ മാത്രമായിരുന്ന കാലത്ത് സീരിയലിന്റെ ലൊക്കേഷനിൽ ആഘോഷിച്ച ഓണം രസകരമായിരുന്നു. ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ഞങ്ങൾ സീരിയലിന്റെ ഫുൾ ടീം ഒരു റിസോർട്ടിലാണ് ആഘോഷിച്ചത്. വടം വലിയും ഉറിയടിയും ഉൾപ്പടെ ഗംഭീര പരിപാടികളായിരുന്നു. ഞാനും പ്രേമും രണ്ടു ടീമിലായിരുന്നു. മത്സരത്തിനിടെ തർക്കങ്ങളും കളിയാക്കലുകളുമൊക്കെയുണ്ടാകും. ആ ദിവസം വൈകുന്നേരം അതൊരു ചെറിയ പിണക്കമായി. പിന്നീട് പരസ്പരം മിണ്ടിയില്ല. പിറ്റേദിവസം സദ്യകഴിക്കാനിരുന്നപ്പോഴും രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും മൈൻഡ് ചെയ്തില്ല. വൈകുന്നേരം ഒരു സ്പെഷ്യൽ ഡിഷ് ആ റിസോർട്ടിന്റെ ഓണർ ഞങ്ങൾക്കായി കൊണ്ടു വന്നിരുന്നു. അതിനു നല്ല ടേസ്റ്റ്. എനിക്ക് കുറച്ചു കൂടി കഴിക്കണം എന്നൊരു ആഗ്രഹം. മിക്കവരും അപ്പോഴേക്കും കഴിച്ചു തീർന്നിരുന്നു. ബാക്കിയുള്ളതിൽ ചോദിക്കാൻ സ്വാതന്ത്ര്യവും അടുപ്പവുമുള്ള ഒരാൾ പ്രേം ആണ്. വേറെ വഴിയില്ല. ഒടുവിൽ അതു കഴിക്കാനുളള കൊതികൊണ്ടു ഞാൻ ചെന്നു ചോദിച്ചു. ‘മൊത്തം കഴിക്കല്ലേ. എനിക്ക് കുറച്ചു കൂടി വേണം’ എന്നു പറഞ്ഞു. പുള്ളി കളിയാക്കിയിട്ടു അതു തന്നു. അങ്ങനെയാണ് വീണ്ടും മിണ്ടിത്തുടങ്ങിയത്’’.–
‘വനിത ഓൺലൈനോട്’ സംസാരിക്കവേ, പ്രേമിനൊപ്പമുള്ള ആദ്യ ഓണാഘോഷത്തിന്റെ മനോഹരമായ ഓർമയിലേക്ക് സ്വാസിക തിരികെപ്പോയി. ആ ഓണക്കാലത്തിനു ശേഷമാണ് ഇരുവർക്കുമിടയിൽ സൗഹൃദത്തിന്റെയും തുടർന്ന് പ്രണയത്തിന്റെയും പൂക്കാലം നിറഞ്ഞത്.

‘‘കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണം കഴിഞ്ഞ വർഷത്തേതായിരുന്നു. അതു മൂവാറ്റുപുഴയിലെ എന്റെ വീട്ടില്‍ ആഘോഷിച്ചു. എന്റെ ഫാമിലിയും പ്രേമിന്റെ ഫാമിലിയും ഒത്തുകൂടി. കല്യാണത്തിനു ഷൂട്ടിന്റെ തിരക്കുകാരണം ഒന്നിച്ചു പോയി ഡ്രസ്സ് എടുക്കാനൊന്നും സാധിച്ചിരുന്നില്ല. ആ സങ്കടം തീർത്തതും ഓണത്തിനാണ്. രണ്ടു ദിവസം അടിച്ചു പൊളിച്ചു’’.
എന്നാൽ ഇക്കുറി ഓണത്തിനു രണ്ടാളും കേരളത്തിലുണ്ടാകില്ല.
‘‘ഈ വർഷം ഓണം അമേരിക്കയിലാണ്. ഒരു മാസം നീളുന്ന ഡാൻസ് പ്രൊഗ്രാമിന്റെ ഭാഗമായാണ് യാത്ര. കുറച്ചധികം സ്ഥലങ്ങൾ കാണാനാകുമെന്നാണ് പ്രതീക്ഷ. മലയാളികൾ അവിടെ ധാരാളമുള്ളതിനാൽ ഓണം മിസ്സ് ചെയ്യില്ല എന്നു കരുതുന്നു’’. – സ്വാസിക പറയുന്നു.
സൂര്യയുടെ കറുപ്പ്, ദുൽഖറിന്റെ തെലുങ്ക് ചിത്രം എന്നിവയാണ് സ്വാസികയുടെതായി വരാനുള്ള വലിയ സിനിമകൾ. ആർ ജെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ ൽ പ്രധാന റോളുകളിലൊന്നാണ് സ്വാസികയ്ക്ക്. ദുൽഖർ ചിത്രത്തിലും മുഖ്യ കഥാപാത്രങ്ങളിലൊന്നാണ്.പ്രേം ഇപ്പോൾ തമിഴിൽ ഒരു സീരിയൽ ചെയ്യുന്നുണ്ട്.
ഒന്നിച്ചഭിനയിച്ചതോടെ തുടങ്ങിയ സൗഹൃദവും തുടർന്നുള്ള പ്രണയവുമാണ് സ്വാസികയെയും പ്രേമിനെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്. ആ പ്രണയകഥ മുൻപ് സ്വാസിക ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ –
‘‘മനംപോലെ മംഗല്യം’ സീരിയലിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് സൗഹൃദത്തിന്റെ തുടക്കം. ഷൂട്ട് തീർന്നിട്ടും അതു തുടർന്നു. പതിയെപ്പതിയെ പ്രണയമായി. പാവമാണ് പ്രേം. വളരെ ജനുവിനാണ്. എന്റെ ജോലിയെ ബഹുമാനിക്കുന്ന ഒരാളെ പങ്കാളിയായി കിട്ടണം എന്നതായിരുന്നു ആഗ്രഹം. പ്രേം അതാണ്. എന്നെപ്പോലെ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ഈ മേഖലയിലെത്തി, നല്ല അവസരങ്ങൾ തേടുന്നയാളാണ്. അതുകൊണ്ടു തന്നെ ഈ ജോലിയുടെ ബുദ്ധിമുട്ടും അതു ലഭിക്കുമ്പോഴുള്ള സന്തോഷവും നന്നായി മനസ്സിലാകും. പ്രേം ഇപ്പോൾ തമിഴിലും തെലുങ്കിലും സീരിയൽസ് ചെയ്യുന്നു. മോഡലാണ്. ഒപ്പം സിനിമയിലും ശ്രമിക്കുന്നു’’.
ഇൻഫോപാർക്കിലെ ജോലി ഉപേക്ഷിച്ച് അഭിനയരംഗത്തേക്കെത്തിയ പ്രേം തിരുവനന്തപുരം സ്വദേശിയാണ്. മാധ്യമപ്രവർത്തകനായ ജേക്കബ് ജോർജിന്റെയും ജാനിസിന്റെയും ഇളയമകന്‍. സഹോദരൻ ശ്യാം ജേക്കബ്. വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ് സ്വാസിക. പൂജ വിജയ് എന്നാണ് യഥാർഥ പേര്.