ആ ഓർമകൾ എനിക്ക് സാന്ത്വനം... അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ: 40ാം ജന്മദിനത്തിൽ കണ്ണീർ കുറിപ്പുമായി കാവ്യ Kavya Madhavan shared heartfelt words about her father

പിറന്നാൾ സുദിനത്തിലെ സന്തോഷ നിമിഷങ്ങൾക്കിടയിലും അച്ഛനെക്കുറിച്ചുള്ള ഓർമകളുമായി നടി കാവ്യ മാധവൻ. നാൽപതാം പിറന്നാൾ ദിനത്തിലാണ് ഹൃദയഹാരിയായൊരു കുറിപ്പിനൊപ്പം അച്ഛന്റെ ഓർമകളെ കാവ്യ ചേർത്തുപിടിച്ചത്. അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാളിതെന്ന് കാവ്യ പറയുന്നു. മനസ്സിൽ മായാത്ത ഓർമകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ പിറന്നാൾ ദിനത്തിൽ തനിക്ക് സാന്ത്വനമയി ഒപ്പമുള്ളതെന്നും കാവ്യ കുറിച്ചു. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങളും കാവ്യ പങ്കുവച്ചു.
‘‘ഓരോ പിറന്നാളും, ഓരോ ഓർമദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസ്സിൽ മായാത്ത ഓർമകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്.’’–കാവ്യയുടെ വാക്കുകൾ.
അഭിനയ വഴികളിൽ കാവ്യയുടെ വഴികാട്ടിയും പ്രചോദനവുമായിരുന്നു അച്ഛൻ പി. മാധവൻ. സിനിമയിലേക്കുള്ള പ്രവേശനകാലം മുതല്‍ തന്നെ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്ന ആളാണ് പിതാവ് പി. മാധവന്‍. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം നിറസാന്നിദ്ധ്യമായെത്തി അദ്ദേഹം. ഈ വർഷം ജൂൺ മാസത്തിലായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവന്റെ അന്ത്യം.
പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹം നൽകിയ പിന്തുണയെക്കുറിച്ചും മനസു തുറന്ന് സംസാരിച്ചിട്ടുണ്ട്. ബാലതാരമയെത്തി ഒടുവിൽ മലയാളത്തിലെ തന്നെ ശ്രദ്ധേയയായ നടിയായി മാറുന്നതിൽ അച്ഛനെന്ന നിലയിൽ മാധവൻ നൽകിയ പിന്തുണ വലുതാണ്.
കാസർഗോഡ് നീലേശ്വരത്ത് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയായിരുന്നു പി മാധവൻ. സുപ്രിയ ടെക്‌സ്‌റ്റൈൽസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം ബിസിനസ്സ് തിരക്കുകൾക്ക് ഇടയിലും മകളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിന്ന അച്ഛനാണ്. മാധവന്റെയും ശ്യാമളയുടെയും മകൾ കാവ്യ കലോത്സവ വേദികളിൽ മിന്നും താരമായിരുന്നു.

വിവാദങ്ങളുംതിരിച്ചടികളും മാനസികമായി തളർത്തിയ വേളകളിൽ കാവ്യക്ക് കരുത്തുപകർന്നുകൊണ്ട് അച്ഛൻ മാധവൻ ഒപ്പം നിന്നു. മകളുടെ പഠനസൗകര്യത്തിനു വേണ്ടി കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി സ്വന്തം നാടും ബിസിനസ്സും മറന്നു അച്ഛനും ചെന്നൈയിലേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്ന് പലവട്ടം കാവ്യ പറഞ്ഞിട്ടുണ്ട്.